യുവാവിന്റെ കൊല; ഭാര്യാപിതാവ് റിമാന്‍ഡില്‍
കോഴിക്കോട്: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാപിതാവിനെ റിമാന്‍ഡ് ചെയ്തു.
തലശ്ശേരി ചിറക്കര ചന്ദ്രി വില്ലയില്‍ സന്ദീപ് കൊല്ലപ്പെട്ട കേസിലെ പ്രതിയും സന്ദീപിന്റെ ഭാര്യാ പിതാവുമായ കോഴിക്കോട് പന്തീരാങ്കാവിലെ തിരുമംഗലത്ത് വീട്ടില്‍ പ്രേമരാജനെ (57) ആണ് തലശ്ശേരി ജുഡിഷ്യല്‍ ഒന്നാംക്ലാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ ഒന്‍പതോടെ തലശ്ശേരി ചിറക്കരയിലെ കൂര്‍ഗ് റോഡില്‍ വച്ചാണ് പ്രതി സന്ദീപിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുടുംബപരമായ വഴക്കിനെ തുടര്‍ന്ന് കോഴിക്കോട്ട് നിന്നു സ്കൂട്ടറിലെത്തി പ്രേമരാജന്‍ സന്ദീപിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. പ്രേമരാജന്റെ മകള്‍ സിനുഷയുമായി സന്ദീപ് പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്തിരുന്നു. നാലുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.
വിവാഹശേഷം സിനുഷ സ്വന്തം വീട്ടില്‍ താമസിക്കാത്തതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതേ ചൊല്ലിയുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സന്ദീപിനെ കൊലപ്പെടുത്താന്‍ ഒരുമാസം മുന്‍പ് കത്തിവാങ്ങി വച്ചതായി പൊലിസിന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് തനിക്ക് ഒരു അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞ് പ്രതി പൊലിസ് സ്റ്റേഷനില്‍ പൊട്ടിക്കരയുകയായിരുന്നു.
കൊല്ലപ്പെട്ട സന്ദീപിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ കതിരൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."