ഖാന് അല്‍-അഹ്മര്: പ്രതിഷേധ കുടിലുകള്‍ തകര്‍ത്ത് ഇസ്റാഈല്‍
റാമല്ല: വെസ്റ്റ് ബാങ്കിലെ ഖാന് അല്‍- അഹ്മര് പ്രദേശം തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു ഫലസ്തീന് സന്നദ്ധ പ്രവര്‍ത്തകര്‍ തയാറാക്കിയ കുടിലുകള്‍ ഇസ്റാഈല്‍ സൈന്യം നശിപ്പിച്ചു. ഖാന് അല്‍- അഹ്മര് തകര്‍ക്കുന്നതിനു ഇസ്റാഈല്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരേയാണ് സന്നദ്ധ സംഘടനകളുടെ പ്രതിഷേധം.
പ്രതിഷേധക്കാര്‍ താല്‍ക്കാലികമായി തയാറാക്കിയ കുടിലുകളാണ് ഇന്നലെ രാവിലെ സൈന്യം തകര്‍ത്തത്. ഇവിടെയുള്ള 200 പേരെ കുടിയൊഴിപ്പിക്കാനായിരുന്നു ഇസ്റാഈല്‍ തീരുമാനം. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതിഷേധത്തിനായി തയാറാക്കിയ അഞ്ചു വീടുകളാണ് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നതെന്നും എന്നാല്‍ തങ്ങളുടെ യഥാര്‍ഥ പോരാട്ടം പ്രദേശവാസികളുടെ വീടുകള്‍ തകര്ക്കുന്നതിനെതിരേയാണെന്നും ഫലസതീന് അതോറിറ്റിയുടെ കുടിയേറ്റ, മതില് നിര്‍മാണ വിരുദ്ധ സമിതി കമ്മിഷന് വാലിദ് അസഫ് പറഞ്ഞു.
ചാവുകടലിനും അധിനിവിഷ്ട വെസ്റ്റ് ബാങ്കിനും ഇടയിലെ തന്ത്രപ്രധാന പ്രദേശമാണ് ഖാന് അല്‍- അഹ്മര്. ഈ പ്രദേശം തകര്‍ക്കുന്നതോടെ വെസ്റ്റ് ബാങ്ക് രണ്ടു ഭാഗമായി മാറും. ഖാന് അല്‍-അഹ്മര് തകര്‍ക്കരുതെന്നു ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."