ഓക്സ്ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ വളണ്ടിയര്‍ മരിച്ചു; പരീക്ഷണം തുടരുമെന്ന് ബ്രസീല്‍
ബ്രസീലിയ: ഓക്സ്ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ വളണ്ടിയര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബ്രസീലിലെ ദേശീയ ആരോഗ്യ നിരീക്ഷണ ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്. അസ്ട്രാസെനെക്കയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്സിന്റെ ക്ലിനിക്കല്‍ ട്രയലിനിടെയാണ് സന്നദ്ധപ്രവര്‍ത്തകന്റെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍പരീക്ഷണം തുടരാനാണ് ബ്രസീലിന്റെയും ഓക്സഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെയും തീരുമാനം.
മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
സന്നദ്ധപ്രവര്‍ത്തകന്റെ മരണത്തിന് കാരണം വാക്സിനാണോ പരീക്ഷണഘട്ടത്തില്‍ നല്‍കുന്ന പ്ലാസിബോയാണോ എന്നതിലും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളുടെ വിവരങ്ങളുടെ രഹസ്യാത്മകത ചൂണ്ടിക്കാട്ടി കൂടുതല്‍ വിശദാംശങ്ങളൊന്നും യൂണിവേഴ്സിറ്റി വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ മരിച്ച വ്യക്തി ബ്രസീലുകാരന്‍ ആണെന്ന് വാക്‌സിന്‍ പരീക്ഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ പുറത്തുവിട്ടിട്ടുണ്ട്. റിയോ ഡി ജനീറോയില്‍ താമസിക്കുന്ന 28കാരനായ സന്നദ്ധപ്രവര്‍ത്തകന്‍ കൊവിഡ് -19 സങ്കീര്‍ണതകള്‍ കാരണമാണ് മരിച്ചതെന്ന് സിഎന്‍എന്‍ ബ്രസീലും റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മരിച്ചയാളെ നിരീക്ഷിച്ചപ്പോള്‍ ക്ലിനിക്കല്‍ പരിശോധനയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയ്ക്കുള്ളതൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിഷയത്തില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പ്രതികരണം. യൂണിവേഴ്‌സിറ്റിയുടെ അന്വേഷണത്തിന് പുറമെ ബ്രസീലിയന്‍ റെഗുലേറ്ററിയുടെ സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ടും പരീക്ഷണം തുടരണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍പ് സന്നദ്ധപ്രവര്‍ത്തകന് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് അമേരിക്കയില്‍ അസ്ട്രാസെനെക്കയുടെ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) പരിശോധനയ്ക്ക് വിട്ട വാക്സിന്റെ പരിശോധന പൂര്‍ത്തിയായതിനെത്തുടര്‍ന്ന് യുഎസ് വാക്സിന്‍ പരീക്ഷണം ഈ ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് ബ്രസീലിലെ മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."