തൃക്കോവില്‍വട്ടം വെറ്റിനറി സബ്സെന്ററിന് അവഗണന
കല്ലമ്പലം: നാവായിക്കുളം തൃക്കോവില്‍വട്ടം മില്‍ക്ക് സൊസൈറ്റി പരിധിയില്‍ മുക്കുകടയില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി സബ് സെന്റര്‍ അവഗണനയില്‍. 1970ല്‍ വാടക കെട്ടിടത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് പല വാടക കെട്ടിടങ്ങളിലേക്കും മാറ്റിയ വെറ്റിനറി സബ് സെന്റര്‍ ഇപ്പോള്‍ മുക്കുകട ദേശാഭിമാനി വായനശാല സൗജന്യമായി നല്‍കിയ ഹാളിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.
2006ല്‍ ഇതിലേക്ക് മാറ്റി സ്ഥാപിക്കുമ്പോള്‍ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന എന്‍.കെ പ്രേമചന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ഈ സെന്ററിന്റെ കീഴില്‍ നിരവധി കന്നുകാലി മേളകളും, സെമിനാറുകളും, ക്യാംപുകളുമൊക്കെ നടന്നിട്ടുണ്ട്. അതു കാരണമായി നിരവധി കര്‍ഷകര്‍ പശുവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ രംഗത്ത് എത്തിയിരുന്നു.
ഇവിടെ ഒരു ലൈവ് സ്റ്റോക്ക് അസിസ്റ്റന്റും, പി.ടി. എസും (പാര്‍ട് ടൈം) സീപ്പറുമാണ് തുടക്കം മുതല്‍ ഉണ്ടായിരുന്നത്. ആദ്യകാലം എല്‍.എ മാത്രമായിരുന്നു. അന്നുമുതല്‍ സേവനമനുഷ്ടിച്ചിരുന്ന പ്രദേശവാസിയായ ബാലകൃഷ്ണക്കുറുപ്പ് പരിചയ സമ്പന്നനും നിരവധി ട്രെയിനിങ് നേടിയ ആളുമായതിനാല്‍ സെന്റര്‍ ഒരു മൃഗാശുപത്രി പോലെ തന്നെ പ്രവര്‍ത്തിച്ചിരുന്നു.
ഏകദേശം 30 വര്‍ഷകാലത്തോളം അദ്ദേഹം പെന്‍ഷനാവുന്നതുവരെ സെന്ററിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പുതിയ എല്‍.എ ചാര്‍ജ് എടുത്തെങ്കിലും അവര്‍ക്ക് മറ്റ് സെന്ററുകളില്‍കൂടി ചാര്‍ജ് കൊടുത്തതിനാല്‍ എല്ലാ സെന്ററുകളുടെയും പ്രവര്‍ത്തനം അവതാളത്തിലായി. നിലവില്‍ ഇവിടെ എല്‍.എ ഇല്ല. പാര്‍ട് ടൈം സ്വീപ്പര്‍ എന്നും സെന്റര്‍ വന്ന് തുറന്നിരിക്കുമെന്നുമാത്രം.
മരുന്നുകള്‍ പേരിനുപോലും സ്റ്റോക്കില്ല. കര്‍ഷകര്‍ക്ക് യാതൊരു സേവനവും ഇവിടെനിന്ന് കിട്ടാത്തതിനാല്‍ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാതായി. അധികൃതര്‍ ഈ വെറ്റിനറി സബ് സെന്ററിനെ പൂര്‍ണമായും അവഗണിച്ചതോടെ ഇതിന്റെ പ്രവര്‍ത്തനം നിലച്ച് താഴ് വീഴുന്ന അവസ്ഥയാണ് നിലവില്‍.
വകുപ്പധികൃതര്‍ യഥാസമയം ജീവനക്കാരെ നിയമിക്കാത്തതിനാലാണ് ഇങ്ങനെ വന്നതെന്നാണ് പഞ്ചായത്തിലെ വെറ്റിനറി ഡോക്ടര്‍ പറയുന്നത്. അദ്ദേഹത്തിനാണെങ്കില്‍ നിലവില്‍ പള്ളിക്കല്‍ പഞ്ചായത്തിന്റെ അഡീഷണല്‍ ചുമതലയും ഉണ്ട്. നിലവില്‍ പഞ്ചായത്തിലെ നാല് സെന്ററുകളില്‍ ഒരു ലൈവ് സ്റ്റോക്ക് മാത്രമാണുള്ളത്. മുക്കുകട വെറ്റിനറി സബ് സെന്ററിന്റെ പ്രവര്‍ത്തനം അവതാളത്തിലയതിനെ പറ്റി കര്‍ഷകര്‍ പഞ്ചായത്തിലും, മൃഗ സംരക്ഷണ വകുപ്പിലും പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല. ഉന്നതാധികാരികള്‍ക്ക് പരാതി കൊടുക്കുവാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."