ഗ്യാന്‍വ്യാപിയെ കാത്തിരിക്കുന്നത്
ബാബരിക്ക് പിന്നാലെ സംഘ്പരിവാര്‍ ഭരണകൂടം പിടിച്ചെടുക്കലുകളുടെ രണ്ടാം ഘട്ടത്തിലാണ്. സംഘ്പരിവാര്‍ പട്ടികയില്‍ തകര്‍ക്കേണ്ട പള്ളികളില്‍ രണ്ടാം സ്ഥാനത്തുള്ള മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് കൈവശപ്പെടുത്താന്‍ നിയമനടപടികള്‍ തുടങ്ങി. മൂന്നാം സ്ഥാനത്തുള്ള വരാണസിയിലെ ഗ്യാന്‍വ്യാപി അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് തകര്‍ക്കാനും അതിന്റെ ഭൂമി കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരത്തെ തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഗ്യാന്‍വ്യാപി മസ്ജിദ്. 2019 മാര്‍ച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ കോറിഡോറിന് തറക്കല്ലിടുന്നത്. 600 കോടിയുടെ പദ്ധതിയാണ് കാശി വിശ്വനാഥ് കോറിഡോര്‍. ഇതിനായി കാശി വിശ്വനാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുക്കണം. ചുറ്റുമുള്ള 300 വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചു നീക്കണം. ഈ 45,000 ചതുരശ്ര അടിയ്ക്കുള്ളിലാണ് ഗ്യാന്‍വ്യാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
കാശി വിശ്വനാഥ കോറിഡോര്‍ പദ്ധതി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പദ്ധതിയുടെ രൂപരേഖാ വിഡിയോ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ പള്ളിയെ പദ്ധതി പ്രദേശത്തിനുള്ളിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് ക്ഷേത്രത്തിന്റെ വികസനപദ്ധതിയില്‍ പള്ളി നിന്ന ഭൂമി കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തന്റെ മണ്ഡലത്തിലേക്കായി തയാറാക്കിയിട്ടുള്ളത്. 1930കള്‍ മുതല്‍ ഗ്യാന്‍വ്യാപി മസ്ജിദ് കൈവശപ്പെടുത്താന്‍ സംഘ്പരിവാര്‍ ശ്രമം നടത്തിവരികയാണ്. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ബാബരി മാതൃകയില്‍ ഗ്യാന്‍വ്യാപി പള്ളിയ്ക്കുള്ളില്‍ വിഗ്രഹം കടത്താനുള്ള ശ്രമം. നന്തി വിഗ്രഹം പള്ളി വളപ്പിനുള്ളിലെ വടക്കന്‍ മതിലിന്റെ അടുത്ത് കുഴിച്ചിടാന്‍ സംഘ്പരിവാര്‍ ശ്രമം നടത്തുകയായിരുന്നു. ശിവക്ഷേത്രങ്ങളിലെ പ്രവേശനകവാടത്തില്‍ സാധാരണ കണ്ടുവരാറുള്ളതാണ് നന്തിയുടെ വിഗ്രഹം. ഇത്തരത്തില്‍ പഴക്കമുള്ള വിഗ്രഹങ്ങളിലൊന്ന് പകല്‍ വെളിച്ചത്തില്‍ പള്ളിവളപ്പില്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്നത് പള്ളിക്കമ്മിറ്റിക്കാര്‍ കയ്യോടെ പിടികൂടി.
ബാബരി പള്ളി തകര്‍ത്തതിന് പിന്നാലെ ഗ്യാന്‍വ്യാപി മസ്ജിദ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 1993ല്‍ അന്‍ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ജില്ലാ ഭരണകൂടത്തെ സമീപിച്ചത് പള്ളി തകര്‍ക്കാന്‍ സംഘ്പരിവാര്‍ മുന്‍കാലങ്ങളില്‍ നിരന്തരം ശ്രമിച്ചുവരുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു. സര്‍വേ പ്രകാരം 8276ാം നമ്പര്‍ ഭൂമിയാണ് ഗ്യാന്‍വ്യാപിയുടേത്. അടുത്തുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റേത് 8263 നമ്പര്‍ ഭൂമിയാണ്. രണ്ടിനെയും വേര്‍തിരിക്കുന്ന മതിലുമുണ്ട്. എന്നാല്‍, അതുകൊണ്ടൊന്നും കാര്യമില്ല. 1936ല്‍ പള്ളി പിടിച്ചെടുക്കാന്‍ ഹിന്ദുത്വ സംഘടനകള്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിനായി പ്രദേശവാസികളില്‍ ചിലര്‍ പള്ളിയില്‍ അവകാശവാദമുന്നയിച്ച് ബനാറസ് സിവില്‍ കോടതിയെ സമീപിച്ചു. പള്ളിയിലെ നിസ്‌കാരം തടയണമെന്നും ഭൂമി ക്ഷേത്രത്തിന് വിട്ടുനല്‍കണമെന്നുമായിരുന്നു ആവശ്യം. 1937ല്‍ മുസ്‌ലിംകള്‍ക്ക് അവിടെ നിസ്‌കരിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു കോടതി വിധി. 1991ല്‍ സോമനാഥ് വ്യാസെന്ന ആര്‍.എസ്.എസ് നേതാവ് സ്വയം ഭൂവായ ശിവഭഗവാന്റെ പേരില്‍ സിവില്‍ കോടതിയില്‍ മറ്റൊരു കേസ് ഫയല്‍ ചെയ്തു. പള്ളി സോമനാഥ ക്ഷേത്രത്തിന് കൈമാറണമെന്നായിരുന്നു ആവശ്യം.
അതേവര്‍ഷം തന്നെ നരസിംഹ റാവു സര്‍ക്കാര്‍ പ്ലേസ് ഓഫ് വോര്‍ഷിപ്പ് ആക്ട് കൊണ്ടുവന്നിരുന്നു. ആരാധനാലയങ്ങളുടെ 1947 ഓഗസ്റ്റ് 15ന് മുമ്പുള്ള സ്ഥിതി മാറ്റുന്നത് തടയുന്നതായിരുന്നു നിയമം. 17ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട പള്ളിയുടെ ഉടമസ്ഥത സംബന്ധിച്ച രേഖകളെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടും പള്ളി 1947ന് മുമ്പ് അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമാക്കാന്‍ 1998ല്‍ കോടതി സാക്ഷികള്‍ക്ക് സമന്‍സയച്ചു. വിചിത്രമായ നടപടിയായിരുന്നു കോടതിയുടേത്. ഇതോടെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 1947ന് ശേഷമുണ്ടായ തര്‍ക്കത്തിന് മാത്രമേ പ്ലേസ് ഓഫ് വോര്‍ഷിപ്പ് ആക്ട് ബാധകമാവുകയുള്ളൂവെന്നും 1937ലെ ബനാറസ് സിവില്‍ കോടതിയുടെ വിധി തന്നെ പള്ളിയുടെ ഉടമസ്ഥാവകാശം മുസ്‌ലിംകള്‍ക്കാണെന്ന വ്യക്തമാക്കുന്നതുമാണെന്നുമാണ് പള്ളിക്കമ്മിറ്റി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. അടിയന്തിരമായി പരിഗണിക്കേണ്ട കേസായിരുന്നിട്ടും നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം 2018ലാണ് അലഹബാദ് ഹൈക്കോടതി വിചാരക്കോടതിയിലെ കേസ് നടപടികള്‍ സ്റ്റേ ചെയ്യുന്നത്. ഇതിനിടെ 1995ല്‍, പള്ളിവളപ്പിനോട് ചേര്‍ന്നുള്ള ഭാഗത്ത് ജലധാര നടത്താന്‍ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് നേതാവായ ശിവകുമാര്‍ ശുക്‌ള കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി അതിന് അനുമതി നല്‍കിയില്ല.
അതേവര്‍ഷം നവരാത്രിയില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളും ബി.ജെ.പി നേതാവ് ഉമാഭാരതിയും ക്ഷേത്രത്തിലെത്തി ചടങ്ങുകളില്‍ പങ്കെടുക്കുകയും പള്ളി പിടിച്ചെടുക്കാനുള്ള നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 2000ത്തില്‍ ക്ഷേത്രത്തില്‍ നിന്ന് പിഴുതെടുത്ത ശിവലിംഗം പള്ളിയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് പ്രദേശത്ത് ഹിന്ദു - മുസ്‌ലിം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത് പുറത്തുപറഞ്ഞത് പ്രദേശത്തെ ഹിന്ദു പുരോഹിതന്‍ മഹന്ദ് രാജേന്ദ്ര തിവാരിയാണ്. ക്ഷേത്രത്തിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി തലവന്‍ എസ്.കെ പാണ്ഡെയാണ് ഇതിന് നേതൃത്വം നല്‍കിയത്. എന്നാല്‍, സംഘര്‍ഷമുണ്ടാകും മുമ്പ് തന്നെ ജില്ലാ ഭരണകൂടം ഇടപെട്ടു. ജില്ലാ കലക്ടര്‍ ഫതഹ് ബഹദൂര്‍ പാണ്ഡെയെ ചുമതലയില്‍ നിന്ന് മാറ്റി. 2018 ഒക്ടോബര്‍ 25ന് സിവില്‍ കോടതി നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പ്രദേശത്തെ നിര്‍മാണ പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ പള്ളിയുടെ വടക്കന്‍ മതില്‍ തകര്‍ത്തു. ഇതോടെ പ്രദേശത്തെ മുസ്‌ലിംകള്‍ ഒത്തുകൂടി പ്രതിഷേധിച്ചു. പിന്നാലെ പള്ളിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിയും ജിതേന്ദ്രവ്യാസെന്ന വ്യക്തിയും സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജി പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി.
ബാബരി കൈയടക്കിയതിന് സമാനമായ അനവധി സംഭവങ്ങള്‍ക്കിടയിലാണ് മോദിയുടെ കോറിഡോര്‍ പദ്ധതി വരുന്നത്. ഫലത്തില്‍ ബാബരിക്ക് പിന്നാലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് മാത്രമല്ല, വരാണസിയിലെ ഗ്യാന്‍വ്യാപിയും ഭീഷണിയിലാണ്. ബാബരിയില്‍ രാമനായിരുന്നെങ്കില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്ണ ജന്‍മഭൂമിയാണെന്നാണ് അവകാശവാദം. ഗ്യാന്‍വ്യാപിയിലെത്തുമ്പോള്‍ അത് സ്വയംഭൂവായ ശിവനാണ്. രാമന്റെ പേരില്‍ 1980കള്‍ ഇന്ത്യയുടെ പൗരസമൂഹത്തിലും സാംസ്‌കാരിക ജീവിതത്തിലും ഹിന്ദുത്വ അജന്‍ഡ വെല്ലുവിളികളില്ലാതെ നടപ്പാക്കപ്പെടുകയായിരുന്നുവെങ്കില്‍ കൃഷ്ണനെയും ശിവനെയും അതേ പാതയില്‍ പ്രതിഷ്ഠിക്കുന്നതിന് സംഘ്പരിവാറിന് അത്ര തന്നെ അധ്വാനം വേണ്ടതില്ല. ഗ്യാന്‍വ്യാപി കൈയടക്കാനുള്ള പദ്ധതിയ്ക്കാകട്ടെ പ്രധാനമന്ത്രി മോദി സ്വന്തം മണ്ഡലത്തില്‍ നടപ്പാക്കാന്‍ പോകുന്ന വികസന പദ്ധതിയുടെ മറവുമുണ്ട്.
1949 ഡിസംബര്‍ 22നു പാതിരാത്രിയില്‍ ബാബരി മസ്ജിദിന്റെ താഴുതകര്‍ത്ത് രാമ വിഗ്രഹം കൊണ്ടുവച്ചശേഷം നാലു പതിറ്റാണ്ട് കഴിഞ്ഞ് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അതിനെ തടയാനാകാത്തവിധം ദുര്‍ബലമായ മതേതരത്വമേ ഇന്ത്യയില്‍ അവശേഷിച്ചിരുന്നുള്ളൂ. അവിടുന്നിങ്ങോട്ട് അധികാരത്തിനൊപ്പം ഇന്ത്യയുടെ സാമൂഹികശരീരത്തെ ഹിന്ദുത്വവല്‍ക്കരിക്കുക എന്ന സര്‍ജിക്കല്‍ സൂക്ഷ്മതയുള്ള രാഷ്ട്രീയപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സംഘ്പരിവാറിന് കഴിഞ്ഞിട്ടുണ്ട്. അത് പലകാലങ്ങളിലായി പല രീതിയില്‍ നടപ്പാക്കപ്പെട്ടതാണ്. നെഹ്‌റുവിയന്‍ കാലത്തില്‍ നിന്ന് മോദിയിലെത്തിയ ഇന്ത്യയില്‍ അയോധ്യ ഒരു വിവാദവിഷയമായിരുന്നില്ല, മറിച്ച് ഭരണകൂട അജന്‍ഡയായിരുന്നു. ആ സമൂഹത്തിലാണ് നാം ബാബരിക്ക് പിന്നാലെ ഷാഹി ഈദ്ഗാഹിനെയും ഗ്യാന്‍വ്യാപിയെയും ദയാവധത്തിനെന്നവണ്ണം ഇട്ടുകൊടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."