കോഴ വിവാദം; തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ചെന്നൈ: സംഘര്‍ഷഭരിതമായ തമിഴ്‌നാട് രാഷ്ട്രീയം സമാധാനപരമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിനിടയില്‍ കോഴ വിവാദം അണ്ണാ ഡി.എം.കെയേയും സംസ്ഥാന സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിവാദ മണല്‍ഖനന വ്യവസായി ജെ. ശേഖര്‍ റെഡ്ഡി സംസ്ഥാന മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും 400 കോടി രൂപ കോഴ നല്‍കിയെന്ന ആദായനികുതി വകുപ്പിന്റെ വെളിപ്പെടുത്തലാണ് സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ പിടിയിലായ ശേഖര്‍ റെഡ്ഡി മാര്‍ച്ച് 28 വരെ ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്നു. നോട്ട് അസാധുവാക്കിയതിനുശേഷം കള്ളപ്പണം വെളുപ്പിക്കുന്നതിനായുള്ള റെഡ്ഡിയുടെ നീക്കം തിരിച്ചറിഞ്ഞ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 142 കോടി രൂപയാണ് പിടികൂടിയിരുന്നത്. ഇതില്‍ സര്‍ക്കാര്‍ ഇറക്കിയ 2000ത്തിന്റെ 34 കോടി രൂപയുമുണ്ടായിരുന്നു. തുടര്‍ന്ന് ഏതാണ്ട് 87 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തെ മന്ത്രിമാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.
മുന്‍തമിഴ്‌നാട് ചീഫ് സെക്രട്ടറി പി. രാമമോഹന റാവുവിന്റെ മകന്‍ വിക്രം റാവുവുമായി ശേഖര്‍ റെഡ്ഡിക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വോട്ടര്‍മാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ആരോഗ്യ മന്ത്രി വിജയ ഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത പണം ശേഖര്‍ റെഡ്ഡി നല്‍കിയതായിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
മന്ത്രിമാര്‍ കോഴ കൈപ്പറ്റിയ സംഭവം പുറത്തായതോടെ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് ശക്തമായ പ്രക്ഷോഭത്തിലേക്കാണ് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."