വരുന്നുവോ പുതിയൊരു കേരള മോഡല്‍?
ഒരു ദേശത്തെ മുഴുവന്‍ കുറ്റപ്പെടുത്തുവാനോ ചില പൊതുപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് വിമര്‍ശിക്കാനോ വേണ്ടിയുള്ളതല്ല ഈ കുറിപ്പ്. കേരളത്തിലെ മറ്റേതൊരു പ്രദേശത്തെയും പോലെ നന്മയും തിന്മയും ഇടകലര്‍ന്നു പുലരുന്ന ഒരു ചെറു പട്ടണമാണ് കൊടുവള്ളി. മുനിസിപ്പാലിറ്റി എന്നൊക്കെ പറയുമെങ്കിലും ഗ്രാമ നൈര്‍മ്മല്യം തുള്ളിത്തുളുമ്പുന്ന ദേശം. പക്ഷേ ഏതോ കാരണത്താല്‍ അധോലോക ഇടപാടുകളുമായി ബന്ധപ്പെട്ട ചില പരിവേഷങ്ങള്‍ കൊടുവള്ളിക്ക് ചുറ്റുമുണ്ട്. അതുകൊണ്ടാണ് സ്വപ്നാ സുരേഷ് കുറ്റാരോപിതയായ സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഒരു രാഷ്ട്രീയ നേതാവ് ഇതു ഉടന്‍ തന്നെ കൊടുവള്ളിയിലേക്ക് നീണ്ടു ചെല്ലുമെന്ന് പ്രവചിച്ചത്. സ്വര്‍ണക്കടത്ത് - ഹവാല - അധോലോക ഏര്‍പ്പാടുകളുടെ തലസ്ഥാനം എന്നാണ് അദ്ദേഹം ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്. അതിനെ ശരിവയ്ക്കുന്നവയാണ് മിക്കപ്പോഴും പത്രവാര്‍ത്തകള്‍. കള്ളപ്പണം പിടികൂടുന്നതിന്റേയും അവിഹിത സ്വര്‍ണ ഇടപാടുകളുടെയുമെല്ലാം വാര്‍ത്തകളില്‍ മിക്കപ്പോഴും നിറഞ്ഞുനില്‍ക്കുന്നവര്‍ ഈ നാട്ടുകാര്‍. അതും തൊട്ടാല്‍ ചോര തെറിക്കുന്ന ചെറുപ്പക്കാര്‍. നാടിന്റെ പുരോഗതിക്കു വേണ്ടി ക്രിയാത്മക സംഭാവനകളര്‍പ്പിക്കേണ്ടവര്‍, പഠിച്ചു ഡോക്ടറും എന്‍ജിനീയറും കലക്ടറുമൊക്കെ ആകേണ്ടവര്‍ - അവര്‍ കാറിന്റെ കള്ളറകളില്‍ സൂക്ഷിച്ച നോട്ടുകെട്ടുകളുമായോ അടിവസ്ത്രത്തിലൊളിപ്പിച്ച സ്വര്‍ണ മിശ്രിതവുമായോ പിടിക്കപ്പെടുന്നു. പത്രത്തില്‍ വരുന്ന പടങ്ങളിലെ അവരുടെ വിവശമായ മുഖഭാവമാണോ ഈ ദേശത്തിന്റെ സാമൂഹ്യ സൂചകം? ഇത് പ്രസ്തുത ദേശത്തിന്റെ സാംസ്‌കാരിക നിലവാരത്തിന്റെ കൈമുദ്രയാണോ? അങ്ങനെയാണ് സാമാന്യ ധാരണ. അതില്‍ ഒരുപാട് കെട്ടിച്ചമയ്ക്കലുകളുണ്ട്, നുണകളുണ്ട്, മത - വര്‍ഗീയ പക്ഷപാതങ്ങളുണ്ട്, ഒളിയജന്‍ഡകളുണ്ട്, ധൃതിപിടിച്ച സാമാന്യവല്‍ക്കരണങ്ങളുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും അല്‍പ്പം ശരികളുമുണ്ട്.
കള്ളക്കടത്ത് - ഹവാല ഇടപാടുകള്‍ ഈ പട്ടണത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ ദോഷകരമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. സാമ്പത്തികവളര്‍ച്ചയെപ്പോലും ഈ അധോലോക ബിസിനസ് ബാധിച്ചിട്ടുണ്ടത്രേ. മറ്റൊരു ബിസിനസും കൊടുവള്ളിയില്‍ വളരുന്നില്ലെന്നും ഊണു കഴിക്കാന്‍ പറ്റിയ നല്ലൊരു ഹോട്ടല്‍ പോലും അവിടെയില്ലെന്നും മറ്റും പറയുന്ന ദോഷൈകദൃക്കുകളുണ്ട്. അത്രയും സിനിക്കലാവേണ്ടതില്ലെങ്കിലും സ്വാഭാവികമായുണ്ടാവേണ്ട വളര്‍ച്ച സാമ്പത്തിക രംഗത്തുണ്ടാവുന്നില്ല എന്ന പരാതി അടിസ്ഥാനമില്ലാത്തതല്ല. ഈ അവസ്ഥയുടെ ഗൗരവമുള്‍ക്കൊണ്ട് പുതിയൊരു സാമ്പത്തിക, സാമൂഹ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുന്നില്ല. രാഷ്ട്രീയനേതാക്കള്‍ പോലും ഹവാലാ ബന്ധങ്ങളുടെ പേരില്‍ ആരോപിതരാണ്. സാമൂഹ്യ രംഗത്ത് അധോലോക ഇടപാടുകാര്‍ പിടിമുറുക്കിയിരിക്കുന്നു. ഇതാണ് ആരോപണം.
ഇതേപ്പറ്റി ഞാന്‍ ഒരിക്കല്‍ കൊടുവള്ളിയിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാവിനോട് സംസാരിക്കുകയുണ്ടായി. രാഷ്ട്രീയ നേതാവ് മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. ജീവിതത്തിലുടനീളം സംശുദ്ധി ഉയര്‍ത്തിപ്പിടിച്ച വ്യക്തി. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.' ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയൊരു ശതമാനം പേര്‍ അഴിമതിക്കാരല്ലേ? എം.പിമാരിലും എം.എല്‍.എമാരിലും എത്ര പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്? അതിന്റെ പ്രതിഫലനം കൊടുവള്ളിയിലുമുണ്ടാവുന്നത് സ്വാഭാവികം'. ഈ മറുപടി എന്നെ വല്ലാതെ നിരാശപ്പെടുത്തി. കൊടുവള്ളിയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ - ഇടതായാലും വലതായാലും - അധോലോകത്തിനു മേല്‍ക്കൈയുള്ള സാമൂഹ്യ സംസ്‌കാരത്തിന് വിധേയപ്പെട്ടു കഴിഞ്ഞുവോ?
കള്ളപ്പണത്തിന്റെ ഊരാക്കുടുക്കുകള്‍
ഇതോട് ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് എറണാകുളത്തെ എം.എല്‍.എയായ പി.ടി തോമസ് കള്ളപ്പണ ഇടപാടിനു കൂട്ടുനിന്നു എന്ന ആരോപണം. സംശുദ്ധമായ പൊതുജീവിതത്തിന്റെ പേരില്‍ ആദരണീയതക്ക് ഉടമയായിത്തീര്‍ന്ന ജനപ്രതിനിധിയാണ് പി.ടി തോമസ്. പരിസ്ഥിതി പ്രശ്‌നങ്ങളിലും മറ്റും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളില്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ഒട്ടേറെ പരുക്കുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന ജനപ്രതിനിധി. അദ്ദേഹം ഇങ്ങനെയൊരാരോപണത്തിന് വിധേയനാകുന്നതെന്ത് കൊണ്ട്? അതന്വേഷിക്കുമ്പോഴാണ് എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ് മാഫിയ എത്ര പ്രബലമാണെന്ന് വ്യക്തമാവുക. വെള്ളത്തില്‍ മീന്‍ എന്ന പോലെ പ്രവര്‍ത്തിക്കുന്നവരാണ് ജനപ്രതിനിധികള്‍, എറണാകുളത്തായാലും കൊടുവള്ളിയിലായാലും. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ആഴങ്ങളില്‍ വേരിറക്കിയ അധമ പ്രവണതകള്‍ അവരെയും സ്പര്‍ശിക്കുന്നു എന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞ രാഷ്ട്രീയ നേതാവ് പൊതുരംഗത്തെ അഴിമതി സ്വാഭാവികമല്ലേ എന്ന് സ്വയം കുറ്റസമ്മതം നടത്തിയത്. ഒരു സമൂഹത്തിന് അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ ലഭിക്കുന്നു എന്നാണോ ഇതിന്റെ ഗുണപാഠം? അതോ തിരിച്ചോ?
ഇതെല്ലാം സൂചിപ്പിക്കുന്നത് പുതിയൊരു കേരള മാതൃകയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നാണ്. രാഷ്ട്രീയ പ്രബുദ്ധതക്ക് പേരു കേട്ട സംസ്ഥാനമാണ് കേരളം. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍ പശ്ചാത്തലം നമുക്ക് കേട്ടുകേള്‍വിയാണ്. പല കാരണങ്ങളാലും കേരളം സമാര്‍ജ്ജിച്ച സമ്പത്താണ് താരതമ്യേന സംശുദ്ധമായ രാഷ്ടീയം. അതുകൊണ്ട് തന്നെ അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളെ മലയാളികള്‍ സാമാന്യമായി പൊറുപ്പിക്കാറില്ല. കേരളത്തിന്റെ സാക്ഷരത, വിദ്യാഭ്യാസനിലവാരം, പുരോഗമനചിന്ത, നവോത്ഥാന മൂല്യങ്ങള്‍, സാമാന്യമായ തുറവി, സാംസ്‌കാരിക ബന്ധങ്ങള്‍, മാധ്യമ സജീവത തുടങ്ങിയവയെല്ലാം ഈ രാഷ്ട്രീയാവസ്ഥക്ക് നിമിത്തമായി വര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഈയിടെയായി നമ്മുടെ രാഷ്ട്രീയം അധോലോക കേന്ദ്രീകൃതമാവുന്നു എന്ന് സംശയിക്കണം. അടുത്ത കാലത്ത് നിരന്തരമായി ആവര്‍ത്തിക്കപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളെന്ന് വ്യവഹരിക്കപ്പെടുന്ന അറുകൊലകള്‍ നോക്കുക. വെഞ്ഞാറമ്മൂടിലും തൃശൂരിലുമെല്ലാം നടന്ന കൊലകള്‍ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്, അതോടൊപ്പം ഗുണ്ടാ ബന്ധങ്ങളുമുണ്ട്. ഗുണ്ടാ സംഘങ്ങള്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നു എന്നു മാത്രമല്ല ഇതില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. മറിച്ച് രാഷ്ട്രീയ നേതൃത്വങ്ങള്‍ ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കുന്നു എന്നു കൂടിയാണു. ഈ സംരക്ഷണം തികഞ്ഞ രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. ക്രമേണ പ്രാദേശിക, ജില്ലാ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ ക്രിമിനല്‍ സംഘങ്ങളുടെ വരുതിയിലായിത്തീരുന്നു.
പല പ്രദേശങ്ങളിലും രാഷ്ട്രീയകക്ഷികളെ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്. ക്രിമിനല്‍ കേസുകളില സ്ഥിരം പ്രതികള്‍ കേരളത്തില്‍ ഇന്നും എം.എല്‍.എമാരായി വിലസുന്നുണ്ട്. ഭരണസ്വാധീനം ഈ ക്രിമിനലുകള്‍ ശരിക്കും ഉപയോഗപ്പെടുത്തുകയാണ്. പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ ഈ പശ്ചാത്തലത്തിലാണ്. ശരിയായാലും അല്ലെങ്കിലും. പക്ഷേ, അവര്‍ക്ക് ജനസമ്മതിയുണ്ടാവുകയും അവര്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും ചെയ്യുന്നു എന്നു വന്നാലോ!
രാഷ്ട്രീയ നേതാക്കളുടെ മക്കളുടേയും ബന്ധുക്കളുടേയും ക്രിമിനല്‍ പശ്ചാത്തലമാണ് മറ്റൊരു വിഷയം. മക്കള്‍ ചെയ്യുന്ന കാര്യത്തില്‍ അച്ഛനെന്ത് പിഴച്ചു? തികച്ചും നിഷ്‌കളങ്കമായ ചോദ്യം. പക്ഷേ ബന്ധുക്കളുടെ രാഷ്ട്രീയ സ്വാധീനം ഈ ക്രിമിനലുകള്‍ ഉപയോഗപ്പെടുത്തുന്നു. ഇതിനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നത് വന്‍ ബിസിനസുകാരാണ്. അങ്ങനെയാണ് രാഷ്ട്രീയക്കാരുടെ മക്കള്‍ വലിയ ബിസിനസ് സ്ഥാപനങ്ങളുടെ പങ്കാളികളാവുന്നതും അവയില്‍ ഉദ്യോഗം വഹിക്കുന്നതുമെല്ലാം. കേരളത്തിലെ ഒരുപാട് സ്വകാര്യ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മക്കള്‍ക്കും പങ്കാളിത്തമുണ്ട്. ഭൂമാഫിയകളില്‍ അവര്‍ പങ്കാളികളാണ്. രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയിലുള്ള ജനസ്വാധീനത്തെ ഉപയോഗിക്കുകയാണ് പലപ്പോഴും അധോലോകം. ഇപ്പോള്‍ വിവാദമായിട്ടുള്ള ഫാഷന്‍ ജ്വല്ലറി പ്രശ്‌നത്തിന്റെയും മറ്റും അടിയിലേക്കിറങ്ങിച്ചെന്നാല്‍ ഇത്തരം ഒരുപാട് കെട്ട കഥകള്‍ കാണാന്‍ കഴിയും. രാഷ്ട്രീയവും അധോലോകവും ചേര്‍ന്ന പുതിയ സമവാക്യങ്ങള്‍ നാട്ടില്‍ വളര്‍ന്നു വരുന്നു. അതിന് ഇടതെന്നോ വലതെന്നോ കാവിയെന്നോ ഭേദമില്ല.
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ പത്രങ്ങളില്‍ അച്ചടിച്ചു വരുന്നത് നിങ്ങള്‍ വായിച്ചിട്ടുണ്ടോ? അവര്‍ക്കാര്‍ക്കും കാര്യമായ ജോലിയില്ല, കേരളീയ സാഹചര്യത്തില്‍ രാഷ്ട്രീയം ഫുള്‍ ടൈം പ്രൊഫഷനാണ്. അല്ലാതെ സാധിക്കുകയുമില്ല. ഒരു ജോലിയും വരുമാനവുമില്ലാത്ത ഈ നേതാക്കളുടെ സ്വത്തു വിവരം നോക്കൂ - അവയും വരുമാനവും തമ്മില്‍ ഒരു പൊരുത്തവുമില്ല. അതിന്റെ അര്‍ഥം ഇവരെല്ലാവരും ഏതെങ്കിലുമൊക്കെ ബിസിനസുകളില്‍ പങ്കാളികളാണെന്നാണ് (അല്ലെങ്കില്‍ തികഞ്ഞ അഴിമതിക്കാരാണെന്ന്, അതിന്ന് സാധ്യത കമ്മി).
ഇത്തരം സംരംഭങ്ങളുടെ അധോലോക ബന്ധങ്ങളും അവിഹിത സ്വഭാവവും പൊതുചര്‍ച്ചകളില്‍ വരുന്നേയില്ല. രാഷ്ട്രീയ നേതാക്കളുടെ ജീവിതശൈലിയും അവരുടെ കുടുംബ, തൊഴില്‍ പശ്ചാത്തലവും ഒട്ടും പരിശോധനാവിധേയമാവുന്നില്ല. ഇത് പറയുമ്പോള്‍ ഓര്‍മ വരുന്നത് ഖസാക്കിലെ സാമ്പത്തികവ്യവസ്ഥയെപ്പറ്റി എന്‍.എസ് മാധവന്‍ പണ്ട് എഴുതിയ ലേഖനമാണ്. ഖസാക്കുകാര്‍ക്ക് കാര്യമായ തൊഴിലില്ല. ആര്‍ക്കും വരുമാനത്തിനു മുട്ടില്ലതാനും. എങ്ങനെയാണവര്‍ സാമ്പത്തികമായ നേട്ടമുണ്ടാക്കുന്നത്? നമ്മുടെ രാഷ്ട്രീയ നേതാക്കളെപ്പറ്റിയും ഇതുതന്നെ ചോദിക്കണം. ഹവാലയെയും കള്ളപ്പണത്തെയും പറ്റി പറയുമ്പോള്‍ ഈ മായക്കാഴ്ചയും പ്രസക്തമാണ്. ഇത്തരം സ്റ്റാര്‍ട്ടപ്പുകളും കണക്കിലെടുക്കണം. പറഞ്ഞു വന്നത് കൊടുവള്ളിയുടെ ഹവാലാ പശ്ചാത്തലത്തെപ്പറ്റിയാണ്. പറഞ്ഞു തീര്‍ക്കുന്നത് കേരളത്തിന്റെ പൊതുവായ രാഷ്ട്രീയ സംസ്‌കാരത്തെപ്പറ്റിയാണ്. രണ്ടിനും ഒരേ വഴി, അല്ലേ?
ഈ ജീര്‍ണതയില്‍ നിന്ന് രക്ഷപ്രാപിക്കാന്‍ എന്താണ് വഴി? പൊതുമണ്ഡലത്തെ സംശുദ്ധമാക്കുക തന്നെ. അവിശുദ്ധമായ അന്തരീക്ഷത്തില്‍ നിന്ന് പൊതുപ്രവര്‍ത്തകരെ അകറ്റുക. അവരുടെ സാധ്യതകള്‍ കണ്ടെത്തി ക്രിയാത്മകമായി ഉപയോഗിക്കുക. കൊടുവള്ളിയെത്തന്നെ നമുക്ക് ഉദാഹരിക്കാം. നേരത്തെ പറഞ്ഞുവല്ലോ ഒട്ടേറെ നന്മകളുടെ വിളനിലമാണവിടം എന്ന്. ദയാര്‍ദ്രമായ മനസാണ് ആ നാടിന്റേത്. അവശരേയും ദരിദ്രരേയും നിസ്സഹായരേയും സഹായിക്കാന്‍ സ്വയം മറന്ന് രംഗത്തിറങ്ങുന്നവരാണ് ആ നാട്ടുകാര്‍. സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നവര്‍. ആവേശപൂര്‍വം പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നവര്‍. ഒരുപക്ഷേ ഇത് മറ്റു പല പ്രദേശങ്ങള്‍ക്കുമില്ലാത്ത സാധ്യതയാണ്. ഈ സാധ്യതകള്‍ തീര്‍ച്ചയായും നിര്‍മാണാത്മകമായി ഉപയോഗിക്കാം. കേരളത്തിന് സാമാന്യമായി ബാധകമാവുന്ന ഒരു മറുവഴിയാണ് നന്മയുടെ ഈ മാതൃക. അതായിരിക്കട്ടെ നമ്മുടെ മുമ്പിലെ വരാനിരിക്കുന്ന കേരള മോഡല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."