പി.ഡി.പിയില്‍നിന്ന് മൂന്ന് നേതാക്കള്‍ രാജിവച്ചു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് മൂന്ന് നേതാക്കള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ടി.എസ് ബജ്‌വ, വേദ് മഹാജന്‍, ഹുസൈന്‍ എ വഫ എന്നിവരാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടി അധ്യക്ഷ മെഹ്ബൂബ മുഫ്തിക്ക് മൂവരും രാജിക്കത്ത് അയച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ ഇനി ദേശീയ പതാക ഉയര്‍ത്തില്ലെന്ന് മെഹ്ബൂബ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളുടെ ദേശസ്‌നേഹത്തെ മുറിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് നേതാക്കളും രാജിവച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്ത കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ പുനഃസ്ഥാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ദേശീയ പതാക ഉയര്‍ത്താനോ തനിക്ക് താല്‍പര്യമില്ലെന്ന് അവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനയുടെ 370ാം അനുച്ഛേദ പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ മെഹ്ബൂബ അടക്കമുള്ള നിരവധി നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. 14 മാസം വീട്ടുതടങ്കലില്‍ കഴിഞ്ഞ മെഹ്ബൂബയെ അടുത്തിടെയാണ് മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."