കേരളത്തിലെ ജാതി മതവിഭാഗങ്ങള്‍ വോട്ട് ചെയ്തത് ഇങ്ങനെയെന്ന് സര്‍വേ
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റുകളും നേടി കേരളത്തെ തൂത്തുവാരാന്‍ യു.ഡി.എഫിനെ തുണച്ചത് ന്യൂനപക്ഷ വോട്ടുകളെന്ന് കണക്കുകള്‍. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവരിലെ 70 ശതമാനം വോട്ടുകളും മുസ്‌ലിംകളുടെ 65 ശതമാനവും വോട്ടുകളും യു.ഡി.എഫിനൊപ്പം നിന്നതായി ദിഹിന്ദുവും സി.എസ്.ഡി.എസ്- ലോക്‌നിതിയും നടത്തിയ തെരഞ്ഞെടുപ്പാനന്തര കണക്കെടുപ്പില്‍ വ്യക്തമാക്കുന്നു.
നായര്‍ വിഭാഗത്തിന്റെ വോട്ടുകളില്‍ 34 ശതമാനം വീതം യു.ഡി.എഫിനും ബി.ജെ.പിക്കുമായി പോയപ്പോള്‍ 20 ശതമാനം എല്‍.ഡി.എഫിന് വോട്ട്‌ചെയ്തു. മേല്‍ജാതിക്കാരുടെ വോട്ടില്‍ 31 ശതമാനം യു.ഡി.എഫിനും 42 ശതമാനം ബി.ജെ.പിക്കും 27 ശതമാനം എല്‍.ഡി.എഫിനും ലഭിച്ചു. ഈഴവവോട്ടുകളില്‍ 45 ശതമാനവും ഇടതിന് പോയപ്പോള്‍ യു.ഡി.എഫിന് 28ഉം ബി.ജെ.പിക്ക് 21ഉം ശതമാനവും ലഭിച്ചു. പട്ടിക വിഭാഗക്കാരില്‍ 44 ശതമാനവും ഇടതിന് വോട്ട് ചെയ്തപ്പോള്‍ 39 ശതമാനമാളുകള്‍ യു.ഡി.എഫിനും 12 ശതമാനം പേര്‍ ബി.ജെ.പിക്കും വോട്ട്‌ചെയ്തു. ഹിന്ദു വിഭാഗങ്ങളില്‍ പട്ടിക വിഭാഗക്കാരില്‍ നിന്നാണ് ബി.ജെ.പിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത്.
മതവിഭാഗങ്ങളില്‍ മുസ്‌ലിംകളില്‍ 65 ശതമാനം വോട്ടുകളും യു.ഡി.എഫിനും 28 ശതമാനം ഇടതിനും പോയപ്പോള്‍ എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പോയത് നാലുശതമാനം വോട്ട് മാത്രമാണ്. ക്രിസ്ത്യാനികളില്‍ 70 ശതമാനവും യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ 24 ശതമാനം പേര്‍ ഇടതിനു വോട്ട്‌ചെയ്തു.
സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെ പേരും കേരളത്തില്‍ ബി.ജെ.പിക്ക് സ്വാധീനം കൂടുന്നത് അപകടരമാണെന്ന് അഭിപ്രായപ്പെട്ടു.
സര്‍വേയില്‍ പങ്കെടുത്ത ഓരോ പത്തില്‍ ആറുപേരും കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഓരോ പത്തില്‍ നാലുപേരും കേന്ദ്രഭരണം തീര്‍ത്തും പരാജയമാണെന്നും വിലയിരുത്തുകയുണ്ടായി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് 47 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 11 ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. എല്‍.ഡി.എഫ് വോട്ടര്‍മാരില്‍ 38 ശതമാനവും രാഹുലിനൊപ്പം നിന്നു. ഹിന്ദുക്കളില്‍ 33ഉം മുസ്‌ലിംകളില്‍ 58ഉം ക്രിസ്ത്യാനികളില്‍ 73ഉം ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുസ്‌ലിംകളിലും ക്രിസ്ത്യാനികളിലും ഓരോ ശതമാനം പേരാണ് മോദിയെ പിന്തുണച്ചത്. അതേസമയം, ഹിന്ദുക്കളില്‍ 19 ശതമാനം പേരും മോദി ഇനിയും പ്രധാനമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു.
ശബരിമല വിഷയത്തിലെ സുപ്രിംകോടതി ഉത്തരവിനെ ഹിന്ദു സ്ത്രീകളില്‍ 14 പേര്‍ പിന്തുണച്ചപ്പോള്‍ 64 ശതമാനം പേരും പൂര്‍ണണായും വിധിയെ എതിര്‍ക്കുകയാണുണ്ടായത്. ഹിന്ദുപുരുഷന്‍മാരില്‍ 53 ശതമാനവും എതിര്‍ത്തു. അതേസമയം, മുസ്‌ലിംകളില്‍ ഏഴും ക്രസ്ത്യാനികളില്‍ 11ഉം യു.ഡി.എഫ് വോട്ടര്‍മാരില്‍ 11ഉം എല്‍.ഡി.എഫ് വോട്ടര്‍മാരില്‍ 29ഉം ബി.ജെ.പി വോട്ടര്‍മാരില്‍ അഞ്ചും ശതമാനം പേരും സുപ്രിംകോടതി ഉത്തരവിനെ പിന്തുണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."