യുവാവിനെ കൊലപ്പെടുത്തിയ സംഭവം: അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
ആലപ്പുഴ: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കായംകുളം കണ്ടല്ലൂര്‍ വില്ലേജില്‍ പുതിയ വിള മുറിയില്‍ വടക്കേവിള കളത്തില്‍ വീട്ടില്‍ ഗോവിന്ദപ്പണിക്കരുടെ മകന്‍ ശ്രീകാന്തി(22)നെ കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ഫെലിക്‌സ് മേരിദാസ് ശിക്ഷ വിധിച്ചത്.
കീരിക്കാട് ചാപ്രയില്‍ വീട്ടില്‍ തിമ്മന്‍ അജി എന്ന അജികുമാര്‍(34), ബുധനൂര്‍ പടിഞ്ഞാറുംമുറി രാജാ മന്ദിരത്തില്‍ രാജന്‍ നായര്‍(47), കീരിക്കാട് മലമേല്‍ ഭാഗം മുറി സുരേഷ് ഭവനത്തില്‍ സുനില്‍ എന്ന രാജേഷ്(28), കീരിക്കാട് കരുവാറ്റം കുഴി മുറി ചാപ്രയില്‍ കിഴക്കതില്‍ വീട്ടില്‍ പ്രമോദ്(30), പത്തിയൂര്‍ പടിഞ്ഞാറെ മുറി കോട്ടൂര്‍തെക്കതില്‍ വീട്ടില്‍ സുരേഷ്(31) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി അജികുമാറിന്റെ സ്പിരിറ്റ് കച്ചവടത്തില്‍ പങ്കാളിയായിരുന്നു ശ്രീകാന്ത്. പിന്നീട് ശ്രീകാന്ത് സ്വന്തമായി സ്പിരിറ്റ് കച്ചവടം തുടങ്ങിയതിലുള്ള വിരോധം നിമിത്തം കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടാതെ അജികുമാറിന്റെ സഹോദരനായ രാധാകൃഷ്ണനെ ശ്രീകാന്ത് ദേഹോപദ്രവം ഏല്‍പ്പിച്ചതിലുമുള്ള വിരോധവും ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ സംഘം ചേര്‍ന്ന് നടത്തിയ കൊലയ്ക്ക് കാരണമായി. ഐ.പി.സി 302, 34 വകുപ്പുകള്‍ പ്രകാരം കൊലപാതകത്തിനും സംഘം ചേര്‍ന്നുള്ള ഗൂഡാലോചനയ്ക്കും ജീവപര്യന്തം തടവും 25,000 രൂപ വീതം പിഴയും ആണ് ശിക്ഷ. 120(ബി) പ്രകാരം ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് മറ്റൊരു ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിനും അതിനായി ഗൂഡാലോചന നടത്തിയതിനും 201, 34 വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും അടയ്ക്കാന്‍ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ്, അഡീഷനല്‍ ഗവ. പ്ലീഡര്‍മാരായ പി.കെ രമേശന്‍, ഗോപേഷ് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."