തെരേസാ മേ ടോറി അധ്യക്ഷസ്ഥാനം രാജിവച്ചു
ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി (ടോറി)യുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. അതേസമയം, പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നതുവരെ അവര്‍ അധികാരത്തില്‍ തുടരും.
1,059 ദിവസം അധികാരത്തിലിരുന്നിട്ടും യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന് പുറത്തുപോവുന്നതിനുള്ള (ബ്രെക്സിറ്റ് ) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മേ രാജി പ്രഖ്യാപിച്ചത്.
2016 ജൂണ്‍ 23ന് നടത്തിയ ഹിതപരിശോധനയില്‍ 52 ശതമാനം പേര് യൂറോപ്യന്‍ യൂനിയനില്‍ നിന്നു ബ്രിട്ടന് പുറത്തുപോവുന്നതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് ബ്രെക്സിറ്റ് പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം എങ്ങനെ ബ്രെക്സിറ്റ് നടപ്പാക്കണമെന്നതു സംബന്ധിച്ച് യു.കെയും യൂറോപ്യന്‍ യൂനിയനും ഒരു പദ്ധതിക്കു രൂപംകൊടുത്തിരുന്നു. എന്നാല്‍ ഈ പദ്ധതിയെ ഭരണകക്ഷിയായ ടോറി പാര്‍ട്ടിയിലെ എം.പിമാരില്‍ ചിലര്‍ എതിര്‍ക്കുകയും ചില മന്ത്രിമാര്‍ രാജിവയ്ക്കുകയും ചെയ്തു.
എന്നാല്‍ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതിനായി മേ കൊണ്ടുവന്ന പ്രമേയം മൂന്നുതവണ പാര്‍ലമെന്റ് തള്ളുകയായിരുന്നു. തുടര്‍ന്ന് ബ്രെക്സിറ്റിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ യൂറോപ്യന്‍ യൂനിയന്‍ നീട്ടിക്കൊടുത്തിട്ടുണ്ട്.
ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഒരുപോലെ എതിര്‍പ്പു വന്നതോടെയാണ് തെരേസ മേ രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായത്. മുന്‍ ലണ്ടന്‍ മേയറും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോണ്സന് മേയുടെ പിന്‍ഗാമിയായി വരാനാണ് സാധ്യത.
അദ്ദേഹം പ്രധാനമന്ത്രിയാവുന്നതിനെ പിന്തുണയ്ക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. പുതിയ പ്രധാനമന്ത്രിയെ ജൂലൈ 22ന് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."