ഇടയ പീഡനം: ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ല
കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച് അന്വേഷണ സംഘം വ്യക്തമായ തീരുമാനങ്ങളിലേക്ക്. നിര്‍ണായക തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍.
19നു നടക്കുന്ന ചോദ്യംചെയ്യലിനു ശേഷം ബിഷപ്പിനെ അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീയും സാക്ഷികളും ബിഷപ്പും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നു കണ്ടെത്തിയിരുന്നെങ്കിലും ആ കുറവുകള്‍ പരിഹരിക്കുന്നതരത്തിലുള്ള അന്വേഷണം നടത്താന്‍ പൊലിസിനായി. രേഖപ്പെടുത്തിയ 81 സാക്ഷിമൊഴികളില്‍ മൂന്നെണ്ണം കുറ്റകൃത്യം നടന്നെന്നു സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തമായ തെളിവുകളാണ്. അതിനാല്‍ ചോദ്യംചെയ്യലിനു ഹാജരാകുന്ന ഫ്രാങ്കോയെ അറസ്റ്റു ചെയ്യാനാണ് സാധ്യത.
അതേസമയം, ചോദ്യംചെയ്യലിനു ഹാജരാകാനുള്ള നോട്ടിസ് ലഭിച്ചില്ലെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ വാദം പൊലിസ് തള്ളി. ജലന്ധര്‍ പൊലിസ് കമ്മിഷണറുടെ ഔദ്യോഗിക ഇ- മെയില്‍ വിലാസത്തിലാണ് നോട്ടിസ് അയച്ചതെന്നു കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍ പറഞ്ഞു. കൂടാതെ വാട്‌സ്ആപ് വഴിയും നോട്ടിസ് കൈമാറിയിട്ടുണ്ട്. നോട്ടിസ് അയച്ച കാര്യം എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ ജലന്ധര്‍ കമ്മിഷണറുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.
നോട്ടിസ് ബിഷപ്പിനു നേരിട്ടു കൈമാറണമെന്നാണ് ജലന്ധര്‍ കമ്മിഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകര്‍പ്പ് സഹിതം മറുപടി ലഭിക്കുമ്പോഴാണ് നോട്ടിസ് കൈപ്പറ്റിയതിന്റെ നടപടിക്രമം പൂര്‍ത്തിയാകുന്നത്.
അത് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്നലെ രാത്രി വൈകി ബിഷപ്പ് നോട്ടിസ് കൈപറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.19നു രാവിലെ 10ന് മുന്‍പായി ഹാജരാകണമെന്നാണ് പൊലിസിന്റെ നിര്‍ദേശം. ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ നോട്ടിസ് ലഭിച്ചാല്‍ ഹാജരാകുമെന്നും അല്ലെങ്കില്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നുമായിരുന്നു ബിഷപ്പിന്റെ അഭിഭാഷകനായ മന്ദീപ് സിങ്ങിന്റെ പ്രതികരണം. കേസില്‍ ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."