പ്രളയബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു
പാലക്കാട് : പ്രളയ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം പരിശോധന നടത്തി. ദുരന്ത നിവാരണ വിദഗ്ധന്‍ പീയുഷ് ഷെഖ്സാരിയ, കുടിവെള്ളം-പൊതുശുചിത്വ മേഖലാ വിദഗ്ധന്‍ പി. കെ കുര്യന്, കുടിവെള്ള വിഭാഗ വിദഗ്ധന്‍ ജയകുമാര്‍ എന്നിവരുടെ സംഘമാണ് മണ്ണാര്‍ക്കാട്, തൃത്താല ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
കൊട്ടോപാടം കരടിയോട് ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലവും പ്രളയത്തില്‍ വെള്ളം കയറിയ കെ.എസ്.ഇ.ബി തൃത്താല സബ്ഡിവിഷനും സന്ദര്‍ശിച്ചു. കരിമ്പുഴ കുടിവെള്ള പൈപ്പ്ലൈന് വഴി ശുദ്ധജലവിതരണം നടത്താന്‍ സ്ഥാപിച്ച പാലം പ്രളയത്തില്‍ ഒലിച്ചുപോയിരുന്നു. ഇവിടെ 35 ലക്ഷം ചെലവിട്ട് പാലം നിര്‍മിക്കും.
കനത്ത മഴയില്‍ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ച തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ നിലവിലെ സ്ഥിതിയും സംഘം പരിശോധിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.എന്‍ പ്രകാശ്, എക്സി.എഞ്ചിനീയര്‍മാരായ അബ്ദുള്‍ നാസര്‍, ആര്. ജയചന്ദ്രന്, ഷൊര്‍ണൂര്‍ ട്രാന്സ്മിഷന് വിഭാഗം എക്സി. എന്‍ജി. മാര്ട്ടിന്, ഇറിഗേഷന്‍ വകുപ്പ് എക്സി.എന്‍ജി. ഇ.കെ. അബ്ദുള്ള, മണ്ണാര്‍ക്കാട്, പട്ടാമ്പി തഹസില്‍ദാര്‍മാര്‍, വകുപ്പധികൃതര്‍, റവന്യൂ അധികൃതര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."