നിയുക്ത കാസര്‍കോട് എം.പിക്ക് ആദ്യ നിവേദനവുമായി എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗളൂരു ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിന് സി.ബി.ഐ സ്പെഷല്‍ ടീമിനെക്കൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നിവേദനം നല്കി.
സമൂഹത്തിലെ എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു മഹാ പണ്ഡിതന്റെ ഘാതകര്‍ പിടിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ നാടിന്റെ എം.പിയെന്ന നിലയില്‍ സാധ്യമാവുന്ന എല്ലാ ഇടപെടലുകള്‍ നടത്തുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് നേതാക്കള്‍ക്ക് ഉറപ്പ് നല്കി. ഖാസി വിഷയത്തില്‍ ലഭ്യമായ ആദ്യ നിവേദനത്തിലെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ കാസര്‍കോടിന്റെ പൊതു മനസ് കൂടെയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് എം.പി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സമീപനത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന നിവേദനം കൈമാറി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടേറിയറ്റംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി, ട്രഷറര്‍ ഷറഫുദ്ധീന്‍ കുണിയ, ഭാരവാഹികളായ മൊയ്തു ചെര്‍ക്കള, സിദ്ധീഖ് ബെളിഞ്ചം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."