'റേഷന്‍ കാര്‍ഡ് നല്കുന്നതില് വീഴ്ച: ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണം'
കോഴിക്കോട്: കുടുംബത്തിനു പുതിയ റേഷന്‍ കാര്‍ഡ് നല്കാന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
റേഷന്‍ സാധനങ്ങള്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കേണ്ട ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും അതില്‍ വീഴ്ച വരുത്തുന്നവര്‍ കുറ്റക്കാരാണെന്നും കമ്മിഷന് ജുഡിഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
വെസ്റ്റ്ഹില്‍ പുതിയങ്ങാടി സ്വദേശിനി എം.കെ ജോഷിത നല്കിയ പരാതിയിലാണു നടപടി. സംഭവത്തില്‍ കമ്മിഷന് ജില്ലാ സപ്ലൈ ഓഫിസറില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി. ഇതില്‍ ഈ മാസം തന്നെ പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുമെന്നു പറയുന്നു. എന്നാല്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനു വേണ്ടി താന്‍ സപ്ലൈ ഓഫിസില്‍ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥര്‍ തന്റെ പരാതി കേള്‍ക്കാന്‍ പോലും തയാറായില്ലെന്ന് പരാതിക്കാരി പറഞ്ഞു.
ഒന്‍പതു മാസം പരാതിക്കാരിക്ക് റേഷന്‍ സാധനങ്ങള്‍ നഷ്ടമായി. റിപ്പോര്‍ട്ടില്‍ കാര്‍ഡ് പുതുക്കാനുണ്ടായ കാലതാമസത്തെ കുറിച്ച് പറയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."