നടുക്കം മാറാതെ, കണ്ണീരടങ്ങാതെ ഫയാസിന്റെ കുടുംബം
കല്യാണരാവിലെ ആഘോഷങ്ങള്‍ മരണത്തിന്റെ മരവിപ്പിലേക്ക് വഴിമാറിയതിന്റെ നടുക്കം വിട്ടു മാറുന്നില്ല ഉമര്‍ ഫയാസിന്റെ വീട്ടില്‍. 22 വയസ്സ് മാത്രം പ്രായമുള്ള മകന്‍ ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ കഴിഞ്ഞ ദിവസം ഷോപിയാനിലെ വീട്ടില്‍വെച്ച് മൂന്നുപേര്‍ പിടിച്ചുവലിച്ച് കൊണ്ടുപോയത് ജമീലയ്ക്ക് ഓര്‍മയുണ്ട്. അടുത്ത ദിവസം രാവിലെ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്ന് കിട്ടുന്നത് അവന്റെ മൃതദേഹമാണ്.
ആ നിമിഷങ്ങള്‍ ജമീലയുടെ കണ്ണുകളില്‍ പേമാരിയായി പെയ്തിറങ്ങുകയാണ്. ആ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുമുണ്ട് അവര്‍ക്കു ചുറ്റും. ഒന്നും പറയാനില്ലാതെ, ആശ്വാസവാക്കുകളില്ലാതെ...മൗനത്തിന്റെ ആഴങ്ങളിലാണ് അവരോരുത്തരും. ഓരോ പരിചയക്കാരേയും ബന്ധുക്കളേയും കാണുമ്പോഴും ആ ഉമ്മ മാത്രം അലറിക്കരഞ്ഞു കൊണ്ടിരിക്കുന്നു.
ജമീലയുടെ സഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി അനന്തനാഗില്‍ നിന്ന് വന്നതായിരുന്നു ഉമര്‍ ഫയാസ്. കല്യാണം കൂടാനായി അവധിയെടുത്തെത്തിയതായിരുന്നു അവന്‍.
''എന്റെ മകന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... അവന്‍ ഒരാളെ എനിക്ക് മകനായിട്ടുണ്ടായിരുന്നുള്ളൂ... ഇനി ഉമ്മക്കും അവന്റെ രണ്ട് സഹോദരിമാര്‍ക്കും ആരാണ് ഉള്ളത്?''. സംസാരത്തിനിടെ പല തവണ വിതുമ്പുണ്ടായിരുന്നു ഫയാസിന്റെ പിതാവ്.
ഉമറിന്റെ പിതാവ് ഫയാസ് അഹമ്മദ് പരാരിക്കു ചുറ്റും അയല്‍ക്കാരും കുടുംബക്കാരുമുണ്ട്. സംസാരത്തിനിടെ കരച്ചില്‍ നിര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു അയാള്‍.
''2012 ല്‍ പ്ലസ്ടു പാസ്സായ ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്‍ട്രന്‍സ് പരീക്ഷ എഴുതിയത് അവന്റെ ഇഷ്ടത്തിനായിരുന്നു. ഞാനൊരു കര്‍ഷകനാണ്.. വിദ്യാഭ്യാസവുമില്ല.. ഒരു ഓഫീസറാകണമെന്നാണ് അവന്റെ ആഗ്രഹം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു്. പക്ഷേ, എനിക്ക് അറിയില്ലായിരുന്നു. അതിന് അവന്‍ നല്‍കേണ്ടി വരുന്ന വില അവന്റെ ജീവനാണെന്ന്.'' അഹമ്മദിന്റെ വാക്കുകള്‍ ഇടറി.
ഉമറിന്റെ അമ്മാവന്‍ മുഹമ്മദ് മക്ബൂല്‍ സംഭവം വിവരിക്കുന്നതിങ്ങനെ ''ഉമര്‍ അനന്തനാഗിലായിരുന്നു താമസിച്ചിരുന്നത്. വീട്ടിലേക്ക് വരാതെ, വിവാഹ വീട്ടിലേക്ക് വരികയായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് അവനെത്തിയത്. അതുവരെ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. മുകളിലെ റൂമില്‍ കല്ല്യാണപ്പെണ്ണിനൊപ്പം ഇരിക്കുകയായിരുന്നു അവന്‍. അപ്പോഴാണ് പരമ്പരാഗത കശ്മീരി വേഷം ധരിച്ച മൂന്നുപേര്‍ വന്നത്. സമയം ഏകദേശം 8 മണിയായിരുന്നു. അവര്‍ നേരിട്ട് മുകളിലേക്ക് കയറിവരികയും അവനെ അന്വേഷിക്കുകയും ചെയ്തു. അവനെ കണ്ടതും അവര്‍ അവനെ പിടിച്ചുവലിച്ച് താഴോട്ട് കൊണ്ടുപോയി. ഞങ്ങള്‍ എല്ലാവരും അവനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.. അവരെയും കാത്ത് താഴെ റോഡില്‍ നിരവധി പേര്‍ നില്‍പ്പുണ്ടായിരുന്നു...''
അടുത്ത ദിവസം രാവിലെ തൊട്ടടുത്ത ഗ്രാമമായ ഹര്‍മൈനിലെ ബസ് സ്റ്റാന്റില്‍ നിന്നാണ് ഫയാസിന്റെ മൃതദേഹം കിട്ടിയത്. 'അവിടുത്തെ ഗ്രാമവാസികള്‍ അവന്റെ ശരീരം കണ്ടപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ആ ആശുപത്രിയിലെ ഡോക്ടറാണ് ആ മൃതശരീരം ഉമറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്' ന്ന് ഉമറിന്റെ മറ്റൊരു അമ്മാവനായ മുഹമ്മദ് അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.
''പിന്നെ ഞങ്ങള്‍ക്കൊരു ഫോണ്‍ വന്നു. അത് വിശ്വസിക്കാന്‍ സാധിക്കുമായിരുന്നില്ല.അവനെ വീട്ടില്‍കയറികൊണ്ടുപോകുമെന്ന് ഞങ്ങളാരും ഒരിക്കലും ചിന്തിച്ചിരുന്നില്ല..'' അഷ്‌റഫ് പറയുന്നു.
അതേസമയം, ഉമറിനെ പിടിച്ചുകൊണ്ടുപോയവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറാവുന്നില്ല.
ചിത്രങ്ങള്‍ക്കു കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."