ആദ്യ ഉംറ സംഘം ഇന്തോനേഷ്യയില്‍നിന്ന്; വിദേശികളടക്കമുള്ള മൂന്നാം ഘട്ടം ഉംറ ഇന്നു മുതൽ
ജിദ്ദ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ത്തിവെച്ച ഉംറയും സിയാറത്തും പടിപടിയായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള തീര്‍ഥാടകരുള്‍പ്പെടെ മൂന്നാം ഘട്ട ഉംറ തീര്‍ഥാടനത്തിന് ഇന്നു തുടക്കം കുറിക്കും. വിദേശ തീര്‍ഥാടകരായി ഇന്തോനേഷ്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് ആദ്യ അനുമതി ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയില്‍നിന്ന് ഉംറ തീര്ഥാടകരുമായുള്ള ആദ്യ വിമാനം ഇന്നുജിദ്ദയിലെത്തും. ദിനേന പതിനായിരത്തോളം ഉംറ തീര്‍ഥാടകര്‍ക്ക് വീതമാണ് അനുമതി നല്‍കുകയെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് അറിയിച്ചു.
മൂന്നാം ഘട്ടത്തില്‍ ദിനംപ്രതി ഇരുപതിനായിരം പേര്‍ക്ക് വീതമാണ് ഉംറക്ക് അനുമതി. ഇതില്‍ പകുതിയോളം പേര് സഊദിക്കകത്തുനിന്നും അവശേഷിക്കുന്നവര്‍ വിദേശത്തുനിന്നുമായിരിക്കും. വിദേശത്തുനിന്നുമെത്തുന്ന ഉംറ തീര്‍ഥാടകരുടെ സഊദിയിലെ താമസ കാലം പത്തു ദിവസമായിരിക്കും. ഇന്നു മുതല്‍ 20,000 ഉംറ തീര്‍ഥാടകര്‍ക്കു പുറമെ 60,000 പേര്‍ക്ക് ഹറമിലെ നമസ്കാരങ്ങളില്‍ പങ്കെടുക്കാനും അനുമതി നല്‍കും.
ഓരോ രാജ്യത്തിന്റെയും കൊറോണ വ്യാപന തോത്, രോഗമുക്തി നിരക്ക്, ബാധകമാക്കിയ മുന്‍കരുതല്‍ നടപടികള്‍, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയായിരിക്കും വിദേശ രാജ്യക്കാരായവര്‍ക്ക് ഉംറക്ക് അനുമതി നല്‍കുക. ഇതു കണക്കിലെടുത്ത് ഇന്തോനേഷ്യയില്‍നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്കാണ് ഏഴു മാസത്തെ ഇടവേളക്കു ശേഷം ആദ്യമായെത്തുന്ന വിദേശ തീര്‍ഥാടകരായി അനുമതി ലഭിച്ചത്. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ മക്കയിലെ ഹോട്ടലുകളില്‍ ആദ്യ മൂന്നു ദിവസം ഐസൊലേഷനില്‍ കഴിയണം. അതിനു ശേഷം കൊവിഡ് ടെസ്റ്റിനു വിധേയമായി നെഗറ്റീവ് ആണെങ്കില്‍ മാത്രമാണ് ഉംറക്ക് അനുമതി നല്‍കുക. ഹോട്ടലുകളുടെ പത്തു ശതമാനം ഐസൊലേഷനു വേണ്ടി പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ ഒരേ സമയം 3,300 പേര്‍ക്കു വീതമായിരിക്കും ഉംറക്ക് ഒരേ സമയം അനുമതി നല്‍കുക. ഇതില്‍ പകുതിയോളം പേര് വിദേശ തീര്‍ഥാടകരായിരിക്കും.
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഏഴു മാസത്തോളം നിര്‍ത്തിവെച്ചിരുന്ന ഉംറ പുനരാരംഭിച്ചത് ഒക്ടോവര്‍ നാലിനാണ്. ആദ്യഘട്ടത്തില്‍ ആറായിരം പേര്‍ക്കു വീതവും 18ന് തുടങ്ങിയ രണ്ടാം ഘട്ടത്തില്‍ 15,000 പേര്‍ക്കുമാണ് ദിനേന ഉംറക്ക് അനുമതി നല്‍കിയിരുന്നത്. കൊറോണ വൈറസ് മുക്തരാണെന്ന് തെളിയിക്കുന്ന 72 മണിക്കൂറിനുള്ളിലായെടുത്ത പി.സി.ആര് പരിശോധന ടെസ്റ്റുമായാണ് വിദേശത്തുനിന്നുള്ള ഉംറ തീര്‍ഥാടകര്‍ എത്തേണ്ടത്. ഭക്ഷണം ഉള്‍പ്പെടെ മൂന്നു ദിവസത്തെ ഐസൊലേഷന്‍ അടക്കമുള്ള താമസം, വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്കും തിരിച്ചും യാത്രാസൗകര്യം, ഇന്‍ഷുറന്‍സ്, താമസസ്ഥലത്തു നിന്ന് ഹറമിലേക്കും മീഖാത്തിലേക്കുമുള്ള ഗതാഗത സൗകര്യം, ഓരോ ഗ്രൂപ്പിനും ഒരു ഗൈഡ് എന്നീ സേവനങ്ങള്‍ തീര്‍ഥാടകര്‍ക്കുള്ള പാക്കേജില്‍ ഏജന്‍സികള്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."