സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് 1,650 അനധികൃത സ്‌കൂളുകള്‍
മലപ്പുറം: സര്‍ക്കാര്‍ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാലയങ്ങളിലേക്കു മാറാന്‍ അവസാന അവസരം. അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ചേര്‍ന്നു പഠിക്കുന്ന ഒന്നുമുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പൊതുവിദ്യാലയങ്ങളിലേക്ക് മാറാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അവസാന അവസരം ഒരുക്കിയിരിക്കുന്നത്. അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം തടയുമെന്ന് കഴിഞ്ഞ മാസം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍നിന്നുള്ളവര്‍ക്ക് രണ്ടുമുതല്‍ പത്തുവരെ ക്ലാസുകളില്‍ അഡ്മിഷന്‍ നേടാനുള്ള അവസരമാണിത്. വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള അനൗദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്താകെ 1,650 ഓളം അനധികൃത സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കിയിട്ടില്ലാത്ത ഇത്തരം സ്്കൂളുകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും പഠനം തുടരുന്നുണ്ട്.
അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തുടങ്ങാനിരിക്കുന്ന അധ്യയന വര്‍ഷംമുതല്‍ പൂട്ടുമെന്ന ഉത്തരവിനെ തുടര്‍ന്ന് സ്‌കൂള്‍ മാറുന്നതിന് നിരവധിപേര്‍ ശ്രമം നടത്തിയിരുന്നു.
അംഗീകാരം ഇല്ലാത്ത സ്‌കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ തുടര്‍പഠനം മുടങ്ങുന്ന സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഇത്തരം സ്‌കൂളുകള്‍ക്ക് പരീക്ഷ നടത്തുവാനും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും അധികാരമില്ലാത്തതിനാല്‍ കുട്ടികളുടെ തുടര്‍പഠനം സാധ്യമാകുന്നില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന പത്താം ക്ലാസ്‌വരെയുള്ള കുട്ടികള്‍ക്ക് വയസ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനാണ് ഗവര്‍ണറുടെ ഉത്തരവു പ്രകാരം സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടാന്‍ ടി.സി ആവശ്യമില്ല. പകരം അംഗീകാരമുള്ള സ്‌കൂളുകള്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പ്രവേശന പരീക്ഷ നടത്തണം. ഇത് പ്രകാരം വയസ് അടിസ്ഥാനത്തില്‍ 10വരെയുള്ള ക്ലാസുകളില്‍ അഡ്മിഷന്‍ നല്‍കാനാണ് ഉത്തരവിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ്‌വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്.
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ വിദ്യാഭ്യാസാവകാശ നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷനും നിര്‍ദേശം നല്‍കിയിരുന്നു. സ്‌കൂള്‍ മാറുന്നതിന് ഈ വര്‍ഷത്തേക്കു മാത്രമാണ് പ്രത്യേക അനുമതിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."