ബുദ്ധ തീവ്രവാദി നേതാവ് അശിന്‍ വിരാതുവിനെതിരേ അറസ്റ്റ് വാറന്റ്
നായ്പിതോ: മ്യാന്മറിലെ റൊഹീന്യന്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ബുദ്ധമത തീവ്രവാദി നേതാവ് അശിന്‍ വിരാതുവിനെതിരേ അറസ്റ്റ് വാറന്റ്. രാജ്യത്തെ പരമോന്നത നേതാവായ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാങ് സൂകിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് വാറന്റ്. സര്‍ക്കാരിനെതിരേ ജനങ്ങളില്‍ വിദ്വേഷവും വെറുപ്പും കുത്തിവയ്ക്കാന്‍ ശ്രമിച്ചതിന് രാജ്യദ്രോഹ വകുപ്പുകള്‍ ചുമത്തിയാണ് വിരാതുവിനെതിരേ പൊലിസ് കേസെടുത്തിട്ടുള്ളത്.
2003ല്‍ ജയിലിലായി ഒമ്പതു വര്‍ഷത്തിനു ശേഷം മോചിതനായ വിരാതുവിനെതിരേ മൂന്നു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കേസുകളാണ് ചുമത്തിയത്. ജൂണ്‍ നാലിനു കോടതിയില്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ഹിംസാത്മകമായ പോസ്റ്റുകള്‍ മൂലം ഫേസ്ബുക്ക് ഇയാളെ വിലക്കിയിരുന്നു.
സൂചി സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്ന പരാമര്‍ശമാണ് ഇയാള്‍ക്ക് വിനയായത്. രാജ്യത്ത് പട്ടാളഭരണം തിരിച്ചുകൊണ്ടുവരാനാണ് വിരാതു ശ്രമിക്കുന്നതെന്ന തിരിച്ചറിവാണ് സൈന്യത്തിനു പ്രിയപ്പെട്ടവനായ ഇയാള്‍ക്കെതിരേ നീങ്ങാന്‍ സൂചിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിരാതു ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. റൊഹീന്യന്‍ മുസ്‌ലിംകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നാണ് ഇയാള്‍ പ്രസംഗിച്ചിരുന്നത്.
ബുദ്ധമത ഭീകരതയുടെ മുഖം
മ്യാന്‍മറിലെ തീവ്ര ബുദ്ധമത സംഘടനയായ 969 പ്രസ്ഥാനത്തിന്റെ നേതാവാണ് അശിന്‍ വിരാതു. മ്യാന്‍മറിലെ ബിന്‍ലാദനെന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ കടകളില്‍ 969 എന്ന സ്റ്റിക്കര്‍ പതിച്ച് അവിടെ നിന്നു മാത്രം സാധനങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന് വിരാതു ബുദ്ധ മതക്കാരോട് ഉത്തരവിറക്കി. മുസ്‌ലിം ഷോപ്പുകളെ ബഹിഷ്‌കരിക്കാന്‍ ഇയാളുടെ സംഘടന പ്രചാരണം നടത്തുന്നു. മ്യാന്‍മറില്‍നിന്ന് മുസ്‌ലിംകളെ ഇല്ലായ്മ ചെയ്യുകയാണ് വിരാതുവിന്റെ സംഘടന ലക്ഷ്യമിടുന്നത്. വര്‍ഗീയവിദ്വേഷം പ്രചരിപ്പിച്ചതിന് 2003ല്‍ ജയിലിലടക്കപ്പെട്ട ഇയാള്‍ 2010ലാണ് പുറത്തുവന്നത്. മ്യാന്‍മര്‍ സമീപഭാവിയില്‍ തന്നെ റൊഹീന്യര്‍ ഇസ്‌ലാമികവല്‍ക്കരിക്കുമെന്നു പറഞ്ഞാണ് വിരാതു ആളെ കൂട്ടുന്നത്.
2012ലെ കലാപത്തിനു ചുക്കാന്‍ പിടിച്ചത് വിരാതുവായിരുന്നു. ബുദ്ധഭിക്ഷുക്കള്‍ അഴിഞ്ഞാാടിയ ആ കലാപത്തില്‍ 13 കുട്ടികളാണ് കൊല്ലപ്പെട്ടത്. അതില്‍ 13 പേര്‍ അഞ്ചു വയസിനു താഴെയുള്ളവരായിരുന്നു! 2013 ജൂലൈയില്‍ 'ബുദ്ധമത ഭീകരതയുടെ മുഖം' എന്ന തലവാചകത്തോടെ 'ടൈം മാഗസിന്‍' വിരാതുവിന്റെ ഫോട്ടോ കവര്‍ചിത്രമായി കൊടുത്തിരുന്നു. റങ്കൂണിലെ ഒരു സ്‌കൂള്‍ പള്ളിയാക്കാന്‍ പോകുന്നു എന്നു പറഞ്ഞ് വര്‍ഗീയവാദികളെ വിരാതു ഇളക്കിവിട്ടിരുന്നു.
രെക്കയിന്‍ ബുദ്ധവിഭാഗത്തില്‍ പെട്ട ഒരു യുവതിയെ ആരോ ചിലര്‍ കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് 2012ലെ വംശഹത്യക്കു തുടക്കമായത്. അത് ചെയ്തത് റൊഹീന്യകളാണെന്ന് വ്യാപക പ്രചാരണമുണ്ടായി. അതിന്റെ മറവില്‍ ആസൂത്രിതമായ വംശഹത്യ നടപ്പാക്കി. തീവ്ര വംശീയവാദികളായ ബുദ്ധ ഭിക്ഷുക്കളുടെ ആഹ്വാനമനുസരിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടം 280 മുസ്‌ലിംകളെയാണ് കൊലപ്പെടുത്തിയത്. ആ കലാപത്തില്‍ ഒന്നര ലക്ഷത്തോളം റൊഹീന്യര്‍ ഭവനരഹിതരാക്കപ്പെട്ടു. ഒരു ലക്ഷത്തോളം പേര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. യു.എന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകളും വിവിധ പഠന റിപ്പോര്‍ട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും പരിശോധിച്ച് പട്ടാളം ഗ്രാമീണരെ പീഡിപ്പിക്കുകയും വീടുകള്‍ ചുട്ടെരിക്കുകയും ചെയ്യുന്നു എന്നത് നൂറു ശതമാനം സത്യമാണെന്ന് ഉറപ്പിച്ചു പറയുന്നു. തീവ്രവാദവിരുദ്ധ യുദ്ധം എന്ന പേരിലാണ് മ്യാന്‍മറില്‍ വംശഹത്യ അരങ്ങേറുന്നത്. മ്യാന്‍മറിലെ 13 ലക്ഷം വരുന്ന റൊഹീന്യകള്‍ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനതയാണെന്നാണ് യു.എന്‍ പറയുന്നത്. തീവ്ര വലതുപക്ഷ ബുദ്ധിസ്റ്റ് സംഘടനകളുടെ കടുത്ത എതിര്‍പ്പു മൂലമാണ് രാജ്യത്തെ റൊഹീന്യകളുടെ വോട്ടവകാശം മ്യാന്‍മര്‍ റദ്ദാക്കിയത്. അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണിത്. സര്‍ക്കാര്‍ രേഖകളില്‍ റൊഹീന്യര്‍ എന്നതിനു പകരം ബംഗാളികളെന്നാണ് ഇവരെ വിളിക്കുന്നത്. സൂകി പോലും ഇവരെ റൊഹീന്യര്‍ എന്നു വിളിക്കാറില്ല!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."