തൃശൂരില്‍ മൂന്നു കോടിയുടെ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ മൂന്നു കോടിയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശി മിഥിന്‍ ( മാജിക് മിഥിന്‍, 25), കണ്ണൂര്‍ ഓളയാര്‍ സ്വദേശി ചിഞ്ചു മാത്യു (26) എന്നിവരാണ് പിടിയിലായത്.
മുക്കാല്‍ കിലോയോളം ഹാഷിഷ് ഓയില്‍, എം.ഡി.എം.എ, ആംഫിറ്റമിന്‍ എന്നിവയുമായി മിഥിനെയാണ് ആദ്യം തൃശൂര്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ട്രെയിന്‍ മാര്‍ഗം ഹാഷിഷ് ഓയില്‍ വില്‍പനക്കെത്തിക്കുന്ന ചിഞ്ചു മാത്യുവിനെ പിടികൂടിയത്. 8.7ഗ്രാം വീതമുള്ള 226 കുപ്പി ഹാഷിഷ് ഓയില്‍ ഇയാളില്‍നിന്നും കണ്ടെടുത്തു. ഹാഷിഷ് വില്‍പന നടത്തിയിരുന്നത് ടെലഗ്രാം ആപ് വഴിയായിരുന്നു. മാജിക് മിഥിനായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. വാട്‌സ്ആപ്, ഫേസ്ബുക്ക് എന്നിവ പൊലിസും എക്‌സൈസും ശ്രദ്ധിക്കുമെന്നു തിരിച്ചറിഞ്ഞാണ് ടെലഗ്രാമിലേക്ക് മാറിയത്.
അലങ്കാര മത്സ്യ വിപണന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന മിഥിന്‍ ഓര്‍ഡര്‍ അനുസരിച്ചു ആള്‍ക്കാരെ വിളിച്ചുവരുത്തി മയക്കുമരുന്ന് വില്‍പന നടത്തി പെട്ടന്ന് തന്നെ ജോലിയില്‍ തിരികെ എത്തുന്നതായിരുന്നു പതിവ്. അതുകൊണ്ട് തന്നെ ആരും സംശയിച്ചിരുന്നില്ല. അലങ്കാര മത്സ്യം വാങ്ങാനെന്ന വ്യാജേന എക്‌സൈസ് സംഘം മിഥിനുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിന് ശേഷം തന്ത്രപരമായി മയക്കുമരുന്ന് ആവശ്യപ്പെട്ടാണ് കുടുക്കിയത്. മിഥിന്റെ ഫോണില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് കണ്ണൂര്‍ സ്വദേശിയായ ചിഞ്ചു മാത്യു തൃശൂരില്‍ ഹാഷിഷ് ഓയില്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് ബോധ്യമായത്. കൂടാതെ എല്ലാ വെള്ളിയാഴ്ചയും ഇയാള്‍ ട്രെയിന്‍ മാര്‍ഗം എത്തുമെന്നും വിവരം ലഭിച്ചു.
തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം എത്തി മുന്‍കൂട്ടി ഇയാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചവര്‍ക്കു മയക്കുമരുന്ന് നല്‍കി തിരികെ പോകുന്നതായിരുന്നു ഇയാളുടെ രീതി.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എഫ് സുരേഷ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ശിവശങ്കരന്‍, വിപിന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്ണപ്രസാദ്, ടി.ആര്‍ സുനില്‍, മനോജ് കുമാര്‍, ജെയ്‌സണ്‍, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."