മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ: ന്യായീകരിച്ച് സൂക്കി
യാങ്കോന്‍: റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച കോടതി ഉത്തരവിനെ ന്യായീകരിച്ച് മ്യാന്‍മര്‍ ഭരണാധികാരി ആങ് സാങ് സൂക്കി. മാധ്യമപ്രവര്‍ത്തകരായത് കൊണ്ടല്ല അവരെ അറസ്റ്റ് ചെയ്തതെന്നും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണെന്നും സൂക്കി പറഞ്ഞു.
വിയറ്റ്‌നാം തലസ്ഥാനമായ ഹനൗയില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രതിനിധികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സൂക്കി. റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് വാ ലോണ്‍, ക്വോ സാ ഊ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് വിധിച്ച ഉത്തരവിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സൂക്കിയുടെ ന്യായീകരണം.
കോടതിയുടെ വിധി പൂര്‍ണമായി വായിക്കാത്തവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്ന് സൂക്കി കുറ്റപ്പെടുത്തി. രാജ്യത്തെ നീതി നിയമ സംവിധാനത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ വിധിക്കെതിരേ അവര്‍ക്ക് അപ്പീല്‍ നല്‍കാം. വിധി തെറ്റായെന്നുള്ളതിനുള്ള കാര്യങ്ങള്‍ ബോധിപ്പിക്കാം. തുറന്ന ജയിലിലാണ് മധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള വിചാരണ നടന്നത്. താല്‍പാര്യമുള്ളവര്‍ക്ക് വിചാരണക്ക് സാക്ഷ്യംവഹിക്കാം. വിധിയില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അവര്‍ക്കത് സൂചിപ്പിക്കാമെന്ന് സൂക്കി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇരു മാധ്യമപ്രവര്‍ത്തകരെയും മ്യാന്‍മര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് സെപ്്റ്റംബര്‍ മൂന്നിനാണ് മ്യാന്‍മര്‍ ജില്ലാ കോടതി വിധിച്ചത്. ഔദ്യോഗിക രേഖകള്‍ കൈവശമുണ്ടായിരിക്കെയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പൊലിസ് ഓഫിസര്‍ ഇവര്‍ക്ക് കൈമാറിയതായിരുന്നു രേഖകള്‍. തങ്ങളെ പിടികൂടാനായി മ്യാന്‍മര്‍ പൊലിസ് നടത്തിയ പദ്ധതിയായിരുന്നു രേഖകളുടെ കൈമാറ്റമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. രേഖകള്‍ പൊലിസ് കൈമാറുന്നതിന് സാക്ഷിയായിരുന്നുവെന്ന് ദൃക്‌സാക്ഷി കോടതിയില്‍ പറഞ്ഞിരുന്നു.
മ്യാന്‍മറിലെ ഇന്‍ ദിനില്‍ റോഹിംഗ്യകള്‍ക്കെതിരേ സൈന്യം ആക്രമണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ തിരിഞ്ഞത്. തുടര്‍ന്ന് ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ പത്ത് റോഹിംഗ്യന്‍ മുസ്‌ലിംകളെ കൊലപ്പെടുത്തിയതില്‍ പങ്കാളികളായതിന് ഏഴ് സൈനികര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
റാഖൈനില്‍ റോഹിംഗ്യകള്‍ക്കതെിരേയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സൈന്യത്തിന്റെ ആക്രമണങ്ങള്‍ വാ ലോണ്‍, ക്വോ സാ ഊ എന്നിവര്‍ പുറത്തുകൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."