റമീസിന്റെ മൊഴി: പുറത്തു വരുന്നത് കൂടുതല്‍ ഇടപാടുകാരുടെ വിവരങ്ങള്‍
കൊച്ചി: സ്വപ്ന സുരേഷ്, പി.ആര്‍ സരിത്ത്, സന്ദീപ് നായര്‍, കെ.ടി റമീസ് തുടങ്ങിയവരില്‍ ചുറ്റിത്തിരിഞ്ഞ സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കടത്തില്‍ ആദ്യം പിടിയിലായവരില്‍നിന്നാണ് യു.എ.ഇയില്‍നിന്നു സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ഫൈസല്‍ ഫരീദ്, കെ.ടി റമീസ്, റബിന്‍സ് എന്നിവരെക്കുറിച്ചുള്ള വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിക്കുന്നത്.
ഇവരിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് ഷമീര്‍, ദാവൂദ് അല്‍ അറബി എന്നീ പുതിയ പേരുകള്‍ കൂടി പുറത്തു വന്നത്. അതേസമയം ദാവൂദ് അല്‍ അറബി യു.എ.ഇ പൗരനാണെന്ന റമീസിന്റെ മൊഴി എന്‍.ഐ.എ മുഖവിലയ്‌ക്കെടുത്തിട്ടില്ല.
കേസില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ച റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ ദാവൂദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ദാവൂദ് അല്‍ അറബിയുമായി റബിന്‍സിന് അടുത്ത ബന്ധമുണ്ടെന്നും റമീസിന്റെ മൊഴിയിലുണ്ട്. ദാവൂദും റബിന്‍സും ചേര്‍ന്നാണ് യു.എ.ഇയില്‍നിന്ന് സ്വര്‍ണം അടങ്ങിയ കാര്‍ഗോ അയച്ചിരുന്നത്.
വാട്ടര്‍ പ്യൂരിഫയറില്‍ ഒളിപ്പിച്ചാണ് ആദ്യ നാലു തവണ സ്വര്‍ണം കടത്തിയതെന്ന് റമീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചാം തവണ കാര്‍ഗോയില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജ് പിടിച്ചുവയ്ക്കുകയും തിരിച്ചയക്കുകയും ചെയ്തു. കൊല്‍ക്കത്ത സ്വദേശി മുഹമ്മദിന്റെ പേരിലാണ് ആദ്യം സ്വര്‍ണം കടത്തിയിരുന്നത്. 30 കിലോ സ്വര്‍ണം അടങ്ങിയ ബാഗേജ് ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനുശേഷം താന്‍ തിരുവനന്തപുരത്തെത്തി രഹസ്യകേന്ദ്രത്തില്‍ വച്ച് സരിത്ത്, സന്ദീപ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നതായി റെമീസ് പറയുന്നു.
പിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്തം സരിത്ത് ഏറ്റെടുക്കണമെന്ന് അന്ന് തീരുമാനിച്ചിരുന്നു. പരമാവധി ഒരു വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി എന്നും ആറു മാസത്തിനകം തന്നെ പിഴയടച്ച് പുറത്തിറങ്ങാന്‍ കഴിയുമെന്നും ചര്‍ച്ചയില്‍ താന്‍ അവരെ പറഞ്ഞു മനസിലാക്കി. താന്‍ പുറത്തുനിന്നാല്‍ മാത്രമേ പിഴ അടക്കല്‍ ഉള്‍പ്പെടെ സരിത്തിനെ പുറത്തു കൊണ്ടുവരാനുള്ള പദ്ധതി നടപ്പാകുകയുള്ളൂ എന്ന് അവരെ ബോധ്യപ്പെടുത്തിയെന്നും റമീസിന്റെ മൊഴിയിലുണ്ട്.
സ്വര്‍ണക്കടത്തിനുള്ള പണം ഹവാലയായി ദുബൈയില്‍ എത്തിക്കാനും സ്വര്‍ണം ശേഖരിക്കാനും റമീസ് ചുമതലപ്പെടുത്തിയിരുന്നയാളാണ് റബിന്‍സ്. റമീസിന്റെ ടാന്‍സാനിയ യാത്രയിലും ഇയാള്‍ ഉണ്ടായിരുന്നു. ടാന്‍സാനിയയിലെ ആയുധ വില്‍പനശാലയില്‍ റബിന്‍സിനൊപ്പം തോക്കുമായി നില്‍ക്കുന്ന റമീസിന്റെ ചിത്രങ്ങളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."