കരിപ്പൂരില്‍ നിന്നുള്ള വിമാന ഷെഡ്യൂളായി
ജൂലൈ 7 മുതല്‍ 20 വരെ 35 വിമാന സര്‍വിസുകള്‍
ഓരോ വിമാനത്തിലും 300 തീര്‍ഥാടകര്‍ യാത്രയാകും
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂള്‍ സഊദി എയര്‍ലൈന്‍സ് പുറത്തിറക്കി. ജൂലൈ 7 മുതല്‍ 20 വരെയുള്ള തിയതികളില്‍ 35 സര്‍വിസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്തുക. കരിപ്പൂരില്‍ നിന്ന് നേരിട്ട് മദീനയിലേക്ക് പറക്കുന്ന ഓരോ വിമാനത്തിലും 300 തീര്‍ഥാടകര്‍ യാത്രയാകും.
ആദ്യവിമാനം ജൂലൈ 7ന് രാവിലെ 7.30ന് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് സഊദി സമയം 1.05ന് മദീനയിലെത്തും. രണ്ടാമത്തെ വിമാനം 9.30ന് പുറപ്പെട്ട് 3.05ന് മദീനയിലെത്തും.8,10,11,12,13,16 തിയതികളില്‍ മൂന്ന് വിമാനങ്ങളും അവസാന ദിവസമായ 20ന് നാലു വിമാനങ്ങളും പുറപ്പെടും. 7,9,14,15,17,19 ദിവസങ്ങളില്‍ രണ്ടു വിമാനങ്ങളും 18ന് ഒരു വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മിക്ക വിമാനങ്ങളും രാവിലെ 7.30നും 9.30നുമാണ് പുറപ്പെടുന്നത്. എയര്‍ ഇന്ത്യ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ ജൂലൈ 14 മുതല്‍ 17 വരെ നേരത്തെ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഹജ്ജ് കഴിഞ്ഞുള്ള മടക്ക സര്‍വിസുകള്‍ ജിദ്ദയില്‍ നിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന ആദ്യസംഘം 18ന് പുലര്‍ച്ചെ 2.40ന് കരിപ്പൂരില്‍ മടങ്ങിയെത്തും. ആദ്യദിനത്തില്‍ തന്നെ മൂന്ന് വിമാനങ്ങളിലായി 900 ഹാജിമാരാണ് കരിപ്പൂരില്‍ മടങ്ങിയെത്തുക. സെപ്റ്റംബര്‍ മൂന്നിനാണ് അവസാന വിമാനമെത്തുക.
ഹജ്ജ് ക്യാംപ് ജൂലൈ ആറിന് വൈകുന്നേരം ഏഴ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
അഞ്ച് വര്‍ഷത്തിന് ശേഷമാണ് കരിപ്പൂരില്‍ നിന്ന് നേരിട്ട് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നത്. കരിപ്പൂര്‍ ഹജ്ജ് ക്യംപിലും വിമാനത്താവളത്തിലും തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."