നവകേരളം: മൂന്നാം ദിവസം ലഭിച്ചത് 3.16 കോടി
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെഅഞ്ച് കേന്ദ്രങ്ങളില്‍ നിന്ന് വ്യാഴാഴ്ച ലഭിച്ചത് 3,16,84,480 രൂപ. ഇതോടെ നവകേരള നിര്‍മാണത്തിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവസമാഹരണത്തില്‍ ജില്ലയില്‍ നിന്ന് മൂന്ന് ദിവസത്തിനകം 10.64 കോടി രൂപ ലഭിച്ചു. കൊച്ചുകുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ തങ്ങളാലാവും വിധം സഹായങ്ങള്‍ ധനസമാഹരണത്തിന് നേതൃത്വം നല്‍കിയ മന്ത്രി കെ.കെ ശൈലജക്ക് കൈമാറി. ആലക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, നടുവില്‍ പഞ്ചായത്തുകളുടെ വിഭവ സമാഹരണത്തില്‍ 33,50,896 രൂപ ലഭിച്ചു. തന്റെ ആകെ സമ്പാദ്യമായ സ്ഥലം വിറ്റുകിട്ടിയ പണത്തില്‍ നിന്ന് 50,000 രൂപ നല്‍കിയ ഭര്‍ത്താവോ കുട്ടികളോ ഇല്ലാത്ത നരിയമ്പാറ സ്വദേശി സി.എം അമ്മിണിയമ്മയും ഓണാഘോഷത്തിനായി സമാഹരിച്ച 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ആനക്കുഴി എസ്.ടി കോളനിക്കാരും മാതൃകയായി. മണക്കടവ് ശ്രീപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ സമാഹരിച്ച 67,000 രൂപയും മന്ത്രിക്ക് കൈമാറി. കെ.സി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വി.പി ഗോവിന്ദന്‍, എം. മൈമൂനത്ത്, മോളി കാടന്‍കാവില്‍, മിനി മാത്യു, ബിന്ദു ബാലന്‍, ജോയ് കൊന്നക്കല്‍ സംസാരിച്ചു.
ശ്രീകണ്ഠപുരം മുനിസിപ്പല്‍ ഹാളില്‍ നടന്ന നഗരസഭയുടെയും ചെങ്ങളായി, പയ്യാവൂര്‍, എരുവേശി പഞ്ചായത്തുകളുടെയും വിഭവ സമാഹണത്തില്‍ ലഭിച്ച 97,60,000 രൂപ ബന്ധപ്പെട്ടവര്‍ മന്ത്രിക്ക് കൈമാറി. പി.പി രാഘവന്‍, അഡ്വ. കെ.കെ രത്‌നകുമാരി, ഡെയ്‌സി ചിറ്റൂപ്പറമ്പില്‍, അഡ്വ. ജോസഫ് ഐസക്ക് സംസാരിച്ചു.
മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുറ്റിയാട്ടൂര്‍, മലപ്പട്ടം, മയ്യില്‍ പഞ്ചായത്തുകളുടെ ധനസമാഹരണത്തില്‍ 52,11,234 രൂപ സംഭാവനയായി ലഭിച്ചു. താന്‍ ആദ്യമായി എഴുതിയ കവിതാ പുസ്തകം വിറ്റുകിട്ടിയ മുഴുവന്‍ തുകയായ 6200 രൂപ സഹദേവന്‍ മലപ്പട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. ടി. വസന്തകുമാരി, പി. ബാലന്‍, എന്‍. പദ്മനാഭന്‍, പി. പുഷ്പജന്‍, കെ. നാണു പങ്കെടുത്തു.
മുല്ലക്കൊടി ബാങ്ക് ഹാളില്‍ നടന്ന ധനസമാഹരണത്തില്‍ 43,04,068 രൂപ മന്ത്രിയെ ഏല്‍പ്പിച്ചു. കെ. ശ്യാമള, കെ.സി.പി ഫൗസിയ സംസാരിച്ചു.
ആന്തൂരില്‍ നടന്ന തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകളുടെയും പട്ടുവം, പരിയാരം, കുറുമാത്തൂര്‍ പഞ്ചായത്തുകളുടെയും വിഭവ സമാഹരണ പരിപാടിയില്‍ 90,58,282 രൂപ സംഭാവനയായി ലഭിച്ചു. ആന്തൂര്‍ മുനിസിപ്പാലിറ്റി പരിസരത്ത് നടന്ന ചടങ്ങില്‍ പി.കെ ശ്യാമള, അള്ളാംകുളം മഹമ്മൂദ്, ടി. ലത, ആനക്കീല്‍ ചന്ദ്രന്‍, എ. രാജേഷ്, ഐ.വി നാരായണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."