ഫ്രാന്‍സിന്റെ ഇസ്‌ലാംവിരുദ്ധ നിലപാട്: ലോകമെങ്ങും പ്രതിഷേധം തുടരുന്നു
ധാക്ക: ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബംഗ്ലാദേശില്‍ ഫ്രഞ്ച് ഉള്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പതിനായിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലിയാണ് നടന്നത്.
ഇസ്‌ലാമി ആന്ദോളന്‍ ബംഗ്ലാദേശ് (ഐ.എ.ബി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. 40,000 ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തെന്ന് പൊലിസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രഞ്ച് എംബസിക്ക് മുന്നിലാണ് മാര്‍ച്ച് അവസാനിച്ചത്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു. മാക്രോണിന്റെ കോലം കത്തിച്ച പ്രതിഷേധക്കാര്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് മുതിര്‍ന്ന ഐ.എ.ബി നേതാവ് അതാഉര്‍റഹ്മാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫലസ്തീനിലെ ജറൂസലമില്‍ ബാനറുകളുമായി നൂറുകണക്കിനുപേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
മുസ്‌ലിംകള്‍ക്കെതിരേയുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് മാക്രോണിനെതിരേ വിവിധ മുസ്‌ലിം രാജ്യങ്ങള്‍ രംഗത്തെത്തിയത്. മുസ്‌ലിംകള്‍ക്കു മേല്‍ വിഘടനവാദം ആരോപിക്കുകയും ഇസ്‌ലാമിനെ 'ലോകമാകെ പ്രതിസന്ധിയിലായ ഒരു മതം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തുകൊണ്ടാണ് മാക്രോണ്‍ പ്രകോപനം സൃഷ്ടിച്ചത്. രാജ്യത്തെ 60 ലക്ഷം മുസ്‌ലിംകളെ ഫ്രാന്‍സിന്റെ റിപ്പബ്ലിക്കന്‍ മൂല്യങ്ങളുമായി കൂടുതല്‍ അനുയോജ്യമാക്കുന്നതിന് 'ഇസ്‌ലാമിനെ പരിഷ്‌കരിക്കാനുള്ള' പദ്ധതിയും ഫ്രഞ്ച് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. പാരിസിലെ സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ പ്രവാചകനെ അപമാനിക്കുന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മാക്രോണിന്റെ പ്രസ്താവന.
ഫ്രഞ്ച് അംബാസഡറെ വിളിച്ചുവരുത്തി ഇറാന്‍
തെഹ്‌റാന്‍: ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അധിക്ഷേപിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ഫ്രഞ്ച് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
പ്രവാചകനെ അനാദരിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് അംബാസഡറോട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."