പോക്‌സോ കേസ് പ്രതി ക്ലാസെടുത്ത സംഭവം; കോഡിനേറ്ററുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാന്‍ സംഘടിപ്പിച്ച വി.എച്ച്.എസ്.ഇ വെബിനാറില്‍ പോക്‌സോ കേസ് പ്രതി പങ്കെടുത്തതില്‍ കോഡിനേറ്റര്‍ക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഹയര്‍ സെക്കന്‍ഡറി ഡയരക്ടറാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോഡിനേറ്റര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് വി.എച്ച്.എസ്.ഇ സംഘടിപ്പിച്ച വെബിനാറില്‍ പോക്‌സോ കേസുകളില്‍ പ്രതിയായ ഡോക്ടര്‍ ഗിരീഷിനെ പങ്കെടുപ്പിച്ചതില്‍ കരിയര്‍ ഗൈഡന്‍സ് കോഡിനേറ്റര്‍ക്ക് പിഴവ് സംഭവിച്ചുവെന്നാണ് പ്രധാന കണ്ടെത്തല്‍. മതിയായ കൂടിയാലോചനകള്‍ ഇല്ലാതെ പരിപാടി തീരുമാനിച്ചതാണ് പ്രശ്‌നത്തിനു കാരണം.
ഈ അശ്രദ്ധ പരിപാടിക്കും വകുപ്പിനും കളങ്കമുണ്ടാക്കിയതായും അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പിഴവ് വരുത്തിയ കരിയര്‍ ഗൈഡന്‍സ് കോഡിനേറ്ററെ താക്കീത് ചെയ്താല്‍ മതിയെന്നാണ് ഹയര്‍ സെസക്കന്‍ഡറി ഡയരക്ടര്‍ പി.പി പ്രകാശന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനു നല്‍കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഉന്നതതല അനുമതി ലഭിച്ചാലേ ഇത്തരത്തിലെ പരിപാടികള്‍ക്ക് ഇനിമുതല്‍ അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
പോക്‌സോ കേസുകളിലെ പ്രതിയെ വെബിനാറില്‍ പങ്കെടുപ്പിച്ചത് വിവാദമായതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായത്. ഡോ. ഗിരീഷ് പ്രതിയാണെന്ന് അറിയില്ലെന്നു പറഞ്ഞ് വി.എച്ച്.എസ്.ഇ കൈകഴുകിയെങ്കിലും സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് ചുമതല ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ക്ക് കൈമാറുകയായിരുന്നു. രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാളാണ് ഡോ. ഗിരീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."