പാക് സൈനിക ബങ്കറുകള്‍ തകര്‍ത്തതായി സൈന്യം
ന്യൂഡല്‍ഹി: രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാക് നടപടിക്ക് തിരിച്ചടിയായി അതിര്‍ത്തിയിലെ പാക് ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ട്.
സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ നടപടിക്കെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ ആക്രമണമുണ്ടായതെന്നും നിരവധി പാക് സൈനിക ബങ്കറുകള്‍ തകര്‍ത്തതായും സൈന്യം അവകാശപ്പെട്ടു.
പാക് ബങ്കറുകള്‍ തകര്‍ക്കുന്നതിന്റെ വിഡിയോയും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. കൃഷ്ണഘാട്ടി സെക്ടറിനടുത്ത് മോര്‍ട്ടാര്‍ ഉപയോഗിച്ചാണ് സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 60 സെക്കന്‍ഡുകളാണ് സൈന്യം ആക്രമണത്തിനായി വിനിയോഗിച്ചത്.
സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ സംഭവത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തിയ സൈനിക മേധാവി ബിപിന്‍ റാവത്ത് പാക് സൈന്യത്തിനെതിരേ ശക്തമായി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
കശ്മിരില്‍ 95 യുവാക്കള്‍ ഭീകര
സംഘടനകളില്‍ ചേര്‍ന്നതായി പൊലിസ്
ശ്രീനഗര്‍: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കശ്മിരില്‍ നിന്ന് 95 യുവാക്കള്‍ ഭീകര സംഘടനകളില്‍ ചേര്‍ന്നതായി പൊലിസ്. അതേസമയം കശ്മിര്‍ താഴ്്‌വരയില്‍ 200ലധികം ഭീകരര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ എസ്.ജെ.എം ഗീലാനി ശ്രീനഗറില്‍ വെളിപ്പെടുത്തി.
ഈ ഭീകരരില്‍ 110 പേര്‍ കശ്മിര്‍ സ്വദേശികളാണ്. ശേഷിക്കുന്നവര്‍ വിദേശികളാണ്. ഭീകരരുടെ പ്രവര്‍ത്തനം തടയുന്നതിനുവേണ്ടി സംസ്ഥാനത്ത് സാമൂഹിക മാധ്യമങ്ങളും ഇന്റര്‍നെറ്റും 22 വെബ്‌സൈറ്റുകളും ഒരു മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. ഇത് ഗുണകരമെങ്കില്‍ ഒരു മാസത്തേക്കു കൂടി നിരോധനം ദീര്‍ഘിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."