ദുരന്തഭൂമിയില്‍ കരുതലും കരുത്തും പകര്‍ന്ന് വില്ലേജ് ഓഫിസര്‍
കൊടുങ്ങല്ലൂര്‍: പ്രളയകാലത്ത് ദുരന്തഭൂമിയില്‍ മികച്ച പ്രവര്‍ത്തനം നടത്തി ശ്രദ്ധേയയായ മേത്തല വില്ലേജ് ഓഫിസര്‍ സി.ജി ശ്യാമളക്ക് ജില്ലാ കലക്ടറുടെ അഭിനന്ദനം. തൃശൂര്‍ ജില്ലയുടെ തെക്കെ അറ്റമായ കൊടുങ്ങല്ലൂര്‍ താലൂക്കിലെ മേത്തല വില്ലേജ് ഓഫിസറായ ശ്യാമളയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണു പ്രളയത്തിനിടെ നടന്നതെന്ന് കലക്ടര്‍ ടി.വി അനുപമ പറഞ്ഞു.
പ്രളയം ശക്തമായ ഓഗസ്റ്റ് 15നു തന്നെ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചതും പരമാവധി ആളുകളെ ക്യാംപിലേക്കു പ്രളയം ശക്തിപ്പെടുന്നതിനുമുന്‍പേ എത്തിക്കാന്‍ സാധിച്ചതും ശ്യാമളയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍മൂലമാണ്. എറണാകുളം ജില്ലയില്‍നിന്നു ദുരിതബാധിതരുടെ കുത്തൊഴുക്കുണ്ടായതോടെ ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ച വില്ലേജുകളില്‍ ഒന്നായി മേത്തല മാറി. 26 ക്യാംപുകളിലായി ഏതാണ്ട് 27,000 പേരാണ് മേത്തലയില്‍ അഭയം തേടിയത്.
ഇളകിവരുന്ന പ്രളയത്തെയും പ്രളയബാധിതരുടെ പരാതിപ്രളയത്തെയും ഒരുപോലെ നേരിടുകയെന്നത് ഔദ്യോഗിക സംവിധാനത്തെ സംബന്ധിച്ചിടത്തോളം ശ്രമകരമായിരുന്നു. ഈ ദിവസങ്ങളില്‍ പരമാവധി പരാതികളില്ലാതെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ മേത്തലയിലായി. രാപകല്‍ ഭേദമില്ലാതെ ക്യാംപുകളില്‍ സജീവമായിരുന്ന വില്ലേജ് ഓഫിസര്‍ ഇടക്ക് സകുടുംബവും ആളുകളെ സഹായിക്കാനെത്തി.
മിക്ക ദിവസങ്ങളിലും പകലുണരും മുന്‍പെ ആരംഭിക്കുന്ന സേവനം രാവ് അവസാനിക്കുമ്പോഴും തീരാത്തത്ര ദുഷ്‌ക്കരമായിരുന്നു. വില്ലേജിലെ തന്റെ സഹപ്രവര്‍ത്തകരായ ജീവനക്കാരുടെ വീടുകളിലും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ അവരുടെ സഹായം ലഭിക്കാതിരുന്നിട്ടുപോലും മികച്ച രീതിയില്‍ ക്യാംപ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സി.ജി ശ്യാമളയ്ക്കായി. ക്യാംപുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കുന്നതുവരെ ക്യാംപുകളില്‍ തന്നെ താമസിച്ച് അവരോടൊപ്പം ഭക്ഷണം കഴിച്ചും ആവശ്യങ്ങള്‍ മേലധികാരികളെ യഥാസമയം അറിയിച്ചും കര്‍മനിരതയായി ഈ ഉദ്യോഗസ്ഥ ജനങ്ങള്‍ക്കൊപ്പം നിന്നു.
ഇതിനിടയില്‍ ആദ്യഘട്ട ധനസഹായം അര്‍ഹര്‍ക്ക് ലഭിക്കുന്നതിന് ലിസ്റ്റ് തയാറാക്കി സമയബന്ധിതമായി സമര്‍പ്പിക്കാനും അവര്‍ക്കു സാധിച്ചു. ഇപ്പോള്‍ ക്യാംപ് അവസാനിച്ചെങ്കിലും അര്‍ഹരായ ആളുകള്‍ക്കു ദുരിതാശ്വാസ തുകയും കിറ്റുകളും കൈമാറിയെന്ന് ഉറപ്പുവരുത്തുന്ന ജോലിയില്‍ ബദ്ധശ്രദ്ധയാണ് ശ്യാമള.
2016ല്‍ ഏറ്റവും നല്ല വില്ലേജ് ഓഫിസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."