ചരിത്രരേഖകള്‍ വളച്ചൊടിക്കാന്‍ ശ്രമം
'പേരിലെന്തിരിക്കുന്നു'വെന്നു ചോദിക്കുന്ന കഥാപാത്രത്തെ സൃഷ്ടിച്ച ബ്രിട്ടിഷ് നാടകകൃത്ത് വില്യം ഷേക്‌സ്പിയറെക്കുറിച്ചു കേട്ടറിവില്ലാത്തവരുണ്ടാകില്ല. എന്തു പേരിട്ടു വിളിച്ചാലും റോസാപ്പൂവിന്റെ സൗരഭ്യത്തിന് എന്തു കുറവാണുണ്ടാവുകയെന്ന വാചകവും സുപ്രസിദ്ധം.
ഇന്ത്യയില്‍, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരമേറ്റ ബി.ജെ.പിക്ക് ഇതൊന്നും ദഹിക്കാത്ത മട്ടാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യാചരിത്രത്തെ അപ്പടി മാറ്റിയെഴുതാന്‍ എന്തു വഴിയെന്ന് അന്വേഷിച്ചു നടക്കുകയാണവര്‍. അതിന് ഉത്തമം ചരിത്രസ്മാരകങ്ങളുടെ പേരുകളില്‍ മായം ചേര്‍ക്കലാണെന്ന് അവര്‍ കണ്ടെത്തി.
പേരുമാറ്റങ്ങള്‍ പെരുമാറ്റസംഹിതയ്ക്കു വിധേയമാക്കേണ്ട കാര്യമില്ല. വ്യക്തികള്‍ മുതല്‍ രാജ്യങ്ങള്‍ വരെ നേരത്തെയുള്ള പേരുകള്‍ പെരുവഴിയില്‍ വലിച്ചെറിഞ്ഞു പുതിയ നാമധേയങ്ങള്‍ സ്വീകരിച്ചതിനു ഉദാഹരണങ്ങളേറെയുണ്ട്. അവര്‍ക്ക് അതിനു പൈതൃകമായ കാരണങ്ങളുമുണ്ടാവാം.
ഇറാന്‍ ഏറെക്കാലം അറിയപ്പെട്ടതു പേര്‍ഷ്യയെന്നായിരുന്നു. സിലോണ്‍ എന്നറിയപ്പെട്ട രാജ്യമാണു പിന്നെ ശ്രീലങ്കയായത്. മ്യാന്‍മറിന്റെ പഴയ പേര് ബര്‍മയെന്നായിരുന്നു. അബ്‌സീനിയയാണ് എത്യോപ്യയായി മാറിയത്. കമ്പോഡിയയുടെ പഴയ പേരു കംപൂച്ചിയയെന്നായിരുന്നു. സയര്‍ ആണല്ലൊ കോംങ്കോ ആയി മാറിയത്.
പേരു മാറ്റം കൊണ്ടു ചരിത്രം തിരുത്തിക്കാമെന്നതു വ്യാമോഹമാണ്. അത് നമ്മെ എവിടെയും കൊണ്ടെത്തിക്കില്ലെന്നു അതിനൊരുമ്പെടുന്നവര്‍ മനസ്സിലാക്കാത്തതാണു നമ്മുടെ നാടിന്റെ നിര്‍ഭാഗ്യം.
1947ല്‍ ഇന്ത്യ സ്വതന്ത്രമായ ഉടനെ നമ്മുടെ രാജ്യത്തിന്റെ പേരെന്തായിരിക്കണമെന്ന തര്‍ക്കം നടന്നിരുന്നു. ഭാരത്, ഹിന്ദുസ്ഥാന്‍, ഹിന്ദ്, ഭാരത്ഭൂമി തുടങ്ങിയ പേരുകളൊക്കെ നിര്‍ദേശിക്കപ്പെട്ടു. ഒടുവില്‍ ഭാരത് എന്നും ഇന്ത്യ എന്നും ആവാമെന്നു ഭരണഘടനാ നിര്‍മാതാക്കള്‍ തീരുമാനിച്ചു. അപ്പോള്‍ ഇന്ത്യ എന്ന ഭാരതം എന്നു വേണോ ഭാരതം എന്ന ഇന്ത്യ എന്നു വേണോ എന്നായി തര്‍ക്കം. ഒടുവില്‍, 51-38 വോട്ടുകള്‍ക്ക് ഇന്ത്യ എന്ന ഭാരതം എന്ന് അംഗീകരിക്കപ്പെടുകയായിരുന്നു.
ഈ പുനര്‍നാമവല്‍ക്കരണം ഉദ്ദേശിച്ചല്ല പറഞ്ഞതെങ്കിലും ചരിത്രത്തെ വളച്ചൊടിക്കാന്‍ ഇന്ത്യയില്‍ ശ്രമം നടക്കുന്നുവെന്നും രാജ്യത്ത് അസ്വസ്ഥതയും അസഹിഷ്ണുതയും വര്‍ധിച്ചുവരുന്നുവെന്നും ഇന്ത്യയില്‍ ഏറ്റവുമധികം കാലം ഉപരാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച ഡോ. ഹാമിദ് അന്‍സാരി കഴിഞ്ഞവര്‍ഷം പരസ്യമായിത്തന്നെ പ്രസ്താവിച്ചത് ഓര്‍ക്കുക.
രാഷ്ട്രീയനേതാവ് എന്നതിനേക്കാള്‍ നയതന്ത്രജ്ഞനായി അറിയപ്പെടുന്ന അന്‍സാരി സ്ഥാനമൊഴിയുന്ന അവസരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സാക്ഷിനിര്‍ത്തിയാണിതു വെട്ടിത്തുറന്നു പറഞ്ഞത്.
അന്‍സാരിയില്‍ നിന്ന് ഉപരാഷ്ട്രപതി പദം ഏറ്റെടുക്കാനിരിക്കുകയായിരുന്ന ബി.ജെ.പി നേതാവ് എം. വെങ്കയ്യനായിഡു ഇത് നിഷേധിക്കുകയുണ്ടായി. എന്നാല്‍, ഈ അസഹിഷ്ണുത ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്നുവെന്നതിന്റെ സൂചനകളാണു പേരുമാറ്റമെന്ന പേരില്‍ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ബോധ്യമാവുന്നത്. അമേരിക്കയിലും സഊദി അറേബ്യയിലും ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന ഹാമിദ് അന്‍സാരിയുടെ അഭിപ്രായം കേവലരാഷ്ട്രീയക്കാരന്റെ വിടുവായത്തമാണെന്ന് ആര്‍ക്കും തോന്നില്ല.
ഡല്‍ഹിയടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിലും റെയില്‍വേ സ്റ്റേഷനുകള്‍ക്കും റോഡുകള്‍ക്കുമൊക്കെ ഭരണപക്ഷാനുകൂലികളായ മുന്‍ നേതാക്കളുടെ പേരിടാന്‍ ശ്രമം നടക്കുന്നു. പുതിയ സ്റ്റേഷനുകളും പുതിയ റോഡുകളും വന്നുകൊണ്ടിരിക്കുമ്പോഴും അങ്ങോട്ടൊന്നും ശ്രദ്ധപതിപ്പിക്കാതെ ചരിത്രത്തില്‍ പതിഞ്ഞുകിടക്കുന്ന പൈതൃകങ്ങളിലാണു കൈവയ്ക്കുന്നത്.
ഉത്തര്‍പ്രദേശിലെ മുഗള്‍ സറായിയുടെ കഥയെടുക്കുക. പല ഭാഗങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ സന്ധിക്കുന്നതിനാല്‍ പ്രസിദ്ധമായ ഈ റെയില്‍വേ സ്റ്റേഷന് അന്‍പതുവര്‍ഷത്തെ പഴക്കമുണ്ട്. രണ്ടുമാസം മുമ്പ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഈ സ്റ്റേഷനു പുതിയ നാമകരണം പ്രഖ്യാപിച്ചു. പുതിയ പേര്, പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് ഏതാനും ദിവസം മാത്രം ഇരുന്നശേഷം ഈ സ്റ്റേഷനരികെ റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ദീനദയാല്‍ ഉപാധ്യായയുടേതത്രേ.
ലോക സപ്താത്ഭുതങ്ങളില്‍ ഒന്നായി എണ്ണപ്പെടുന്ന താജ്മഹലിനു നേരേയും ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം പണ്ടു മുതലേ ആരംഭിച്ചതാണ്. മുഗള്‍ചക്രവര്‍ത്തിയായ ഷാജഹാന്‍ സഹധര്‍മിണിയായ മുംതാസ് മഹലിന്റെ സ്മാരകമായി 21 വര്‍ഷത്തെ ശ്രമം നടത്തി 1653-ല്‍ പൂര്‍ത്തിയാക്കിയ വെണ്ണക്കല്‍ സൗധമാണു താജെന്ന് എല്ലാവര്‍ക്കുമറിയാം.
ലോക പൈതൃകസ്മാരകങ്ങളില്‍ ഒന്നായി യുനെസ്‌കോ പോലും അംഗീകരിച്ച താജ് നശിച്ചു പോകുകയാണെങ്കില്‍ അങ്ങനെയാവട്ടെയെന്നു കരുതിയാണു യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ താജ്മഹലിനെ സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ സംബന്ധിച്ച കൈപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയത്.
മഥുര എണ്ണ ശുദ്ധീകരണശാലയിലെ വിഷവാതകമേറ്റ് വെണ്ണക്കല്ലിന്റെ ശോഭ മങ്ങിക്കൊണ്ടിരിക്കുന്നതിനെതിരേ സുപ്രിംകോടതി വിധിയുണ്ടായിട്ടും താജിന്റെ പുനഃസംവിധാനമെന്ന പേരില്‍ സര്‍ക്കാര്‍ അനുവദിച്ച കോടികള്‍കൊണ്ടു താജില്‍ നിന്ന് ആഗ്ര കോട്ടയിലേയ്ക്കു റോഡ് നിര്‍മിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചത്.
തേജോ മഹാലയയെന്ന ശിവക്ഷേത്രം പൊളിച്ചാണു മുഗള്‍ചക്രവര്‍ത്തി താജ് പണിതതെന്നു കാണിച്ചു മഹാരാഷ്ട്രയില്‍ നിന്നുള്ള പുരുഷോത്തം നാഗേഷ് ഓക്ക് എന്ന പ്രമുഖന്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ പലതവണ അവകാശവാദമുന്നയിച്ചിരുന്നു. ചരിത്രപണ്ഡിതന്മാര്‍ അതു തള്ളിക്കളഞ്ഞപ്പോള്‍ ആര്‍.എസ്.എസ് നേതാവായ ഹരിശങ്കര്‍ ജെയിനെന്ന അഭിഭാഷകന്‍ ഹരജിയുമായി കോടതി വരെ പോവുകയും ചെയ്തതു ചരിത്രം.
യമുനാതീരത്ത് താജ്മഹല്‍ നിര്‍മിക്കാനുള്ള സ്ഥലം നാലുപ്രദേശങ്ങള്‍ പകരമായി നല്‍കി ജയ്‌സിങ് എന്നയാളില്‍ നിന്നു ഷാജഹാന്‍ വാങ്ങിയതു സംബന്ധിച്ച കത്തിടപാടുകള്‍ പുരാവസ്തു ശേഖരത്തില്‍ ഇരിക്കേയാണ് ഈ വിവാദനീക്കങ്ങള്‍.
ഷാജഹാന്‍ ചക്രവര്‍ത്തിയെ മാത്രമല്ല, സെക്യുലറിസ്റ്റുകള്‍ തികഞ്ഞ മതേതരവാദിയായി വിശേഷിപ്പിച്ച മഹാനായ അക്ബറിനെപ്പോലും ശരിയായ കണ്ണടയിലൂടെ കാണാന്‍ നമുക്കു മടിയായിത്തുടങ്ങിയിരിക്കുന്നു. അമ്പതുവര്‍ഷത്തോളം ഇന്ത്യക്കു സുസ്ഥിരഭരണം കാഴ്ചവച്ച അക്ബര്‍ ചക്രവര്‍ത്തിയുടെ പേര് അജ്മീറിലെ അക്ബര്‍ കോട്ടയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത് ഇതിന്റെ സൂചനയാണ്. ഡല്‍ഹിയിലെ പ്രസിദ്ധമായ അക്ബര്‍ റോഡിനു കഴിഞ്ഞ മേയ് മാസത്തില്‍ മഹാറാണ പ്രതാപ് റോഡ് എന്നു പുനര്‍നാമകരണം ചെയ്തതും ഓര്‍ക്കുക.
ഒന്നര നൂറ്റാണ്ടിലേറെയായി യശോധാവള്യം പരത്തിനില്‍ക്കുന്ന അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നു 'മുസ്‌ലിം' എന്നത് എടുത്തുകളയണമെന്ന നിര്‍ദേശവും ഈയിടെ പുറത്തുവന്നു.
സര്‍വകലാശാലയ്ക്കു മതേതരസ്വഭാവം നല്‍കാനുള്ള വഴിയെന്ന നിലയില്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ഓഡിറ്റ് പാനല്‍ നിര്‍ദേശപ്രകാരമാണത്രേ ഇത്. കേന്ദ്രസര്‍വകലാശാലയായി വര്‍ഷങ്ങള്‍ക്കു മുമ്പേ അംഗീകരിക്കപ്പെട്ടതും അഡ്മിഷനിലെന്ന പോലെ അധ്യാപകനിയമനത്തിലും തികച്ചും മതനിരപേക്ഷത നിലനിര്‍ത്തുന്നതുമായ സ്ഥാപനമാണ് എ.എം.യു എന്ന് അധികൃതര്‍ മറന്നുപോകുന്നു. യു.ജി.സി പാനല്‍ അവരുടെ പരിധിക്കുള്ളിലല്ലാത്ത കാര്യത്തിലാണു നീങ്ങിയിരിക്കുന്നതെന്നു യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ജാവേദ് അഖ്തര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഡല്‍ഹിയെ ദില്ലിയാക്കാന്‍ തീവ്രശ്രമമുണ്ടായെങ്കിലും ഇന്ത്യന്‍ തലസ്ഥാനം ഇന്നും ലോകമെങ്ങും അറിയപ്പെടുന്നതു ന്യൂഡല്‍ഹി എന്നുതന്നെയാണ്. ഏറെ ശ്രമങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ ബോംബെയെ മുംബൈ ആക്കിയത്. ദേവതയെ വലിയ അമ്മ എന്ന നിലയില്‍ മഹാ അംബ (മുംബ) ആയും മറാത്തി ഭാഷയിലെ അമ്മ എന്നര്‍ഥമുള്ള 'ആയി'യും ചേര്‍ത്തുകൊണ്ടായിരുന്നു ഈ നീക്കം.
കാളിഘട്ടിനെ ഓര്‍മിപ്പിക്കത്തക്ക നിലയില്‍ അറിയപ്പെട്ടിരുന്ന കല്‍ക്കട്ട ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമൊക്കെ ആയിരുന്നെങ്കിലും വെള്ളക്കാര്‍ വരും മുമ്പേ ബംഗാളിലുണ്ടായിരുന്ന കോളി കട്ടയെ അനുസ്മരിച്ചുകൊണ്ടു പേരുമാറ്റം കൊല്‍ക്കത്തയായി.
അപ്പോഴും ഹൈക്കോടതികളും സര്‍വകലാശാലകളും കല്‍ക്കട്ട, ബോംബെ, മദ്രാസ് എന്നീ പേരുകളില്‍ ഉറച്ചുനില്‍ക്കുന്നു. അഹമദാബാദിന്റെ പേരു കര്‍ണാവതി എന്നാക്കണമെന്നും മെഹബൂബാബാദിന്റെ പേരു മനുകോട്ട് എന്നായിരുന്നുവെന്നുമൊക്കെ പറഞ്ഞു ചരിത്രത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അതൊന്നും ഓര്‍ക്കുന്നില്ലെന്നതു നമ്മുടെ നിര്‍ഭാഗ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."