ജോസ് കെ.മാണിയുടെ മുന്നണി പ്രവേശം: പച്ചക്കൊടി വീശി സി.പി.ഐയും: ഇടതുമുന്നണി ലക്ഷ്യം ഭരണത്തുടര്‍ച്ച
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കുന്നതില്‍ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് പ്രധാനം.
ഇടതുമുന്നണിയാണ് ശരിയെന്നു പറഞ്ഞ് യു.ഡി.എഫ് നല്കിയ രാജ്യസഭാ എം.പി സ്ഥാനം ഉപേക്ഷിച്ചാണ് ജോസ് കെ. മാണി നിലപാടു പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്ങനെയൊരു സാഹചര്യത്തില്‍ വരുന്ന രണ്ടു തെരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്ത് അവരെ മുന്നണിയിലെടുക്കുന്നതില്‍ എതിരഭിപ്രായം പ്രകടിപ്പിക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ടു നേരത്തേ സി.പി.എം-സി.പി.ഐ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സി.പി.ഐയിലെ ഒരു വിഭാഗം നേതാക്കള്‍ക്കു ജോസിനെ ഘടകകക്ഷിയാക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ജോസ് എം.എന്‍ സ്മാരകത്തില്‍ എത്തി കാനം രാജേന്ദ്രനെ കണ്ടതോടെ നിലപാടില്‍ നേതാക്കള്‍ മാറ്റം വരുത്തി.
ഇന്നലെ ചേര്‍ന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കളാരും ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ത്തില്ല. പുതിയ രാഷ്ട്രീയ ചുറ്റുപാടില്‍ ന്യൂനപക്ഷവോട്ടുകള്‍ സ്വാധീനിക്കാന്‍ ജോസിന്റെ മുന്നണി പ്രവേശനം സാഹയിക്കുമെന്നു എക്സിക്യൂട്ടീവില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കി. ഇടതുപക്ഷമാണ് ശരിയെന്നു പറഞ്ഞു വരുന്ന പാര്‍ട്ടികളെ സ്വീകരിച്ച പാരമ്പര്യമാണു മുന്നണിയ്ക്കുള്ളതെന്നു പറഞ്ഞ കാനം ആര്.ബാലകൃഷ്ണപിള്ള ഇടതുമുന്നണിയിലെത്തിയ കാര്യങ്ങളും യോഗത്തില്‍ പറഞ്ഞു.
പാര്‍ട്ടി തീരുമാനം ഇന്നു ചേരുന്ന ഇടതുമുന്നണി യോഗത്തെ അറിയിക്കാനും കാനത്തെ യോഗം ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."