അമ്പലപ്പുഴ വടക്ക് കടല്‍ക്ഷോഭം രൂക്ഷം; രണ്ടുവീടുകള്‍ തകര്‍ന്നു
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. രണ്ടു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ രണ്ട് വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇരുപത്തഞ്ചോളം വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് ഒരാഴ്ചക്കാലമായി കടല്‍ക്ഷോഭം ശക്തമായി തുടരുന്നത്.കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ രണ്ടു വീടുകളാണു പൂര്‍ണമായും തകര്‍ന്നത്.പുതുവല്‍ ശരത് കുമാര്‍, ഗീത എന്നിവരുടെ വീടുകളാണു കടലെടുത്തത്.
ഇന്നലെ ഉച്ചയോടെയുണ്ടായ കടലേറ്റത്തില്‍ പുതുവലില്‍ ബാലചന്ദ്രന്‍, പ്രഭ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകരുകയും സമീപത്തെ വൈദ്യുതി പോസ്റ്റ് നിലംപൊത്തുകയും പ്രദേശമാകെ വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു.
ഈ ഭാഗത്ത് 250 ഓളം മീറ്റര്‍ തെക്കുവടക്കായി കടല്‍ ഭിത്തി ഇല്ലാത്തതാണു ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വീടുകള്‍ തകരാന്‍ കാരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കിലും ഇത് കടലെടുക്കുകയായിരുന്നു. ഹാര്‍ബര്‍ വിഭാഗം ഈ പ്രദേശത്തെത്ത് നിരവധി തവണ ഭിത്തി സ്ഥാപിക്കുന്നതിനായി കണക്കെടുപ്പ് നടത്തിയെങ്കിലും പിന്നീട് ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കിയില്ല. ഇതോടെ 25 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച വീടുകളും വീട്ടുപകരണങ്ങളും കടലെടുക്കുമെന്ന ഭീതിയിലാണ്.
കടല്‍ക്ഷോഭം ഉണ്ടായി നഷ്ടങ്ങളുണ്ടായിട്ടും ബന്ധപ്പെട്ട അധികാരികളോ സ്ഥലം എം.എല്‍.എ കുടി ആയ മന്ത്രിയോ, എം.പിയോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്തതില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."