നമ്പിനാരായണന്‍ പൊരുതി നേടിയ നീതി
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അനാവശ്യമായി അറസ്റ്റ് ചെയ്തു ദ്രോഹിക്കപ്പെട്ട പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് ഒടുവില്‍ സുപ്രിംകോടതിയില്‍നിന്നു നീതി ലഭിച്ചിരിക്കുകയാണ്. നിരപരാധിയായ തന്നെ അനാവശ്യമായി കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ ഹരജി പരിഗണിച്ച സുപ്രിംകോടതി, നമ്പിനാരായണനു സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണു വിധിച്ചിരിക്കുന്നത്. ഈ തുക നമ്പിനാരായണനെ കേസില്‍ കുടുക്കിയ അന്വേഷണോദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം. കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചന്വേഷിക്കാന്‍ മുന്‍ ജഡ്ജി ജയിന്‍ അധ്യക്ഷനായി ഒരു സമിതിയെയും നിയോഗിച്ചു.
24 വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിന് ഒടുവിലാണ് നമ്പിനാരായണനു നീതി ലഭിക്കുന്നത്. പൂര്‍ണമായി നീതി ലഭ്യമായോയെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാനായെങ്കിലും കാല്‍ നൂറ്റാണ്ടുകാലം അദ്ദേഹം അനുഭവിച്ച യാതനകള്‍ക്ക് ഇതൊന്നും പരിഹാരമാവില്ല.
നാസയിലെ ഫെലോഷിപ്പും അവിടെ ലഭിക്കുമെന്നുറപ്പായ ഉന്നതപദവിയും വാഗ്ദാനം ചെയ്യപ്പെട്ട അമേരിക്കന്‍ പൗരത്വവുമൊക്കെ വേണ്ടെന്നുവച്ചു പിറന്ന നാടിന്റെ ബഹിരാകാശ സാങ്കേതികവിദ്യ വളര്‍ത്തിയെടുക്കാന്‍ തുനിഞ്ഞ അദ്ദേഹത്തോട് അത്രയധികം ക്രൂരതയാണു കുറേ രാഷ്ട്രീയക്കാരും പൊലിസുദ്യോഗസ്ഥരും ചില പത്രങ്ങളും കാട്ടിയത്.
ആഗോളതലത്തില്‍ വേരുകളുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു സൂചനയുള്ള ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെതിരേ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആയുധമാക്കുകയും അന്നത്തെ പ്രതിപക്ഷവും ചില പത്രങ്ങളും അതിനൊപ്പം നില്‍ക്കുകയും ചെയ്തതോടെയാണു കത്തിപ്പടര്‍ന്നത്. കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ കരുണാകരന്‍, ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരായ നമ്പിനാരായണന്‍, ശശികുമാര്‍, മാലിയില്‍ നിന്നു കേരളത്തിലെത്തിയ വനിതകളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ തുടങ്ങിയ നിരപരാധികളാണ് ഇരകളായത്.
റഷ്യയുടെ സഹകരണത്തോടെ ഇന്ത്യയില്‍ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാന്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ച കാലത്താണു കേസ് പൊട്ടിപ്പുറപ്പെടുന്നത്. 935 കോടി രൂപയുടെ ക്രയോജനിക് റോക്കറ്റുകള്‍ വിദേശരാജ്യങ്ങള്‍ക്കു വില്‍ക്കാന്‍ നാസ പദ്ധതിയിടുന്ന കാലം കൂടിയായിരുന്നു ഇത്. അമേരിക്കയുടെ കച്ചവടതാല്‍പ്പര്യത്തിനു വിഘാതമാവുന്നതായിരുന്നു ഇന്ത്യയുടെ ക്രയോജനിക് ടെക്‌നോളജി ഡയരക്ടറായിരുന്ന നമ്പിനാരായണനും റഷ്യന്‍ ഗ്ലവ്‌കോസ്‌മോസിലെ ക്രയോജനിക് മേധാവി പ്രൊഫ. ദുനൈവും ഒപ്പുവച്ച കരാര്‍.
അമേരിക്കയുടെ ഉടക്കു ഭയന്നു റഷ്യ കരാറില്‍നിന്നു പിന്മാറിയെങ്കിലും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ക്രയോജനിക് യന്ത്രങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. അതിന്റെ സാങ്കേതിക വിദ്യ അറിയാവുന്ന നമ്പിനാരായണനും ശശികുമാറും അമേരിക്കന്‍ താല്‍പ്പര്യത്തിന്റെ കണ്ണിലെ കരടായതാണ് ഈ ഗൂഢാലോചനയ്ക്കു കാരണമായതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മാലിയില്‍നിന്നു വന്ന മറിയം റഷീദയെയും ഫൗസിയ ഹസ്സനെയും ചാരവനിതകളായി മുദ്രയടിച്ചുണ്ടാക്കിയ കേസില്‍ അവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു നമ്പിനാരായണനെയും ശശികുമാറിനെയും പ്രതികളാക്കിയത്. കടുത്ത പീഡനങ്ങള്‍ക്കാണ് ഇവര്‍ ഇരകളായത്. കൂട്ടത്തില്‍ ആരോപണവിധേയരായ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേസിന്റെ കാര്യത്തില്‍ തുടക്കത്തില്‍ തന്നെ സംശയം തോന്നിയതിനാല്‍ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ തയാറായില്ല. അദ്ദേഹത്തെ താഴെയിറക്കാന്‍ പാര്‍ട്ടിയിലെ എ ഗ്രൂപ്പ് ഇതൊരു ആയുധമാക്കി. പ്രതിപക്ഷവും തലസ്ഥാനത്തെ ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ വിവാദം കത്തിപ്പടര്‍ന്നു. കരുണാകരനു രാജിവയ്‌ക്കേണ്ടി വന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നു സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയപ്പോഴാണു കോടതി നമ്പിനാരായണനെ കുറ്റവിമുക്തനാക്കിയത്. അപ്പോഴേയ്ക്കും പൊലിസ് പീഡനത്തിനു പുറമെ സമൂഹത്തില്‍നിന്നു കടുത്ത അപമാനവും ഏറ്റുവാങ്ങി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അദ്ദേഹം. അധികാരഭ്രഷ്ടനായി പ്രതാപം നഷ്ടപ്പെട്ട കരുണാകരന്റെ രാഷ്ട്രീയപതനം ഈ കേസോടെ തുടങ്ങി. ജയില്‍വാസമടക്കം കടുത്ത ദുരിതങ്ങള്‍ സഹിച്ചാണു നിരപരാധികളായ മാലി വനിതകള്‍ നാട്ടിലേയ്ക്കു മടങ്ങിയത്.
എത്ര വലിയ തുക നഷ്ടപരിഹാരം ലഭിച്ചാലും പരിഹരിക്കാനാവുന്നതല്ല ഇവര്‍ക്കൊക്കെ സംഭവിച്ച നഷ്ടങ്ങള്‍. കരുണാകരനു നീതി ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ കെ. മുരളീധരനും പത്മജയും പറയുന്നതു തീര്‍ത്തും സത്യമാണ്. കരുണാകരനെതിരേ കരുക്കള്‍ നീക്കിയതില്‍ പങ്കാളിയായ ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പിന്നീടു പശ്ചാത്തപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പരിഹാരമാകുന്നില്ല.
നിരപരാധികളെ രാജ്യദ്രോഹം പോലുള്ള കടുത്ത കേസുകളില്‍ പെടുത്തി ഉപദ്രവിക്കുന്ന രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയകള്‍ക്കു കനത്ത താക്കീതാണ് ഇന്നലെയുണ്ടായ സുപ്രിംകോടതി വിധി. ചെയ്തുകൂട്ടിയ പാതകങ്ങള്‍ക്ക് അവര്‍ കണക്കുപറയേണ്ടതുണ്ട്. കേസ് കെട്ടിച്ചമയ്ക്കാന്‍ കൂട്ടുനിന്ന അന്നത്തെ ഉന്നത പോലിസുദ്യോഗസ്ഥരില്‍ പലരും ജീവിച്ചിരിപ്പുണ്ട്. ക്രയോജനിക് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ രാജ്യത്തെ രണ്ടു പതിറ്റാണ്ടോളം പിറകോട്ടു വലിച്ച ഈ ഗൂഢാലോചനയില്‍ പങ്കാളികളാകുക വഴി അവര്‍ ചെയ്തതു രാജ്യദ്രോഹം തന്നെയാണ്.
അവര്‍ കുറ്റക്കാരാണെന്നു സുപ്രിംകോടതി നിയോഗിച്ച സമിതി കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തുക ഈടാക്കുന്നതില്‍ മാത്രമൊതുങ്ങാതെ അവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ള മറ്റുള്ളവര്‍ക്കുമെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."