മോഷണം ആരോപിച്ച് യുവതിക്ക് പീഡനം: അന്വേഷണത്തിന് ഉത്തരവിട്ടു
ശ്രീനഗര്‍: ജമ്മുകശ്മിരില് യുവതിയെ പൊലിസ് ഉദ്യോഗസ്ഥന് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് പ്രധാനമന്ത്രിയുടെ ഓഫിസ് ചുമതലയുള്ള മന്ത്രി ഡോ. ജിതേന്ദ്ര സിങും ആവശ്യപ്പെട്ടിട്ടുണ്ട്.
വീട്ടുവേലക്കാരിയായ 25കാരിയെയാണ് മോഷണം ആരോപിച്ച് കനാചക്ക് പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ രാകേശ് ശര്‍മ പീഡിപ്പിച്ചത്. യുവതിയെ നഗ്നയാക്കി ശരീരത്തില്‍ മുളകുപൊടി വിതറുകയും ലൈംഗികാവയവങ്ങളില്‍ ബിയര്‍കുപ്പി കയറ്റുകയും ചെയ്തതായി ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭാര്യയെ അറസ്റ്റ് ചെയ്തതറിഞ്ഞ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെയും ഉദ്യോഗസ്ഥന് ക്രൂരമായി ആക്രമിച്ചു. മോഷ്ടിച്ചില്ലെന്ന് ആവര്‍ത്തിച്ച് അറിയിച്ചിട്ടും തെളിവ് ചോദിച്ചാണ് ക്രൂരമായി ആക്രമിച്ചതെന്ന് യുവതി ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. അവശനിലയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജമ്മുകശ്മിര്‍ ആരോഗ്യന്ത്രി ബാലി ഭഗത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."