നെയ്യാറ്റിന്‍കര ആത്മഹത്യ: ബാങ്കിന് പങ്കില്ലെന്ന് പൊലിസ് ഹൈക്കോടതിയില്‍
കൊച്ചി: നെയ്യാറ്റിന്‍കരയില്‍ യുവതിയും മാതാവും ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് ഹൈക്കോടതിയില്‍ പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആത്മഹത്യ ചെയ്ത ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെതിരേയുള്ള ജപ്തി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.
ലേഖയും മകള്‍ വൈഷ്ണവിയും കഴിഞ്ഞ 14നാണ് വീട്ടില്‍ തീ കൊളുത്തി മരിച്ചത്. ബാങ്കിന്റെ ജപ്തി നടപടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക ഘട്ടത്തില്‍ പ്രചരിച്ചത്. പൊലിസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മരണകാരണം കുടുംബ പ്രശ്‌നങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ മെയ് 10ന് വീടും സ്ഥലവും ഏറ്റെടുക്കുന്നതിന് അഡ്വക്കറ്റ് കമ്മിഷനറുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെത്തിയിരുന്നു.
ലേഖയും മകളുമടക്കമുള്ളവര്‍ മെയ് 14 വരെ സാവകാശം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമ്മിഷനറുടെ നേതൃത്വത്തിലുള്ള സംഘം തിരികെ പോകുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു ശേഷമാണ് അമ്മയും മകളും ആത്മഹത്യ ചെയ്തത്. ജപ്തി നടപടികള്‍ സംബന്ധിച്ച് അഡ്വക്കറ്റ് കമ്മിഷനറുടെ മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വെള്ളറട സി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാ കുറിപ്പില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. പിന്നീട് ചന്ദ്രനും മാതാവും കേസില്‍ പ്രതികളാവുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."