സഊദിയില്‍ നിന്ന് ഈ വര്‍ഷം വിദേശികള്‍ പണമയച്ചതില്‍ 510 കോടി റിയാലിന്റെ കുറവ്
ജിദ്ദ: സഊദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഈ വര്‍ഷം ആദ്യത്തെ നാലു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 510 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. നാലു മാസത്തിനിടെ വിദേശികള്‍ ആകെ 4,260 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 4,770 കോടി റിയാലായിരുന്നു. ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 10.6 ശതമാനം കുറവ് രേഖപ്പെടുത്തിയതായി സഊദി മോണിട്ടറി അതോറിറ്റി (സാമ) കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ മാസത്തില്‍ വിദേശികള്‍ 1,072 കോടി റിയാലാണ് അയച്ചത്. 2018 ഏപ്രില്‍ മാസത്തില്‍ ഇത് 1,172 കോടി റിയാലായിരുന്നു. ഏപ്രിലില്‍ വിദേശികളുടെ റെമിറ്റന്‍സില്‍ എട്ടര ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം വിദേശികള്‍ അയച്ച പണത്തില്‍ ആയിരം കോടി റിയാലിന്റെ കുറവാണുണ്ടായത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ റെമിറ്റന്‍സില്‍ 4.7 ശതമാനം മാത്രം കുറവാണുണ്ടായത്. മാര്‍ച്ചില്‍ വിദേശികള്‍ ആകെ 1,125 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ വിദേശികളുടെ റെമിറ്റന്‍സില്‍ 53 കോടി റിയാലിന്റെ കുറവുണ്ടായി.
നാലു മാസത്തിനിടെ റെമിറ്റന്‍സ് ഏറ്റവും കുറഞ്ഞത് ഫെബ്രുവരിയിലാണ്. 2018 ഫെബ്രുവരിയെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റെമിറ്റന്‍സില്‍ 24.6 ശതമാനം കുറവുണ്ടായി. ഒന്നര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ തുകയാണ് ഫെബ്രുവരിയില്‍ വിദേശികള്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത്. 2019 ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ റെമിറ്റന്‍സ് 12.5 ശതമാനം കുറഞ്ഞു.
സഊദിയിലെ വിദേശികള്‍ ഏറ്റവുമധികം പണമയച്ചത് 2016 ജൂണിലാണ്. ആ മാസം വിദേശികള്‍ 1,580 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഏഴു വര്‍ഷത്തിനിടെ ഏപ്രില്‍ മാസങ്ങളില്‍ ഏറ്റവും കുറവ് റെമിറ്റന്‍സ് രേഖപ്പെടുത്തിയതും കഴിഞ്ഞ മാസമാണ്. 2018 ഏപ്രിലില്‍ 1,170 കോടി റിയാലും 2017 ഏപ്രിലില്‍ 1,140 കോടി റിയാലും 2016 ഏപ്രിലില്‍ 1,180 കോടി റിയാലും 2015 ഏപ്രിലില്‍ 1,350 കോടി റിയാലും 2014 ഏപ്രിലില്‍ 1,210 കോടി റിയാലും 2013 ഏപ്രിലില്‍ 1,200 കോടി റിയാലും ആണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. ഇതിനു മുമ്പ് ഏപ്രില്‍ മാസത്തെ ഏറ്റവും കുറഞ്ഞ റെമിറ്റന്‍സ് 2012 ലായിരുന്നു. ആ വര്‍ഷം ഏപ്രിലില്‍ 1,053 കോടി റിയാലാണ് വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."