ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റ് സ്വന്തമാക്കി ജുലന് ഗോസ്വാമി
ന്യൂഡല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ കൊയ്യുന്ന താരമെന്ന ലോക റെക്കോര്‍ഡ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ ജുലന് ഗോസ്വാമിക്ക്. കരിയറില്‍ 181 വിക്കറ്റുകള്‍ നേടിയാണ് ജുലന് അപൂര്‍വ നേട്ടം സ്വന്തം പേരിലാക്കിയത്. ആസ്ത്രേലിയന്‍ താരം കാതറിന് ഫിറ്റ്സ്പാട്രിക്കിന്റെ 180 വിക്കറ്റുകളുടെ നേട്ടമാണ് ഇന്ത്യന്‍ താരം മറികടന്നത്. 153 ഏകദിനങ്ങളില്‍ നിന്ന് 21.76 ശരാശരിയിലാണ് 34 കാരിയായ ജുലന് റെക്കോര്‍ഡ് നേടിയത്. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര വനിതാ ക്രിക്കറ്റ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരേ 7.3 ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറായ ജുലന് 2007ല്‍ ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്മശ്രീ പുരസ്കാരം, അര്‍ജുന അവാര്‍ഡ് എന്നിവയും നേടിയ ജുലന് 2002 മുതല്‍ ഇന്ത്യന്‍ വനിതാ ടീമിലെ സ്ഥിരാംഗമാണ്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിലായി 271 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നിലവില്‍ രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്ക്കുന്ന താരം കൂടിയാണ് ജുലന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."