ദുരിതാശ്വാസനിധി: ധനസമാഹരണത്തില്‍ കരുത്ത് തെളിയിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: നാടിനെ പുനര്‍നിര്‍മിക്കാന്‍ കൈകോര്‍ത്ത് വെങ്ങാനൂര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. പ്രളയ ദുരിത പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളിലെ വിവിധ വിഭാഗങ്ങള്‍ ഒന്നിച്ച് കൈകോര്‍ത്തു. പ്രീ കെ.ജിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വരെ 1437 കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും പി.ടി.എ, എം.പി.ടി.എ, സംരക്ഷണ സമിതി അംഗങ്ങളും എന്‍.എസ്.എസും ഒറ്റക്കെട്ടായി പങ്കാളികളായി. സംഭാവനയായി കുട്ടികളില്‍ നിന്നും 11,123 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ദുരിതബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ ഹൈസ്‌കൂള്‍ വരെയുള്ള കുട്ടികളില്‍ നിന്നും സമാഹരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ അക്ഷയ് പി.എസ് തനിക്കു ലഭിച്ച സ്‌കോളര്‍ഷിപ്പ് തുകയായ 630 രൂപ ധനശേഖരണ യജ്ഞത്തിന്റെ ആദ്യം ദിനം അസംബ്ലിയില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബി.കെ കലയെ ഏല്‍പ്പിച്ചിരുന്നു.
നാടിനെ സഹായിക്കണമെന്ന ലക്ഷ്യമായിരുന്നു കുഞ്ഞു അക്ഷയുടെ ഈ പ്രവര്‍ത്തിക്കു പിന്നില്‍. സ്‌കൗട്ട് വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍, വീട്ടു സാധനങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ ശേഖരിച്ചു നല്‍കി. ഭിന്നശേഷിക്കാരായ നിരവധി കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഓണാവധിക്കാലത്ത് നാട്ടുകാരും അഭ്യുദയ കാംക്ഷികളും ചേര്‍ന്ന് നിരവധി നിത്യോപയോഗ വസ്തുക്കള്‍ ബാലരാമപുരം ബി.ആര്‍ സിയിലും നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഏല്‍പ്പിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ചേര്‍ന്ന് പ്രളയ ദുരന്തത്തില്‍പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ക്ക് നാല്‍പ്പതിനായിരം രൂപയുടെ സാധനങ്ങളാണ് നാഷണല്‍ സര്‍വിസ് സ്‌കീം കലക്ഷന്‍ സെന്റര്‍ ആയി പ്രവര്‍ത്തിച്ച നെയ്യാറ്റിന്‍കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കുട്ടികളെയും മാതാപിതാക്കളെയും ചടങ്ങില്‍ അഭിനന്ദിച്ചു.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്തെ മൂന്നു പ്രധാന ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്ന് രണ്ടു ദിവസം കൊണ്ട് 1,01237 രൂപ സമാഹരിച്ചു. നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മാത്രം 85000 രൂപ ശേഖരിച്ചു. ബോയ്‌സ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ 12,237 രൂപയും പെരുമ്പഴുതൂര്‍ ഗവ.എച്ച്.എസില്‍ നിന്ന് 4000 രൂപയുമാണ് സമാഹരിച്ചത്. ബോയ്‌സ് ഹയര്‍സെക്കഡറി സ്‌കൂളില്‍ നിന്ന് 52500 രൂപ നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചിരുന്നു. ഇതേ സ്‌കൂളില്‍ പ്രളയക്കെടുതി നേരിട്ട ഏഴു കുട്ടികള്‍ക്ക് പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റ് ആവശ്യവസ്തുക്കളും വിദ്യാര്‍ത്ഥികള്‍ നേരിട്ട് വാങ്ങി നല്‍കിയിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളില്‍ 78000 രൂപ സമാഹരിച്ചു. കീഴാറൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ 9000 രൂപയും ആനാവൂര്‍ എച്ച്.എസ്.എസില്‍ 4000 രൂപയും രണ്ടു ദിവസം കൊണ്ട് ശേഖരിച്ചു. ആനാവൂര്‍ സ്‌കൂള്‍ നേരത്തെ തന്നെ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിത്വാശ്യാസ നിധിയിലേക്ക് നല്‍കിയിരുന്നു.
പ്രളയക്കെടുതിയുടെ ആദ്യ നാള്‍ മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ ആവശ്യവസ്തുക്കള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു. രണ്ടായിരത്തോളം നോട്ട് ബുക്കുക്കള്‍, ബാഗുകള്‍, പഠനോപകരണങ്ങള്‍ എന്നിവ ശേഖരിച്ച് നല്‍കി. ഓണഘോഷങ്ങള്‍ക്ക് കരുതിയ തുക വിദ്യാര്‍ഥികളും അധ്യാപകരും ഒരേ മനസോടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, എന്‍.സി.സി, എന്‍.എസ്.എസ്, റെഡ് ക്രോസ്, വിവിധ ക്ലബുകള്‍ തുടങ്ങിയവയെല്ലാം ധന സമാഹരണത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."