പാലക്കാട്ട് കലാപത്തിന് കോപ്പുകൂട്ടി സംഘ്പരിവാര്‍
പാലക്കാട്: കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും കേരളത്തില്‍ നിലംതൊടാതെ പോയതിന്റെ അരിശം തീര്‍ക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ ജില്ലയുടെ കിഴക്കന്‍മേഖലകളില്‍ കലാപത്തിന് കോപ്പുകൂട്ടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ 26ന് ഇലപ്പുള്ളി മായംകുളത്ത് നൂറോളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സംഘം പ്രദേശത്തെ മുസ്‌ലിം വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയും പ്രകോപനമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുവാക്കളെ മര്‍ദിക്കുകയും പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുകയും സംഘം ചെയ്തിരുന്നു. പ്രദേശത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി ശബരിമലയില്‍ കിട്ടാത്തത് വര്‍ഗീയ ലഹളയില്‍ പിടിക്കുകയാണ് ലക്ഷ്യം.
എന്നാല്‍ സംഭവം നടന്നയുടന്‍ വന്‍ പൊലിസ് സന്നാഹം മായംകുളത്ത് എത്തുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതുകൊണ്ടാണ് അന്ന് അതൊരു കലാപമായി മാറാതിരുന്നത്. ഇതേത്തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. സര്‍ക്കാരിനെതിരേ നടന്ന സമരകോലാഹലങ്ങള്‍ ചീറ്റിപ്പോയതിന്റെ അരിശം തീര്‍ക്കാനാണ് വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുന്നതെന്ന വിമര്‍ശനങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
മുസ്‌ലിംകള്‍ക്കുനേരെ അക്രമങ്ങളുണ്ടാകുമ്പോള്‍ പെട്ടെന്ന് പ്രതികരിക്കുകയും രംഗത്തെത്തുകയും ചെയ്യുന്ന മുസ്‌ലിം സംഘടനകളെ കഴിയുന്നത്ര പ്രകോപിതരാക്കുകയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍. ഈ പ്രകോപനം കാണിച്ചുവേണം ഇതിനെ പ്രതിരോധിക്കാനെന്ന പേരില്‍ ഹൈന്ദവ ധ്രുവീകരണം നടത്തുകയെന്ന പദ്ധതി നടപ്പിലാക്കാന്‍. സംഘ്പരിവാറിന്റെ ഈ ട്രാപ്പില്‍ പെടരുതെന്നും മുസ്‌ലിം സംഘടനകള്‍ പ്രകോപനങ്ങള്‍ക്ക് വശപ്പെട്ട് പോകരുതെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ആരായാലും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന വിധം അക്രമത്തിനോ, കലാപം ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളോ നടത്താന്‍ ശ്രമിച്ചാല്‍ പൊലിസ് ജാതി, മതം, രാഷ്ട്രീയം എന്നിവ നോക്കാതെ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുമെന്നും അടിച്ചമര്‍ത്തുമെന്നും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."