കസ്റ്റംസ് എത്തിയത് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതിനെതുടര്‍ന്ന്; അടുത്തഘട്ടം അറസ്റ്റ് ?
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരേ ഇന്നലെ കസ്റ്റംസ് വീട്ടിലെത്തിയത് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചതിനെതുടര്‍ന്ന്. അറസ്റ്റിനൊരുങ്ങുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അദ്ദേഹത്തെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കും. ആരോഗ്യനില തൃപ്തികരമാണെങ്കില്‍ അറസ്റ്റ് തന്നെയാണ് അടുത്ത നീക്കമെന്ന സൂചനകളുണ്ട്.
സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇ.സി.ജിയില്‍ നേരിയ വ്യതിയാനവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ ഇത് വ്യക്തമാക്കുന്നു. ശാരീരിക വിഷമത കണ്ടെത്തിയ സാഹചര്യത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.
ഇന്ന് വീണ്ടും ഇ.സി.ജി പരിശോധന നടത്തും. ആവശ്യമെങ്കില്‍ ആന്‍ജിയോഗ്രാമും നടത്തിയേക്കും. മറ്റു പ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമായാല്‍ ആശുപത്രിയില്‍നിന്നുതന്നെ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി കൊണ്ടുപോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റ് ആയി ജോലിചെയ്യുന്നതും ഇതേ ആശുപത്രിയിലാണ്.
വെള്ളിയാഴ്ച കസ്റ്റംസ് അപ്രതീക്ഷിതമായാണ് ശിവശങ്കറിന്റെ വീട്ടിലെത്തുന്നത്. നോട്ടിസ് നല്‍കി വിളിപ്പിക്കുന്നതിനുപകരം കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറില്‍ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വിവരമറിഞ്ഞത് അദ്ദേഹത്തെ പരിഭ്രാന്തനാക്കി. അപ്രതീക്ഷിതനീക്കത്തില്‍ അറസ്റ്റ് ഭയന്നു.
ഇതുവരെ പല തവണ ചോദ്യം ചെയ്യലിന് ശിവശങ്കര്‍ ഹാജരായത് സ്വന്തം വാഹനത്തിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കസ്റ്റംസ് വാഹനത്തിലാണ് കൊണ്ടുപോയത്. ശനിയാഴ്ചയും ഞായറാഴ്ചയും അവധിദിനങ്ങളായതിനാല്‍ കസ്റ്റംസ് അറസ്റ്റിലേക്ക് നീങ്ങിയിരുന്നെങ്കില്‍ ശിവശങ്കറിന് ജാമ്യം ലഭിക്കുമായിരുന്നില്ല. ഇതാകാം കസ്റ്റംസിന്റെ കുരുക്കിനു പിന്നില്‍. എന്നാല്‍ ഇതുതന്നെയാണോ ദേഹാസ്വാസ്ഥ്യത്തിന്റെ കാരണമെന്നാണ് ഇനി അറിയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."