കുടുംബത്തോടൊപ്പം ജീവിക്കുക എന്നത് മൗലികാവകാശം: പാക് യുവതിയോട് രാജ്യം വിടാനാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ നോട്ടിസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ഭര്‍ത്താവിനും കുട്ടിക്കള്‍ക്കുമൊപ്പം ജീവിക്കുകയെന്നത് സ്ത്രീയുടെയും തിരിച്ച് കുടുംബത്തിലെ മറ്റംഗങ്ങളുടെയും മൗലികാവകാശമാണെന്ന് ഡല്‍ഹി ഹൈക്കോടതി. പാകിസ്താന്‍ യുവതിയോട് രാജ്യം വിടാനാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ നോട്ടിസ് റദ്ദാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
കുടുംബമെന്നാല്‍ സമൂഹത്തിന്റെ പ്രകൃതിപരമായ അടിസ്ഥാന യൂണിറ്റാണെന്നും സര്‍ക്കാറിന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലില്‍ നിന്ന് അതിന് ഭരണഘടനാ സംരക്ഷണമുണ്ടെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, ജസ്റ്റിസ് അനൂപ് ജയ്‌റാം ബംബാനി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്കാരനായ മുഹമ്മദ് ജവാദിനെ വിവാഹം ചെയ്തു ഡല്‍ഹിയില്‍ ജീവിക്കുന്ന നൗഷീന്‍ നാസ് എന്ന പാകിസ്താന്‍ യുവതിയുടെ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. അവരുടെ രണ്ടു മക്കള്‍ ഡല്‍ഹിയിലെ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. 2015ല്‍ സമ്പാദിച്ച ദീര്‍ഘകാല വിസയിലാണ് ഇന്ത്യയില്‍ താമസിച്ചു വന്നിരുന്നത്. എന്നാല്‍ 15 ദിവസത്തിനകം ഇന്ത്യ വിടണമെന്നാവശ്യപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരി ഏഴിന് ഇവര്‍ക്ക് മന്ത്രാലയത്തിന്റെ നോട്ടിസ് ലഭിക്കുകയായിരുന്നു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസെന്നായിരുന്നു അധികൃതരുടെ വാദം. നോട്ടീസിനെതിരേ അവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നൗഷീന് ഇന്ത്യയില്‍ കഴിയാനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗില്‍ ബെഞ്ച് ഹരജി തള്ളി. അതിനെതിരായ അപ്പീലിലാണ് ഇപ്പോഴത്തെ വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."