പനി; ജില്ലയില്‍ ഇന്നലെ ചികിത്സ തേടിയത് 640 പേര്‍
കൊച്ചി: ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ വിഭാഗങ്ങളില്‍ പനി ബാധിച്ച് 640 പേര്‍ ചികിത്സ തേടി. 25 പേര്‍ കിടത്തി ചികിത്സാ വിഭാഗങ്ങളിലാണ്. വയറിളക്കരോഗങ്ങള്‍ ബാധിച്ച് 118 പേരും ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 9 പേരും ചികിത്സ തേടി. ഗാന്ധിനഗര്‍, വെങ്ങോല, രായമംഗലം, മഴുവന്നൂര്‍, വാഴക്കുളം, ഒക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സക്കെത്തിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ച രോഗികള്‍ ചൂര്‍ണ്ണിക്കര, വെങ്ങോല, കടുങ്ങല്ലൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നെത്തിയവരാണ്. എലിപ്പനി സംശയിക്കപ്പെടുന്ന രോഗികള്‍ എട്ട് പേരാണ്. ചേന്ദമംഗലം, അങ്കമാലി, ശ്രീമൂലനഗരം, കാലടി, രാമമംഗലം, പള്ളരുത്തി, കരുമാലൂര്‍, ആലുവ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് എലിപ്പനി ലക്ഷണങ്ങളുമായെത്തിയത്. രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. രായമംഗലം, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
അതേ സമയം പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന ഊര്‍ജിത ഉറവിട നിര്‍മാര്‍ജന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നെടുമ്പാശേരി എം.എ.എച്ച്.എസ് സ്‌കൂളില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു.
ഊര്‍ജിത കൊതുകു നിര്‍മാര്‍ജന പരിപാടി സെപ്റ്റംബര്‍ 15ന് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, നിര്‍മ്മാണസ്ഥലങ്ങള്‍, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും, സെപ്റ്റംബര്‍16 ന് വീടുകള്‍, മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലുമാണ് നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ സ്ഥാപനമേധാവികളുടെ നേതൃത്വത്തിലും, കടകളും, മറ്റ് സ്ഥാപനങ്ങളും ഉടമയും, വീടുകള്‍ ഗൃഹനാഥന്റെ ഉത്തരവാദിത്വത്തിലുമായിരിക്കണം ഉറവിട നിര്‍മാര്‍ജനം നടത്തേണ്ടത്. ഉപയോഗശൂന്യമായ വസ്തുക്കള്‍, ഒഴിഞ്ഞ കുപ്പികള്‍, കവറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, പൂച്ചെടികള്‍ എന്നിവയില്‍ വെള്ളം കെട്ടിനിന്നാല്‍ കൊതുക് മുട്ടയിട്ട് വളരുവാനിടയുണ്ട്.
കൂടാതെ വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങളിലും ചെടിച്ചെട്ടികളുടെ കീഴിലുള്ള ട്രേകളിലും ഫ്രിഡ്ജിന്റെ ഡീഫ്രോസ്റ്റ് ട്രെയിലുമൊക്കെ വെള്ളം കെട്ടി നില്‍ക്കാനിടയുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒരിടത്തും ഇല്ലായെന്ന് ഉറപ്പ് വരുത്തുകയാണ് ത്രിദിന ഉറവിട നിര്‍മാര്‍ജന പരിപാടിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."