ബോര്‍ഡുവച്ച് സ്വകാര്യ ബസുകളുടെ കല്ല്യാണ ട്രിപ്പ് പതിവാകുന്നു
രാജപുരം: ഞായറാഴ്ചകളില്‍ റൂട്ട് ബോര്‍ഡ്വച്ച് സ്വകാര്യ ബസുകള്‍ കല്ല്യാണ ട്രിപ്പ് നടത്തുന്നത് പതിവായതോടെ യാത്രക്കാര്‍ പെരുവഴിയിലാവുന്നതായി പരാതി. നിയമവിരുദ്ധമായി സ്വകാര്യബസുകള്‍ സര്‍വിസ് മുടക്കി കല്ല്യാണ ട്രിപ്പ് നടത്തുന്നതിനെതിരേ യാത്രക്കാരുടെ വ്യാപക പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
പതിവ് പോലെ റൂട്ട് ബോര്‍ഡ്വച്ച് ബസുകള്‍ ഓടുന്നുണ്ടെങ്കിലും സ്റ്റോപ്പുകളിലൊന്നും നിര്‍ത്താത്തത് യാത്രക്കാരെ വട്ടം കറക്കുന്നു.
കഴിഞ്ഞ ദിവസം രാജപുരം, ചുള്ളിക്കര, ഒടയംചാല്‍ റൂട്ടിലെ ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാരുടെ മണിക്കൂറുകളോളമുള്ള കാത്തു നില്പ്പിനു ശേഷം വന്ന സ്വകാര്യബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ അകലെ നിര്‍ത്തിയിട്ടതിന് ശേഷം ജീവനക്കാര്‍ ബസ് സ്റ്റോപ്പിലെത്തി കല്ല്യാണത്തിന് പോകാന്‍ കാത്തിരുന്നവരെ ബസില്‍ വിളിച്ചു കയറ്റിയിരുന്നു. ഇത് പല സ്റ്റോപ്പുകളിലും യാത്രക്കാരുമായി വാക്കേറ്റത്തിന് കാരണമായി. പാണത്തൂര്‍-കാഞ്ഞങ്ങാട് റൂട്ടിലോടിയ സ്വകാര്യ ബസാണ് സ്റ്റോപ്പില്‍ നിര്‍ത്താതെ ദൂരെ നിര്‍ത്തി കല്ല്യാണത്തിന് പോകേണ്ടവരെ മാത്രം കയറ്റി യാത്ര നടത്തിയത്. ഇത്തരം ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."