വിജയരാഘവന്റെ വിവാദ പരാമര്‍ശം; സിപിഎം തെറ്റ് തിരിച്ചറിഞ്ഞെന്ന് രമ്യ ഹരിദാസ്
കൊല്ലം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം തെറ്റായിരുന്നെന്ന് സിപിഎം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രമ്യ ഹരിദാസ്. വനിതാ കമ്മീഷനില്‍ നിന്ന് തനിയ്ക്ക് നീതി ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിനതീതമായി വനിതാ കമ്മിഷന് ചിന്തിക്കണമെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
വിജയരാഘവന്റെ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലന് പറഞ്ഞിരുന്നു. രമ്യ ഹരിദാസിനെതിരേ വിജയരാഘവന് നടത്തിയ പരാമര്‍ശം പി കെ ബിജുവിന്റെ തോല്‍വിയെ ബാധിച്ചുവെന്നായിരുന്നു എ കെ ബാലന് അഭിപ്രായപ്പെട്ടത്. പരാമര്‍ശം ആലത്തൂരിലെ വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലന് പക്ഷേ ഏതെങ്കിലും രൂപത്തില്‍ അപമാനിക്കണമെന്ന് വിജയരാഘവന് ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലന് ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്ന് വ്യക്തമാക്കി.
അതേ സമയം മന്ത്രി എ കെ ബാലന്റെ വാക്കുകളെ നിഷേധിച്ച് എ വിജയരാഘവന് രംഗത്തെത്തി. രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലന് തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല. എന്താണ് എ കെ ബാലന് അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന് പറഞ്ഞു.
ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."