ഞങ്ങള്‍ക്കും പറയാനുണ്ടെന്ന് കെ.എസ്.ഇ.ബി
ചെറുവത്തൂര്‍: വൈദ്യുതി വിതരണം നിലച്ചാല്‍ കെ.എസ്.ഇ.ബി ഓഫിസിലെ ഫോണില്‍ വിളിക്കാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും വിളിച്ചാല്‍ കിട്ടാറില്ലെന്നതാണ് സത്യം. എന്നാല്‍ എന്തുകൊണ്ടാണ് ഫോണില്‍ വിളിച്ചാല്‍ കിട്ടാത്തതെന്നതിന് ഫെയ്‌സ് ബുക്ക് പേജിലൂടെ വിശദീകരണം നല്‍കുകയാണ് കെ.എസ്.ഇ.ബി.ഒരു സെക്ഷനോഫിസിന്റെ പരിധിയില്‍ ചുരുങ്ങിയത് 15000 മുതല്‍ 20000 വരെ ഉപഭോക്താക്കളുണ്ട്. സെക്ഷനോഫിസിന്റെ പരിധിയിലെ ഉപഭോക്താക്കളെ വിവിധ ഫീഡറുകളിലായി വിന്യസിച്ചിരിക്കും. ഇതില്‍ ഏതെങ്കിലും ഒരു ഫീഡറില്‍ വൈദ്യുതി നിലയ്ക്കുമ്പോള്‍ ഏകദേശം 5000 ഉപഭോക്താക്കളെ ബാധിക്കുന്നു. ഇവരില്‍ ഏകദേശം 2000പേര്‍ ഓഫിസിലേക്ക് വിളിക്കുന്നെന്ന് കരുതുക. ആദ്യം വിളിച്ചയാള്‍ക്ക് ഫോണ്‍ കണക്റ്റാകുന്നു. ബാക്കി എല്ലാവര്‍ക്കും ആള്‍ സംഭാഷണത്തിലാണ് എന്ന മറുപടി ലഭിക്കുന്നു. വിളിക്കുന്ന ഒരാള്‍ ഒരു മിനുട്ട് സംസാരിച്ചാല്‍ 10 മിനുട്ടിനുള്ളില്‍ 10പേര്‍ക്കാണ് ഓഫിസുമായി ബന്ധപ്പെടാന്‍ കഴിയുന്നത്. അതായത് 10 മിനുട്ട് ഒരു ഫീഡറില്‍ വൈദ്യുതി ഓഫായാല്‍ ഓഫിസിലേക്ക് ഫോണ്‍ വിളിക്കാന്‍ ശ്രമിക്കുന്ന 1990പേര്‍ ക്യൂവിലാകുന്നു. തുടര്‍ച്ചയായി ഫോണില്‍ എന്‍ഗേജ് ടോണ്‍ കേള്‍ക്കുന്ന ഉപഭോക്താക്കള്‍ കെ എസ് ഇ ബി ഓഫിസുകളില്‍ ഫോണ്‍ എടുത്ത് താഴത്ത് വച്ച് കിടന്നുറങ്ങുകയായിരിക്കും എന്ന് കരുതുന്നു. അത് തെറ്റിദ്ധാരണയാണെന്ന് വിവരിക്കുകയാണ് കെ എസ് ഇ ബി ഫെയ്‌സ് ബുക്ക് പേജിലൂടെ. കല്ലെറിയും മുന്‍പ് ഞങ്ങളും മനുഷ്യരാണെന്നും വളരെയേറെ പ്രതികൂല സാഹചര്യത്തിലാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി രാവെന്നോ പകലെന്നോ ഇല്ലാതെ പണിയെടുക്കുന്നതെന്നും മനസിലാക്കണമെന്ന അഭ്യര്‍ഥനയോട് കൂടിയാണ് പോസ്റ്റ് അവസാനിക്കുന്നത്. കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞസ്ഥിതിക്ക് വിളിച്ചാല്‍ കിട്ടാനുള്ള പരിഹാരമുണ്ടാക്കണമെന്ന കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."