കനത്ത സുരക്ഷയില്‍ ഒളിംപിക്‌സ്
റിയോ ഡി ജനീറോ: കനത്ത സുരക്ഷയിലായിരിക്കും റിയോ ഒളിംപിക്‌സ് അരങ്ങേറുകയെന്നു അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഒളിംപിക് ഗെയിം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ക്രിസ്റ്റഫ് ഡുബി. പഴുതുകളില്ലാത്ത കനത്ത സുരക്ഷാ വലയത്തിനുള്ളിലായിരിക്കും ഒളിംപിക്‌സ് വില്ലേജ്.
വിദേശ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ചേര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദമെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ അതി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. റിയോയിലെ സുരക്ഷാ ക്രമീകരണത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിലടക്കമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒളിംപിക്‌സിനു കര്‍ശന സുരക്ഷയൊരുക്കുന്നത്. സൈനികര്‍ ഉള്‍പ്പെടെ 85,000 പേരെയാണു ഇതിനായി നിയോഗിച്ചിരിക്കുന്നത്. രണ്ടു മാസം മുന്‍പു മുതല്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിത്തുടങ്ങി. കരുതലോടെയാണ് ഇത്തവണ കായിക മാഹാമേള സംഘടിപ്പിക്കുന്നതെന്നും ഡുബി വ്യക്തമാക്കി.
ഒളിംപിക്‌സിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഒരാള്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായി. മാറ്റോ ഗ്രോസോയില്‍ നിന്നാണു ഇയാളെ പിടികൂടിയതെന്നു ഫെഡറല്‍ പൊലിസ് അറിയിച്ചു.
ഒളിംപിക്‌സിനിടെ അക്രമം നടത്താന്‍ പദ്ധതിയിട്ട പതിനൊന്നാമത്തെയാളാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."