ജോസ് വിഭാഗത്തെ എല്‍.ഡി.എഫില്‍ ഘടകകക്ഷി ആക്കിയിട്ടില്ല; പാര്‍ട്ടി നിലപാട് 21നെന്ന് കാനം
തിരുവനന്തപുരം: ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറുന്ന സംഭവത്തില്‍ നയം വ്യക്തമാക്കി സി.പി.ഐ. ജോസ് വിഭാഗത്തെ എല്‍.ഡി.എഫ് ഘടകകക്ഷി ആക്കണോ എന്ന കാര്യത്തിലോ നിയമസഭാ സീറ്റ് പങ്കുവെക്കുന്നതു സംബന്ധിച്ചോ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി.
പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് 21ന് ചേരുന്നുണ്ട്. ജോസ് കെ. മാണിയോടുള്ള പാര്‍ട്ടി നിലപാട് യോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇടതു മുന്നണി യോഗത്തിലും പാര്‍ട്ടി നിലപാട് അറിയിക്കും. കൂട്ടായി ചര്‍ച്ച ചെയ്തിട്ടാവും അന്തിമ നിലപാട് മുന്നണിയോഗം പ്രഖ്യാപിക്കുകയെന്നും കാനം പറഞ്ഞു.
ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ച മാത്രമേ നടക്കുന്നുള്ളൂ.
ജോസ് കെ.മാണി വരുന്നത് തുടര്‍ ഭരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമോ എന്ന ചോദ്യത്തിന്, പ്രവചന സ്വഭാവത്തില്‍ പറയാനുള്ള കഴിവ് തനിക്കില്ല എന്നായിരുന്നു പ്രതികരണം.
കേരളത്തില്‍ കൃഷിക്കാര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന നിലപാടാണ് ജോസ് കെ.മാണി സ്വീകരിച്ചിട്ടുള്ളത്. ഇനി യു.ഡി.എഫ് വേണ്ട എല്‍.ഡി.എഫിനോട് സഹകരിക്കാമെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
അഴിമതിയുടെ കാര്യത്തില്‍ എല്‍.ഡി.എഫിന് ഒരു വിട്ടുവീഴ്ചയുമില്ല. മരിച്ചയാളെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലല്ലോ എന്നും കാനം പ്രതികരിച്ചു.
ജോസ് കെ. മാണിയുടെ പാര്‍ട്ടി യുഡിഎഫ് ഘടകകക്ഷി ആയിരുന്നപ്പോള്‍ ഞങ്ങള്‍ അവരെ എതിര്‍ത്തിരുന്നു. യുഡിഎഫിനെ തള്ളിപ്പറഞ്ഞ്, എല്‍ഡിഎഫ് ആണ് ശരി എന്ന് പറയുമ്പോള്‍ എന്തിനാണ് അതിനെ എതിര്‍ക്കുന്നതെന്നു കാനം പ്രതികരിച്ചു.
ഒരു മുന്നണിയില്‍ നിന്നുകൊണ്ട് വിലപേശാനുള്ള ഒരു ഉപകരണമായി എല്‍ഡിഎഫിനെ ഉപയോഗിക്കരുത് എന്നാണ് താന്‍ മുമ്പ് പറഞ്ഞിട്ടുള്ളത്. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും കാനം വ്യക്തമാക്കി. കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമാണ് എന്ന് പ്രഖ്യാപിച്ച് ഒരു കക്ഷി മുന്നോട്ടുവരുന്നത് അവരുടെ നിലപാടില്‍ മാറ്റം വന്നതിന് തെളിവാണെന്നും, അതിനെ ലളിതമാക്കാതെ ഗൗരവമായി കാണ്ടേണ്ടതുണ്ടെന്നും കാനം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."