ജിഷ്ണുവിന്റെ മരണം: സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് മഹിജ
നാദാപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നല്കിയ ഉറപ്പുകള്‍ മുഖ്യമന്ത്രി പാലിച്ചില്ലെന്ന് അമ്മ മഹിജ. സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പൊലിസ് കേസ് അട്ടിമറിച്ചതിനാല് ഡി.ജി.പി സെന്‍കുമാറിനെ ഉടന്‍ കാണുമെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പൊലിസ് ആസ്ഥാനത്തിന് മുന്നില്‍വച്ച് തന്നെ മര്‍ദിച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ജിഷ്ണുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ച ഡോ. ജെറി ജോസഫിനെതിരേയും വ്യാജ ആത്മഹത്യാക്കുറിപ്പ് നിര്‍മിച്ചവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് നേരിട്ട് വിളിച്ച് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇതൊന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ഫോറന്‍സിക് വിഭാഗം അന്വേഷണസംഘത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ ജിഷ്ണുവിന്റെ ഡി.എന്‍.എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. നെഹ്റു കോളജിലെ ഇടിമുറിയില്‍ നിന്നുലഭിച്ച രക്തം ജിഷ്ണുവിന്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തേ പറഞ്ഞിരുന്നു. ഇതു സ്ഥിരീകരിക്കാന്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍വച്ച് അച്ഛന് അശോകന്റെയും അമ്മ മഹിജയുടെയും രക്ത സാമ്പിള്‍ എടുത്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഡി.എന്‍.എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ കേസിലെ ശക്തമായ തെളിവാണ് ഇല്ലാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."