കാലവര്‍ഷം വൈകിയാലും മഴകുറയില്ല
കോഴിക്കോട്: ഈ വര്‍ഷത്തെ കാലവര്‍ഷം ജൂണ്‍ ആറിനു തന്നെയെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴ അല്‍പം വൈകിയാലും സാധാരണ രീതിയില്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നു.
രാജ്യത്ത് മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കും. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം രാജ്യവ്യാപകമായി മഴ ലഭിക്കും. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനവും മധ്യ ഇന്ത്യയില്‍ 100 ശതമാനവും തെക്കന്‍ ഉപഭൂഖണ്ഡത്തില്‍ 97 ശതമാനവും കിഴക്കന്‍ ഇന്ത്യയില്‍ 91 ശതമാനവും മഴ ലഭിക്കും. ജൂലൈയില്‍ 95 ശതമാനവും ആഗസ്റ്റില്‍ 99 ശതമാനവും മഴ ലഭിക്കും.
ശാന്തസമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തികുറഞ്ഞ രീതിയില്‍ തുടരാനാണ് സാധ്യതയെന്നും കാലവര്‍ഷം തുടങ്ങുന്നതോടെ ഇത് ന്യൂട്രലിലേക്ക് മാറുമെന്നും പ്രവചനം പറയുന്നു. അതിനാല്‍ ഇത്തവണ കാലവര്‍ഷത്തെ എല്‍നിനോ സ്വാധീനിക്കാന്‍ ഇടയില്ലെന്നും മഴ കുറയില്ലെന്നുമാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
മെയ് 18ന് ആന്‍ഡമാന്‍ കടലിന് സമീപമെത്തിയ മണ്‍സൂണ്‍ നിലവില്‍ ആന്‍ഡമാന്‍ ദ്വീപ് വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിന്റെ തെക്കന്‍ മേഖലകളിലേക്കും മാലിദ്വീപിലേക്കുമാണ് ഇനി കാലവര്‍ഷക്കാറ്റ് എത്താനുള്ളത്. മാലിദ്വീപ്, കന്യാകുമാരി കടല്‍മേഖല വഴി കാലവര്‍ഷക്കാറ്റ് കേരളത്തിലെത്തും. അടുത്ത മൂന്ന് ദിവസത്തിനകം ഇതിനുള്ള സാഹചര്യം ഒരുങ്ങുമെന്നും ജൂണ്‍ ആറിന് തിരുവനന്തപുരം മുതല്‍ കൊച്ചിവരെ കാലവര്‍ഷക്കാറ്റ് എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."