കൊണ്ടോട്ടി നഗരസഭ ഇനി വനിതകള്‍ ഭരിക്കും
കൊണ്ടോട്ടി: നഗരസഭ ഇനി വളയിട്ട കൈകള്‍ ഭരിക്കും.പുതിയ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 24ന് നടക്കാനിരിക്കെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും മുസ്‌ലിം ലീഗ് പ്രതിനിധി യായി വനിത അംഗം എത്തുന്നതോടെയാണ് നഗരസഭക്ക് വനിതാ ഭരണാധികാരകളുണ്ടാവുക.
യു.ഡി.എഫ് ഭരണ സമിതി നിലവിലുള്ള കൊണ്ടോട്ടിയില്‍ നഗരസഭാ ചെയര്‍മാന്‍ കോണ്‍ഗ്രസിലെ സി.കെ നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ മുസ്‌ലിം ലീഗിലെ പാലക്കല്‍ ഷറീന എന്നിവര്‍ രാജിവച്ചതോടെയാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും യോജിച്ച് യു.ഡി.എഫ് ആയതോടെയുണ്ടാക്കിയ ധാരണപ്രകാരമാണ് ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും രാജിവച്ചത്.
യു.ഡി.എഫ് ധാരണപ്രകാരം അവശേഷിക്കുന്ന രണ്ട് വര്‍ഷം ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് പ്രതിനിധികളായിരിക്കും. ചെയര്‍മാന്‍ സ്ഥാനം എസ്.സി സംവരണവും, വൈസ് ചെയര്‍മാന്‍ വനിതാ സംവരണവുമാണ്. മുസ്‌ലിം ലീഗില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.സി സംവരണത്തില്‍ പുരുഷന്മാരില്ലാത്തതിനാല്‍ വനിതയായിരിക്കും ചെയര്‍പേഴ്‌സണാവുക. മുന്‍ നെടിയിരുപ്പ് പഞ്ചയാത്ത് പ്രസിഡന്റ് കെ.സി ഷീബ, രജനി, മിനിമോള്‍ എന്നീ മുന്ന് അംഗങ്ങള്‍ സംവരണ വിഭാഗത്തില്‍ ജയിച്ചവരുണ്ട്. ഇവരില്‍ കെ.സി ഷീബക്കാണ് സാധ്യത.
കോണ്‍ഗ്രസില്‍ വനിതാ അംഗങ്ങളില്‍ ആയിഷക്കുട്ടി, കെ.കെ അസ്മാബി എന്നിവരുടെ പേരുകളാണ് ഉയരുന്നത്. നേരത്തെ കോണ്‍ഗ്രസ് മതേതര വികസന മുന്നണിയായിരുന്നപ്പോള്‍ ആയിഷക്കുട്ടി ദിവസങ്ങള്‍ മാത്രം വൈസ് ചെയര്‍പേഴ്‌സണായിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് ആയതോടെ രാജിവച്ചിരുന്നു. ആയിഷക്കുട്ടിക്കാണ് മുന്‍തൂക്കം.ഇതോടെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും ആയിരിക്കും കൊണ്ടോട്ടിയുടെ ഭരണകര്‍ത്താക്കള്‍.കൊണ്ടോട്ടിയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സി.പി.എം കൂട്ടുകെട്ടില്‍ മതേതര വികസന മുന്നണിയായി മത്സരിച്ചാണ് അധികാരത്തിലേറിയിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."