ഹരോള്‍ഡ് ബ്‌ളൂം വിവാദം വിടപറഞ്ഞ ഒരുവര്‍ഷം
മുഖം നോക്കാതെയുള്ള നിരൂപണ രീതി പൂമാലയ്‌ക്കൊപ്പം കല്ലേറും ഹരോള്‍ഡ് ബ്‌ളൂമിന് സമ്മാനിച്ചു. അതുകൊണ്ടുതന്നെ അമേരിക്കയുടെ കുപ്രസിദ്ധനായ സാഹിത്യനിരൂപകന്‍ എന്ന വിശേഷണവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
1930 ജൂലായ് 11 ന് ന്യൂയോര്‍ക്കില്‍, കിഴക്കന്‍ യൂറോപ്പില്‍നിന്നു കുടിയേറിപ്പാര്‍ത്ത ഒരു ഓര്‍ത്തഡോക്‌സ് ജൂതകുടുംബത്തിലാണ് ഹരോള്‍ഡ് ബ്‌ളൂം ജനിച്ചത്. യിദ്ദിഷും ഹീബ്രുവുമായിരുന്നു വീട്ടിലെ സംസാരഭാഷ. കോര്‍ണെല്‍, യേല്‍ സര്‍വകലാശാലകളില്‍നിന്ന് ഉന്നതബിരുദങ്ങള്‍ നേടിയശേഷം യേല്‍ സര്‍വകലാശാലയില്‍ അദ്ദേഹം അധ്യാപകനായി. പില്‍ക്കാലത്ത് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലും അമേരിക്കയിലെ മറ്റു നിരവധി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ബ്‌ളൂം സാഹിത്യം പഠിപ്പിച്ചു.
നിരൂപണരംഗത്തെ അതികായന്‍
നാല്‍പ്പതോളം പ്രൗഢഗ്രന്ഥങ്ങളുടെ രചയിതാവാണ് ഹരോള്‍ഡ് ബ്‌ളൂം. അദ്ദേഹത്തിന്റെ ആദ്യകാലപുസ്തകങ്ങളില്‍ ഷെല്ലി, ഡബ്ല്യു.ബി യേറ്റ്‌സ് തുടങ്ങിയ കവികളുടെ രചനകളെക്കുറിച്ചുള്ള വരിഷ്ഠമായ പഠനങ്ങള്‍ ഉള്‍പ്പെടുന്നു. കാല്‍പ്പനിക പ്രസ്ഥാനത്തിന്റെ അന്തര്‍ധാരകളെ ഈ കൃതികളില്‍ അദ്ദേഹം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു. 'ഷെല്ലിസ് മിത്ത്‌മേക്കിങ്', ദി വിഷണറി കമ്പനി: എ റീഡിങ് ഓഫ് ഇംഗ്ലീഷ് റൊമാന്റിക് പോയട്രി, ദി റിങ്ങേഴ്‌സ് ഇന്‍ ദി ടവര്‍, യേറ്റ്‌സ്, സ്റ്റഡീസ് ഇന്‍ റൊമാന്റിക് ട്രഡിഷന്‍ എന്നിവ ശ്രദ്ധേയമായ ആദ്യകാല രചനകളാണ്. ദി വെസ്റ്റേണ്‍ കാനന്‍: ദി ബുക്‌സ് ആന്‍ഡ് സ്‌കൂള്‍ ഓഫ് ദി ഏജസ്, ഹൗ റ്റു റീഡ് ആന്‍ഡ് വൈ, ദി ആങ്‌സൈറ്റി ഓഫ് ഇന്‍ഫ്‌ലുവെന്‍സ്, ഷെയ്ക്‌സ്പിയര്‍: ദി ഇന്‍വെന്‍ഷന്‍ ഓഫ് ദി ഹ്യൂമന്‍, മാക്ബത്: എ ഡാഗര്‍ ഓഫ് മൈന്‍ഡ്, പോസ്സെസ്സ്ഡ് ബൈ മെമ്മറി: ദി ഇന്‍വേര്‍ഡ് ലൈറ്റ് ഓഫ് ക്രിട്ടിസിസം, എ മാപ് ഓഫ് മിസ്‌റീഡിങ് എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന പുസ്തകങ്ങള്‍. മിക്ക കൃതികളും നാല്‍പ്പതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പഠനനിരൂപണ ഗ്രന്ഥങ്ങള്‍ക്കുപുറമെ ഫ്‌ലൈറ്റ് റ്റു ലൂസിഫര്‍ എന്ന പേരില്‍ ബ്‌ളൂം ഒരു നോവലുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളെപ്പോലെ ഇതും ബെസ്റ്റ് സെല്ലറായിരുന്നു എന്നതാണ് കൗതുകകരമായ വസ്തുത.
ക്ലാസിക്കല്‍ പാരമ്പര്യം
'വെസ്റ്റേണ്‍ കാനന്‍' എന്ന പേരില്‍ അറിയപ്പെടുന്ന പാശ്ചാത്യ ക്ലാസിക്കല്‍ സാഹിത്യപാരമ്പര്യത്തെ മുറുകെപ്പിടിച്ച നിരൂപകനാണ് ഹരോള്‍ഡ് ബ്‌ളൂം. ആ പാരമ്പര്യമാണ് സാഹിത്യത്തില്‍ നിലനില്‍ക്കേണ്ടതെന്നും അതിനുമാത്രമേ ശാശ്വതമൂല്യമുള്ളൂവെന്നും അദ്ദേഹം വാദിച്ചു. ഫെമിനിസ്റ്റ്, മാര്‍ക്‌സിസ്റ്റ്, സാഹിത്യധാരകളെയും ഡീക്കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ സംജ്ഞകളെയും അദ്ദേഹം വെറുത്തു. ഇവയെല്ലാം സാഹിത്യത്തിന്റെ യഥാര്‍ഥ ധര്‍മ്മത്തിലോ ലക്ഷ്യത്തിലോ വിശ്വസിക്കാത്തവരുടെ പ്രസ്ഥാനങ്ങളാണെന്നും സാമൂഹ്യമാറ്റത്തിനുവേണ്ടി കലയെയും സാഹിത്യത്തെയും വെറുമൊരു ഉപാധിയാക്കുക മാത്രമാണവര്‍ ചെയ്യുന്നതെന്നും പ്രസ്താവിച്ച അദ്ദേഹം ഈ വിഭാഗത്തിലുള്ളവരെ വിദ്വേഷത്തിന്റെ എഴുത്തുകാരെന്നാണ് (ംൃശലേൃ െീള ൃലലെിാേലി)േ വിളിച്ചത്. ഷേക്‌സ്പിയറേയും കാഫ്കയേയും ചോസറേയും വാനോളം പുകഴ്ത്തിയ ബ്‌ളൂം, ദാന്തേയേയും മില്‍ട്ടണേയും ടോള്‍സ്റ്റോയിയേയും വായിക്കേണ്ടത് പുതിയ കാലത്തും അത്യന്താപേക്ഷിതമാണെന്ന് വാദിച്ചു. ദാന്തെയുടെ ഡിവൈന്‍ കോമഡിയെ ഒരു ഉത്തമ കാവ്യഗ്രന്ഥമായാണ് അദ്ദേഹം വിലയിരുത്തിയത്. ഷേക്‌സ്പിയറെ ദൈവതുല്യനായി വിശേഷിപ്പിച്ച അദ്ദേഹം, മാനവികതയെക്കുറിച്ചുള്ള പാശ്ചാത്യസങ്കല്‍പ്പത്തെ ജ്വലിപ്പിച്ചവരാണ് ഷേക്‌സ്പിയറുടെ കഥാപാത്രങ്ങള്‍ എന്ന് പ്രസ്താവിക്കുകയും ചെയ്തു. ഷേക്‌സ്പിയര്‍ ദി ഇന്‍വെന്‍ഷന്‍ ഓഫ് ഹ്യൂമന്‍ എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ബൈബിളും വിവാദവും
1990ല്‍ പ്രസിദ്ധീകരിച്ച ദി ബുക്ക് ഓഫ് ജെ എന്ന പുസ്തകത്തില്‍ ബൈബിളിനെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നു. ആദ്യകാല ബൈബിളിന്റെ രചയിതാവ് ഒരു സ്ത്രീയാണെന്നും മതഗ്രന്ഥമെന്നതിലുപരി അതൊരു സാഹിത്യ രചനയാണെന്നും അതിന്മേല്‍ പിന്നീട് വന്നവര്‍ യഹൂദ പാരമ്പര്യം അടിച്ചേല്‍പ്പിച്ചതാണെന്നും ബ്‌ളൂം പറയുന്നു. അതുവരെയുള്ള ബിബ്ലിക്കല്‍ സങ്കല്‍പ്പങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നാണ് ശ്രദ്ധേയം. നിരവധി വിമര്‍ശനങ്ങളാണ് ഇതിനെത്തുടര്‍ന്ന് ബ്‌ളൂമിന് നേരിടേണ്ടി വന്നത്. അതേസമയം ഈ പുസ്തകം ചൂടപ്പംപോലെ വിറ്റുതീര്‍ന്നു എന്നതും രസകരമായ വസ്തുതയാണ്. ഈയിടെ അന്തരിച്ച നോബല്‍ ജേതാവ് ടോണി മോറിസണിനെ അംഗീകരിക്കുമ്പോഴും അവരുടെ സോങ്‌സ് ഓഫ് സോളമന്‍ എന്ന പുസ്തകത്തെക്കുറിച്ച് അദ്ദേഹം എഴുതിയത് ഇതാണ്. 'ഈ നോവല്‍ വിലയിരുത്തപ്പെടേണ്ടത് പൂര്‍ണമായും അതിന്റെ കലാംശം അടിസ്ഥാനമാക്കിക്കൊണ്ടു മാത്രമായിരിക്കണം. ഇതിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും ആഫ്രിക്കന്‍- അമേരിക്കന്‍ അനുഭവങ്ങളുമൊന്നും ഈ കൃതിയുടെ മേന്മയും വൈശിഷ്ട്യവും അളക്കുന്നതില്‍ മാനദണ്ഡമായിക്കൂടാ.'
ശുദ്ധകലയുടേയും സാഹിത്യത്തിന്റെയും വക്താവായ, സാഹിത്യരചനകളില്‍ മുന്നിട്ടുനില്‍ക്കേണ്ടത് കലാംശം തന്നെയാണെന്ന് വാദിച്ച ഹരോള്‍ഡ് ബ്‌ളൂം സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സാഹിത്യം ഇടപെടുന്നതിനെ അനുകൂലിക്കുവാന്‍ ഒരിക്കലും തയ്യാറായില്ല. സാഹിത്യത്തെ സാഹിത്യബാഹ്യമായ യാതൊന്നുകൊണ്ടും അളക്കുക വയ്യെന്ന അദ്ദേഹത്തിന്റെ വാദഗതികള്‍ പലപ്പോഴും വിയോജിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയപ്പോള്‍, സാഹിത്യത്തെ ഉപാധികളില്ലാതെ സ്‌നേഹിക്കുകയും അതിന്റെ സ്വച്ഛന്ദമായ പ്രവാഹത്തെ സ്വപ്‌നം കാണുകയും ചെയ്യുന്ന അക്ഷരസ്‌നേഹിയായ ഒരെഴുത്തുകാരന്റെ ആശങ്കകള്‍ മാത്രമായി അതിനെ കണക്കാക്കിയാല്‍ മതിയെന്ന് മറ്റൊരു വിഭാഗവും വാദിച്ചു.
വയനാ ഭ്രാന്തന്‍
കര്‍മനിരതനായ എഴുത്തുകാരനും അധ്യാപകനുമായിരുന്നു ഹരോള്‍ഡ് ബ്‌ളൂം. എഴുത്തിനേയും വായനയേയും അദ്ദേഹം ഭ്രാന്തമായി സ്‌നേഹിച്ചു. നാനൂറ് പേജുള്ള പുസ്തകംപോലും ഒറ്റയിരുപ്പിനു വായിച്ചുതീര്‍ക്കുന്ന വായനാരാക്ഷസനാണ് താനെന്ന് ബ്‌ളൂം തന്നെ പറഞ്ഞിട്ടുണ്ട്. നൂറിലധികം പുസ്തങ്ങള്‍ അദ്ദേഹം എഡിറ്റ് ചെയ്തു. ജോണ്‍ ക്രോലിയുടെ ലിറ്റില്‍, ബിഗ് എന്ന നോവല്‍ നാല്‍പ്പത്തിയേഴുതവണ താന്‍ വായിച്ചതായി ബ്‌ളൂം ഒരവസരത്തില്‍ അറിയിച്ചകാര്യം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്രെമി വുഡ് ഒരു ലേഖനത്തില്‍ ഓര്‍മിക്കുന്നുണ്ട്. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പുവരെ അദ്ദേഹം എഴുതുകയും വായിക്കുകയും പഠിപ്പിക്കുകയും ചെയ്തു.
കലയേയും സാഹിത്യത്തേയും സംബന്ധിച്ച പുതിയ ചിന്തകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള തുറന്നിട്ട വാതിലുകളായി ഹരോള്‍ഡ് ബ്‌ളൂമിന്റെ രചനകളെ വിശേഷിപ്പിക്കാം. തന്റെ ആശയങ്ങളെ അനുകൂലിക്കുന്നവരും തിരസ്‌കരിക്കുന്നവരും വായനാലോകത്ത് ഏറെയുണ്ടെന്ന വസ്തുത അദ്ദേഹം ഒരിക്കലും വിസ്മരിച്ചില്ല. അതുകൊണ്ടുതന്നെ മുന്‍വിധികളേതുമില്ലാതെ രചനകളെ സമീപിക്കുവാനാണ് അദ്ദേഹം വായനക്കാരോട് ആവശ്യപ്പെടുന്നത്. സാഹിത്യത്തിനും സമൂഹത്തിനും മാനവികതയ്ക്കും പ്രയോജനകരമായവ അവയില്‍നിന്നും സ്വീകരിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഒരുപക്ഷേ, തുറന്ന, സത്യസന്ധമായ ഈ നിലപാടുതന്നെയായിരിക്കാം മറ്റു നിരൂപകരില്‍നിന്നും ബ്ലൂമിനെ വ്യത്യസ്തനാക്കുന്ന പ്രധാന സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."